കേരളത്തിൽ മഴ സാധ്യത: 9 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം:
കേരളത്തിൽ വ്യാപകമായി ഇടിമിന്നലാട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദം ഇന്ന് വൈകുന്നേരത്തോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
രാവിലെയോടെ തമിഴ്നാടിന്‍റെ വടക്കൻ തീരത്ത് എത്തുന്ന തീവ്ര ന്യൂനമർദ്ദം വൈകുന്നേരത്തോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കൊട്ടെക്കും ഇടയിൽ പുതുച്ചേരിക്ക് വടക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. കരയിൽ പ്രവേശിക്കുമ്പോൾ കാറ്റിന് 40 മുതൽ 55 കിമി വരെ വേഗതയുണ്ടാകും. പരമാവധി വേഗം 65 കിമി വരെയാകാമെന്നും പ്രവചിക്കപ്പെടുന്നു. തീരദേശ തമിഴ്നാട് ആന്ധ്രാ തീരങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.