വേങ്ങരയിലെ വീട്ടില്‍ നിന്നും.49പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷത്തോളം രൂപയും കവര്‍ന്നു.
മലപ്പുറം:
വേങ്ങരയിൽ അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. 49പവന്‍ സ്വര്‍ണ്ണവും ഒന്നര ലക്ഷത്തോളം രൂപയും കവര്‍ന്നു. ഊരകം മമ്പീതി വള്ളിക്കാടന്‍ സൈനുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വീട്ടുകാര്‍ വീട് പൂട്ടി കാരാത്തോട്ടെ ബന്ധുവീട്ടില്‍ പോയ സമയത്താണ് കവർച്ച നടന്നത്. രാത്രി എട്ട് മണിക്ക് ശേഷമാണ് സംഭവം. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍ പെട്ടത്.
വീടിന്റെ സിറ്റൗട്ടിലെ പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്തു കയറിയത്. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങളും ഒരു ലക്ഷത്തി നാല്പതിനായിരം രൂപയുമാണ് മോഷണം പോയത്. എന്നാല്‍ ലാപ്‌ടോപ് ഉള്‍പ്പെടെയുള്ള വസ്‌തുക്കള്‍ മോഷണം പോയിട്ടില്ല. വീടിന്റെ മുകള്‍ നിലയിലേക്ക് മോഷ്ടാവ് അകത്തു കയറിയിട്ടില്ലെന്നാണ് കരുതുന്നത്. മലപ്പുറത്ത് നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പോലീസ് അന്വേഷണം തുടങ്ങി.