ചായക്കടയിൽ നിന്നും ലോക സഞ്ചാരത്തിന് ഇനി വിജയൻ ഉണ്ടാകില്ല
കൊച്ചി:
ചായക്കട വരുമാനം കൊണ്ട് ലോക സഞ്ചാരം നടത്തി ശ്രദ്ധേയനായ വിജയൻ (71) ഓർമ്മയായി. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം വിജയന്‍ 26 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യന്‍ സന്ദര്‍ശനത്തിന് മുന്‍പായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടല്‍ സന്ദര്‍ശിച്ചിരുന്നു.
മന്ത്രി മുഹമ്മദ് റിയാസിനെ ഫെയ്സ് ബുക്കിലിട്ട കുറിപ്പ്:
ചായക്കട നടത്തി ലോകം മുഴുവൻ സഞ്ചരിച്ച വിജയേട്ടൻ അന്തരിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടത്. ഇനിയും ഒരുപാട് സ്വപ്നങ്ങൾ ഈ സഞ്ചാരി മനസ്സിൽ സൂക്ഷിച്ചിരുന്നു.
സെപ്റ്റംബർ 30 ന് എറണാകുളം ഗാന്ധി നഗറിലെ ചായക്കട സന്ദർശിച്ചപ്പോൾ അദ്ദേഹത്തോട് ഏറെ നേരം സംസാരിച്ചിരുന്നു. ചായക്കട നടത്തി കിട്ടുന്ന വരുമാനം കൊണ്ട് 25 ലോക രാജ്യങ്ങൾ സഞ്ചരിച്ച വിജയേട്ടനും മോഹനാമ്മയും റഷ്യയിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു അപ്പൊൾ. മധുരമേറിയ യാത്രാനുഭവങ്ങളും രുചികരമായ ഭക്ഷണവും നൽകിയാണ് അവർ സ്വീകരിച്ചത്. ഒട്ടേറെ യാത്രാനുഭവങ്ങൾ പങ്കുവെച്ചു. കേരള ടൂറിസത്തിൽ നടപ്പിലാക്കേണ്ട ആശയങ്ങൾ ചർച്ച ചെയ്തു. റഷ്യൻ യാത്ര കഴിഞ്ഞ് വീണ്ടും കാണാമെന്നും ടൂറിസം രംഗത്തെ സംബന്ധിച്ച് കുറെയേറെ സംസാരിക്കാമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്.
പക്ഷേ..
പ്രിയപ്പെട്ട വിജയേട്ടന്
ആദരാഞ്ജലികൾ..