ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ
ബാലുശ്ശേരി:
ഭിന്നശേഷിയുള്ള 52 കാരിയെയും ഏഴു വയസ്സുള്ള പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ.
കോഴിക്കോട് തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ മുഹമ്മദിനെ( 46 ) ആണ് ബാലുശ്ശേരി പോലീസ് പിടികൂടിയത്.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. മൊബൈൽ ഫോൺ ഉപയോഗിക്കാതെ മുഹമ്മദ് പലയിടങ്ങളിലായി കഴിഞ്ഞു വരുകയായിരുന്നു. ഇയാൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരെല്ലാം നിരീക്ഷണത്തിലായിരുന്നു. അങ്ങനെ ട്രെയിനിൽ സ്ഥലം വിടാൻ സാധ്യതയുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രണ്ട് ദിവസത്തോളമായി പോലീസ് റെയിൽവേ സ്റ്റേഷനിലും നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഭിന്നശേഷിക്കാരിയും പെൺകുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടിലുള്ളവർ തൊഴിലുറപ്പിന് പോയതായിരുന്നു. വീട്ടിലെത്തിയ പ്രതി ഏഴു വയസ്സുള്ള പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിച്ചതായാണ് കുട്ടി പോലീസിനോട് പറഞ്ഞത്. കുട്ടി കുതറി ഓടിയപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെയും പ്രതി ലൈംഗിക പീഡനത്തിനിരയാക്കി. പെൺകുട്ടി തൊഴിലുറപ്പ് ജോലിയുള്ള സ്ഥലത്ത് പോയി വിവരം അറിയിക്കുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്നും ജൂപ്പിറ്റർ സ്കൂട്ടിയിൽ രക്ഷപ്പെട്ട പ്രതിയ്ക്കായി ബാലുശ്ശേരി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.