About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2021 | നവംബർ 14 | 1197 തുലാം 29 | ആഖിർ 9| ഞായർ | പൂരോരുട്ടാതി

🔳അന്തരീക്ഷ മലിനീകരണം രൂക്ഷമായ ദില്ലിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍. സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി. ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതാണെന്ന സുപ്രീംകോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ചുവരികയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു. ദില്ലിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തിന് പിന്നാലെയാണ് ദില്ലിയില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ദില്ലിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്.

🔳മുല്ലപ്പെരിയാര്‍ വിഷയം ഒറ്റത്തവണ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ലെന്ന് സുപ്രീം കോടതി. ഇത് ഒരു തുടര്‍ച്ചയുള്ള വിഷയമാണ്. വിഷയം കൈകാര്യം ചെയ്യുന്നത് സാഹചര്യം രൂപപെടുന്നതിനനുസരിച്ചായിരിക്കുമെന്നും പുതിയ വസ്തുതകള്‍ വരുമ്പോള്‍ അതുകൂടി പരിഗണിച്ചായിരിക്കും മുന്നോട്ടുപോകുകയെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണം എന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച് കോടതി കേസ് മാറ്റി. കേസ് നവംബര്‍ 22ന് വീണ്ടും പരിഗണിക്കും.

🔳ഐ.എസ് പോലെ ഭീകരവാദമാണ് ഹിന്ദുത്വയെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങളുടെ പിന്തുണ കിട്ടില്ലെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. രാഹുല്‍ ഗാന്ധി ഇതിനെ പിന്തുണച്ചത് പക്വതയില്ലാത്തുകൊണ്ടാണെന്നും സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദത്തിന് ജിഹാദികളുടെ പിന്തുണ മാത്രമേ കിട്ടുകയുള്ളൂവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുക്കളുടെ ഹൃദയ വിശാലതകൊണ്ട്  മാത്രമാണ് മതസ്വാതന്ത്ര്യം പകര്‍ന്ന് കിട്ടിയതെന്നു പറഞ്ഞ അബദുള്ളക്കുട്ടി തീവ്രവാദികളുമായി ഹിന്ദുത്വത്തെ സാമ്യപ്പെടുത്തുന്നത് ഖുര്‍ഷിദിന്റെ ബുദ്ധിക്ക് തകരാറുള്ളതുകൊണ്ട് മാത്രമാണെന്നും വിമര്‍ശിച്ചു.

🔳കോഴിക്കോട് കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും  പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. കോഴിക്കോട് കസബ പൊലീസാണ് കേസ് എടുത്തത്. മുന്‍ ഡിസിസി അധ്യക്ഷന്‍ യു.രാജീവന്‍ അടക്കം ഇരുപത് പേരെ പ്രതിയാക്കിയാണ് കേസെടുത്തത്.

🔳കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

🔳കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയ നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. മരട് പൊലീസാണ് നടനെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ജോജു 500 രൂപ പിഴയും ഒടുക്കണം.

🔳വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടതിനെതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലീം ലീഗ്. വഖഫ് ബോര്‍ഡ് നിയമനവിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയ മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം വിഷയം ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 22-ന് വിവിധ മുസ്ലീംസംഘടനകളുടെ നേതൃയോഗം കോഴിക്കോട് വച്ചു ചേരുമെന്നും അറിയിച്ചു. മുസ്ലീം സമുദായത്തിന്റെ കൂടി വോട്ടു വാങ്ങി അധികാരത്തിലേറിയ ശേഷമാണ് മുസ്ലീം വിരോധം സര്‍ക്കാര്‍ കാണിക്കുന്നതെന്നും വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍,പതിനായിരം തസ്തികയുള്ള ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നില്ലെന്നും ഇത് ഇരട്ടത്താപ്പാണെന്നും പിഎംഎ സലാം ആരോപിച്ചു.

🔳കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണത്തിന് 60 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. 24 കോടി രൂപ കെഎസ്ആര്‍ടിസിയുടെ ഫണ്ടില്‍ നിന്ന് കൂടി ചേര്‍ത്ത് 84 കോടി രൂപ ശമ്പളമായി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്ന് എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. നവംബര്‍ മാസം പകുതി ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഈ മാസത്തെ ശമ്പളം കിട്ടിയിരുന്നില്ല. അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശമ്പള വിതരണത്തിന് തുക അനുവദിച്ചിരിക്കുന്നത്.

🔳ജെ.സി.ബി സാഹിത്യ പുരസ്‌കാരം എം.മുകുന്ദന്. ഡല്‍ഹി ഗാഥകള്‍ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'ഡല്‍ഹി: എ സോളിലോക്വി' എന്ന കൃതിക്കാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. സാഹിത്യസൃഷ്ടികള്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

🔳സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ടിന് സമാനമായ മുന്നൊരുക്കങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ഐഎംഡിക്ക് പുറമെ മറ്റ് കാലാവസ്ഥാ ഏജന്‍സികളുടെ കൂടെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്താണ് നിര്‍ദേശം.

🔳മഹാരാഷ്ട്രയിലെ കച്ചറോളിയില്‍ ഏറ്റുമുട്ടലില്‍  26 നക്‌സലുകളെ വധിച്ചു. മഹാരാഷ്ട്ര പൊലീസിലെ നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഏറ്റുമുട്ടല്‍ നടത്തിയത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് ഗച്ച്‌റോളി എസ് പി പറഞ്ഞു. ധനോറയിലെ ഗ്യാരഹ്ബട്ടി വനത്തിലാണ് നക്‌സലുകളും സേനയും ഏറ്റുമുട്ടല്‍ നടത്തിയത്. തിരച്ചിലിനിടെ നക്‌സലുകള്‍ പൊലീസിന് നേരെ വെടിവെക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ആദ്യം നാല് പേര്‍ മരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഏറ്റുമുട്ടല്‍ അവസാനിച്ചപ്പോള്‍ 26 പേര്‍ കൊല്ലപ്പെട്ടെന്ന് അധികൃതര്‍ പറഞ്ഞു.

🔳സമാജ് വാദി പാര്‍ട്ടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് അമിത് ഷാ. ഉത്തര്‍പ്രദേശില്‍ നടന്ന പൊതുയോഗത്തിലാണ് അമിത് ഷായുടെ വിമര്‍ശനം. ബിജെപി ജന്‍ധന്‍, ആധാര്‍, മൊബൈല്‍ എന്നിവക്കൊപ്പം നില്‍ക്കുമ്പോള്‍ സമാജ് വാദി ജിന്ന, അസം ഖാന്‍, മുഖ്താര്‍ അന്‍സാരി എന്നിവരോടൊപ്പമാണെന്ന് അമിത് ഷാ പറഞ്ഞു. പാകിസ്ഥാന്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയെ അഖിലേഷ് യാദവ് പുകഴ്ത്തുകയാണെന്നും തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായി ജിന്നയെ മഹദ് വ്യക്തിയായി അഖിലേഷ് കാണുകയാണെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിം പ്രീണനത്തിനായി അഖിലേഷ് മതം മാറിയേക്കുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപും ആരോപിച്ചു.

🔳ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ രൂക്ഷ വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിന് വേണ്ടത് യോഗ്യതയുള്ള സര്‍ക്കാരിനേയാണ്, അല്ലാതെ യോഗി സര്‍ക്കാരിനെ അല്ലെന്നും അഖിലേഷ് യാദവ് പരിഹസിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അറിയില്ല. ഒരു മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹത്തിന് ഉപയോഗിക്കാന്‍ അറിയില്ലെന്നാണ് താന്‍ കേട്ടറിഞ്ഞതെന്നും അഖിലേഷ് വ്യക്തമാക്കി. നാടിന്റെ വികസനമല്ല മറിച്ച് നാശത്തിന്റെ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

🔳ഉത്തര്‍പ്രദേശ് നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസംഗഢില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. 'അസംഗഢില്‍ സര്‍വകലാശാലക്ക് ശിലയിട്ടുവെന്നും അസംഗഢ് ആര്യംഗഢാക്കി മാറ്റുമെന്നും അക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്രമന്ത്രി. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് വേണ്ടി ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. പശുക്കളെ പരിപാലിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പിന്തുണ നല്‍കുമെന്നും അത്തരത്തിലുള്ളവര്‍ക്ക് സഹായകമായി പശുക്കളെ താമസിപ്പിക്കാന്‍ ഹോസ്റ്റല്‍ നിര്‍മ്മിക്കണമെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

🔳രാജ്യത്തെ ഞെട്ടിച്ച് മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിലാണ് അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും മറ്റു നാല് ജവാന്‍മാരും അടക്കം ഏഴ്  പേര്‍ കൊല്ലപ്പെട്ടത്. ഭീകരരുടെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞു.

🔳മണിപ്പൂരില്‍  അസം റൈഫിള്‍സിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംഘടനകള്‍. മണിപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാ ഫ്രണ്ടുമാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. സംയുക്ത പ്രസ്താവനയിലൂടെയായിരുന്നു ഇരുവരും ഉത്തരവാദിത്തം ഏറ്റെടുത്തത്. 

🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പുതിയ സീസണില്‍ ജെസല്‍ കാര്‍നെയ്റോ നയിക്കും. ഇക്കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ മൂന്നു ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കാര്‍നെയ്റോ.

🔳ടി20 ലോകകപ്പിലെ വിജയിയെ ഇന്നറിയാം. ഫൈനലില്‍ ഓസ്ട്രേലിയയെ ന്യൂസിലന്‍ഡ് നേരിടും. രാത്രി 7:30ന് ദുബായിലാണ് മത്സരം. അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റില്‍ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. 2015 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോല്‍വിക്ക് ഓസ്ട്രേലിയയോട് പകരം ചോദിക്കാനുള്ള അവസരമാണ് ന്യൂസിലന്‍ഡിന് ദുബായില്‍ വന്നിരിക്കുന്നത്.

🔳ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ ഉള്‍പ്പെടെ രാഷ്ട്രീയ, കായിക മേഖലയിലെ ഉന്നതര്‍ക്കെതിരേ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹാര്‍ദികിന് പുറമേ മുന്‍ ഇന്ത്യന്‍ താരം മുനാഫ് പട്ടേല്‍, കോണ്‍ഗ്രസ് നേതാവും ബിസിസിഐയുടെ മുന്‍ ചെയര്‍മാനുമായ രാജീവ് ശുക്ല എന്നിവര്‍ പീഡിപ്പിച്ചുവെന്നാണ് ഭാട്ടിയുടെ ഭാര്യ റെഹ്നുമ ഭാട്ടി മുംബൈ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

🔳24 വര്‍ഷങ്ങള്‍ക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു. ആദ്യ വനിതാ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. 2022 ജൂലൈ 29-നാണ് മത്സരം.

🔳ആഗോളതലത്തില്‍ ഇന്നലെ 4,10,501 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,043 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,351 പേര്‍ക്കും റഷ്യയില്‍ 39,256 പേര്‍ക്കും തുര്‍ക്കിയില്‍ 22,583 പേര്‍ക്കും ജര്‍മനിയില്‍ 35,276 പേര്‍ക്കും ഉക്രെയിനില്‍ 23,572 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 25.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.91 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,772 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 472 പേരും റഷ്യയില്‍ 1,241 പേരും   ഉക്രെയിനില്‍ 695 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 51.10 ലക്ഷമായി.