പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ വിവരം ജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം
കൊച്ചി:
സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചുള്ള വിവരം പൊതുജനങ്ങൾക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബർ 14ന് മുൻപ് വിവരങ്ങൾ അറിയിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച് റിപ്പോർട്ടിന്മേലാണ് നിർദേശം.
കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷ വിമർശനമുന്നയിച്ചത്. ഒരു മഴക്കാലത്തെ അതിജീവിക്കാൻ കഴിയുംവിധം റോഡ് ടാർചെയ്യാൻ കഴിയാത്ത എൻജിനിയർമാർ രാജിവെച്ച് പോകണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ കോടതി വിശദീകരണം തേടി. ഹർജി ഡിസംബർ 14ന് പരിഗണിക്കാനായി മാറ്റിവെച്ചു. ഈ തീയതിക്കുള്ളിൽ പൊതുജനങ്ങൾക്കും അഭിഭാഷകർക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം.
ആറുമാസം നന്നായിക്കിടക്കും ആറുമാസം തകർന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി എന്നായിരുന്നു കഴിഞ്ഞദിവസം കോടതി പരാമർശിച്ചത്. ഓരോ റോഡിനും എൻജിനിയർമാരുടെ മേൽനോട്ടം വേണമെന്ന് നിർദേശിച്ചിരുന്നതാണ്. ഫലമില്ലെന്നതാണ് അവസ്ഥ. അഞ്ചുവർഷം നിലനിൽക്കുന്ന രീതിയിൽ റോഡ് നിർമിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചിരുന്നു.