About

News Now

തിങ്കളാഴ്ച വരെ മഴ; 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

 

തിരുവനന്തപുരം

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ  തുടരും. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്‌ നൽകുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കരയിലേയ്ക്ക് പ്രവേശിച്ച തീവ്രന്യൂനമര്‍ദ്ദം ഇന്ന് ശക്തി കുറഞ്ഞേക്കും. എന്നാല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നും മുന്നറിയിപ്പുണ്ട്.

അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും ഇന്നലെ മുന്നറിയിപ്പുണ്ടായിരുന്നു. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെയുള്ള മഴ ലഭിച്ചേക്കുമെന്നാണ് അനുമാനം.

യെല്ലോ അലർട്ടുള്ള ജില്ലകൾ:

12/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

13/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം.