ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2021 | ഡിസംബർ 2| 1197 വൃശ്ചികം 17 | ആഖിർ 27| വ്യാഴം | ചോതി
🔳കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ യുഎഇയിലും സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സ്ത്രീയ്ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേഷനിലേക്ക് മാറ്റി.
🔳വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാര്‍ഷികനിയമങ്ങളും പിന്‍വലിക്കാനുള്ള ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചര്‍ച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളും മിനിറ്റുകള്‍ക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറാണ്. ഒരു വര്‍ഷത്തിലധികം നീണ്ട ഐതിഹാസികമായ കര്‍ഷകസമരത്തെത്തുടര്‍ന്ന് കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
🔳സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍. നേതൃത്വത്തെ ബന്ധപ്പെടാതെ കേന്ദ്രം ഒരോ സംഘടനകളുമായി ആശയവിനിമയം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം. അതേസമയം, സമരത്തിനിടെ മരിച്ച കര്‍ഷകരെ കുറിച്ച് വിവരങ്ങളില്ലെന്ന കേന്ദ്രനിലപാടില്‍ കിസാന്‍ മോര്‍ച്ച പ്രതിഷേധം അറിയിച്ചു. അതിര്‍ത്തികളിലെ സമരത്തില്‍ തീരുമാനമെടുക്കാന്‍ കിസാന്‍ മോര്‍ച്ച ശനിയാഴ്ച്ച യോഗം ചേരും.
🔳കര്‍ഷക സമരത്തിനിടെ മരണപ്പെട്ട കര്‍ഷകരുടെ രേഖകള്‍ കൈവശമില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദം രാജ്യത്തെ കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ 700ലേറെ കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. എന്നിട്ടും കര്‍ഷകരുടെ മരണം സംബന്ധിച്ച യാതൊരു രേഖകളുമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് ഏങ്ങനെ പറയാന്‍ സാധിക്കുന്നുവെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു.
🔳പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്നലെ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സയുടെ ബി.ജെ.പി. പ്രവേശനം.
🔳ഈ മാസം 15 മുതല്‍ വിദേശ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. കോവിഡ് 19ന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം.
🔳പെട്രോളിയം ഉത്പന്നങ്ങള്‍ ഇപ്പോള്‍ ജിഎസ്ടി പരിധിയിലാക്കാനാകില്ലെന്ന് ജി എസ് ടി കൗണ്‍സില്‍. കേരള ഹൈക്കോടതിയിലുളള ഹര്‍ജിയിലാണ് ജി എസ് ടി കൗണ്‍സില്‍ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് കാലമെന്നതടക്കമുള്ള മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ഇപ്പോള്‍ ജിഎസ്ടി പരിധിയിലാക്കാനാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ ഇപ്പോള്‍ പ്രധാന വരുമാന മാര്‍ഗം ആണെന്നതാണ് ഒരു കാരണമായി കൗണ്‍സില്‍ പറഞ്ഞത്. ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ പഠനങ്ങളുടെയും, ആലോചനകളുടെയും ആവശ്യം ഉണ്ടെന്ന് മറ്റൊരു കാരണമായി കൗണ്‍സില്‍ ചൂണ്ടികാട്ടി. എന്നാല്‍ കൗണ്‍സിലിന്റെ മറുപടിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. എന്ത് കൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ ജി എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ പറ്റില്ല എന്നുള്ളതിന് കൃത്യമായ മറുപടി പറയാന്‍ ഹൈക്കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു
🔳എന്‍സിപി നേതാവ് ശരദ് പവാറിനെ സന്ദര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പുതിയ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് മമത സംസാരിച്ചു. നിലവിലെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പ്രതിഷേധിക്കാന്‍ ആരുമില്ലെന്നും യുപിഎ നിലവിലില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി. ശരദ് പവാര്‍ രാജ്യത്തെ മുതിര്‍ന്ന നേതാവാണെന്നും രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച നടത്താനാണ് താന്‍ മുംബൈയിലെത്തിയതെന്നും മമത പറഞ്ഞു. ശരദ് പവാര്‍ പറയുന്നതെന്തും താന്‍ അനുസരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം സംഘടിപ്പിക്കാനാണ് മമതയുടെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കാനില്ലെന്ന സൂചനയും അവര്‍ നല്‍കിയിരുന്നു.
🔳പന്ത്രണ്ട് പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടുള്ള ബഹളത്തില്‍ രാജ്യസഭ നടപടികള്‍ ഇന്നലെയും സ്തംഭിച്ചു. ഖേദം പ്രകടിപ്പിച്ചാല്‍ തിരിച്ചെടുക്കാം എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രതിപക്ഷം തള്ളി. ഇതോടെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സസ്പെന്‍ഷനിലായ എംപിമാര്‍ ധര്‍ണ്ണ തുടങ്ങി. പന്ത്രണ്ട് എംപിമാരുടെ സസ്പെന്‍ഷനെ ചൊല്ലിയുള്ള ഏറ്റുമുട്ടല്‍ രാജ്യസഭയില്‍ ഇന്നലെയും തുടരുകയാണ്.
🔳ശബരി റെയില്‍ പദ്ധതി അനന്തമായി നീളുന്നതില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ്. പാര്‍ലമെന്റില്‍ ശബരി റെയില്‍ പദ്ധതി സംബന്ധിച്ചുയര്‍ന്ന ചോദ്യത്തിലാണ് കേന്ദ്രമന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്. പദ്ധതി അനിശ്ചിതമായി നീളുന്നത് കേരളത്തിന്റെ താല്‍പര്യ കുറവ് മൂലമാണെന്നായിരുന്നു അടൂര്‍ പ്രകാശ് എംപിയുടെ ചോദ്യത്തിന് അശ്വിനി വൈഷ്ണവ് മറുപടി നല്‍കിയത്. 116 കിലോമീറ്റര്‍ പദ്ധതിയില്‍ എഴുപത് കിലോമീറ്ററിന്റെ എസ്റ്റിമേറ്റ് മാത്രമേ കേരള റയില്‍ ഡവലപ്മെന്റ് കേര്‍പ്പറേഷന്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടൂള്ളൂവെന്നും റയില്‍വേമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് കിട്ടിയ ശേഷമേ ശബരി റെയില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.
🔳പെരിയ ഇരട്ടക്കൊല കേസില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് സി.പി.എം. പ്രവര്‍ത്തകരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറി രാജു, സുരേന്ദ്രന്‍, ശാസ്താ മധു, ഹരിപ്രസാദ്, റെജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. സി.ബി.ഐ ഡിവൈ.എസ്.പി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വ്യാഴാഴ്ച എറണാകുളം സി.ജെ.എം. കോടതിയില്‍ ഹാജരാക്കും.
🔳പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഎമ്മും സര്‍ക്കാരും ഭയപ്പട്ടതാണ് ഇപ്പോള്‍ സംഭവിച്ചത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. സിപിഎം നേതൃത്വത്തിന്റെ അറിവോടെ നടത്തിയ കൊലപാതകമെന്ന് കോണ്‍ഗ്രസും യുഡിഎഫും പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും ഏതറ്റം വരേയും പോകുമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
🔳വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് പള്ളികള്‍ കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന് എതിരെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ്. ലീഗിന്റെ ഈ നീക്കം അത്യന്തം അപകടകരമാണെന്നും, പള്ളികള്‍ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ലീഗിന്റെ ലക്ഷ്യം വര്‍ഗീയചേരിതിരിവിനാണ്. മതധ്രുവീകരണത്തിനും വര്‍ഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താന്‍ ഇത് ഊര്‍ജം നല്‍കുമെന്നും സിപിഎം പറയുന്നു. ലീഗ് നടപ്പാക്കുന്നത് സംഘപരിവാറിന്റെ ഉത്തരേന്ത്യന്‍ മാതൃകയാണെന്നും സിപിഎം ആരോപിക്കുന്നു.
🔳മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച സര്‍ക്കാരിനും മറ്റുമെതിരെ രാഷ്ട്രീയ പ്രചാരണം നടത്താന്‍ ആഹ്വാനം നല്‍കിയ മുസ്ലിം ലീഗ് നേതാക്കള്‍ക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് രംഗത്ത്. ഇത്തരം ആഹ്വാനം നല്‍കിയ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാമടക്കമുളളവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീര്‍ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നല്‍കി. പള്ളികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ വര്‍ഗീയ പ്രകോപന പ്രചരണം നടത്തിയാല്‍ നാഷണല്‍ യൂത്ത് ലീഗ് വിശ്വാസികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
🔳വകുപ്പ് മേധാവി വഴിയല്ലാതെ പൊതുമരാമത്ത് മന്ത്രിയെ സമീപിക്കരുതെന്ന വിവാദ ഉത്തരവ് റദ്ദാക്കി. എന്‍ജിനീയര്‍മാരുടെ ആത്മവിശ്വാസം തകര്‍ക്കുന്ന ഉത്തരവായതിനാലാണ് റദ്ദാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. 2017ല്‍ സമാനമായ ഉത്തരവുണ്ട്. ട്രാന്‍സ്ഫര്‍ അപേക്ഷ പോലുള്ള കാര്യങ്ങള്‍ വകുപ്പു മേധാവി വഴിയേ പാടുള്ളു. എന്നാല്‍ ഇതോടൊപ്പം ചില കാര്യങ്ങള്‍ പുതിയ ഉത്തരവില്‍ കൂട്ടി ചേര്‍ത്തു. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കും. പിഡബ്ല്യുഡി അഡ്മിനിസ്ട്രേറ്റീവ് ചീഫ് എന്‍ജിനീയറോട് ഇക്കാര്യത്തില്‍ വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു.
🔳ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ ക്രൈം വാരിക പത്രാധിപര്‍ നന്ദകുമാറിനെ അറസ്റ്റു ചെയ്തു. എറണാകുളം സൈബര്‍ പൊലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. യു ട്യൂബ്, ഫേസ്ബുക്ക് എന്നിവയടക്കമുളള സാമൂഹ്യമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നാരോപിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊലീസില്‍ പരാതിപ്പെട്ടത്.
🔳കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഒമ്പത് കേസുകള്‍ എടുക്കുമെന്ന് പൊലീസ്. ലഹരിമരുന്ന് ഉപയോഗിച്ചതിനാണ് കേസെടുക്കുക. വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. തൃക്കാക്കര, ഇന്‍ഫോ പാര്‍ക്, മരട്, പനങ്ങാട്, ഫോര്‍ട്ടുകൊച്ചി, ഇടുക്കി വെള്ളത്തൂവല്‍ സ്റ്റേഷനുകളിലാകും കേസെടുക്കുക. സൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലാണ് ലഹരി പാര്‍ട്ടികളെപ്പറ്റി വിവരം കിട്ടിയത്. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് കിട്ടിയ ചിത്രങ്ങളും വീഡിയോകളും അടിസ്ഥാനമാക്കിയാണ് കേസെടുക്കുന്നത്. കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസില്‍ വനം വകുപ്പും സൈജുവിനെതിരെ കേസെടുത്തേക്കും.
🔳തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്ന ദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. യുവതിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനാണ് കേസിലെ 11-ാം പ്രതി സജി എലിമണ്ണിലിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. 12 പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ഇവര്‍ക്കെതിരെ ഐടി നിയമത്തിലെ 67 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ ആളുകളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന.
🔳മീ ടൂ ആരോപണക്കേസില്‍ നടന്‍ അര്‍ജുന്‍ സര്‍ജയ്ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി പൊലീസ് അറിയിച്ചു. തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായ നടിയാണ് അര്‍ജുനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയത്.
🔳കര്‍ണാടകയില്‍ ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് ആസൂത്രണം നടത്തുന്നതിന്റെ വീഡിയോ പുറത്ത്. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി.
🔳സംഘപരിവാര്‍ ഭീഷണിയെത്തുടര്‍ന്ന് ബെംഗളുരു നഗരത്തില്‍ താന്‍ നടത്താനിരുന്ന 20 ഷോകള്‍ റദ്ദാക്കപ്പെട്ടുവെന്ന് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര. താന്‍ പരിപാടി നടത്തിയാല്‍ അത് നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകള്‍ക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളില്‍പ്പോലും ആകെ 45 പേര്‍ക്ക് ഇരിക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ചതായും കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.
🔳മുംബൈ മയക്കുമരുന്ന് കേസില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെ ബി.ജെ.പി വേട്ടയാടിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരന്‍മാരുടെ പാര്‍ട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. മാനവശേഷിയാണ് ഇന്ത്യ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും മസില്‍പവറല്ലെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ ക്രൂരമായ ഭരണത്തിനെതിരേ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയം സുനിശ്ചിതമാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
🔳വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി സ്മാര്‍ട്ട് ഫോണും ടാബ്ലറ്റുകളും വിതരണം ചെയ്യാന്‍ യുപി സര്‍ക്കാര്‍. ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ച പദ്ധതി ഡിസംബര്‍ പകുതിയോടെ ആരംഭിക്കും. സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനാണ് പദ്ധതി നടപ്പാക്കുന്നത്. 4700 കോടി രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണുകളും ടാബുകളും വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, പാരാമെഡിക്കല്‍, നഴ്‌സിങ്, മറ്റ് നൈപുണ്യ വികസന വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യമായി ഫോണും ടാബും നല്‍കുക.
🔳ഐഎസ്എല്ലില്‍ പരാജയമറിയാതെ കുതിച്ച എ ടി കെ മോഹന്‍ ബഗാന്റെ വമ്പൊടിച്ച് വമ്പന്‍ ജയവുമായി നിലവിലെ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് എടികെയെ മുംബൈ മുക്കിക്കളഞ്ഞത്. മൂന്ന് മത്സരങ്ങളില്‍ എടികെയുടെ ആദ്യ തോല്‍വിയാണിത്. മൂന്ന് കളികളില്‍ രണ്ടാം ജയവുമായി മുംബൈ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ എ ടി കെ നാലാം സ്ഥാനത്തായി.
🔳ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയുമായി മുന്‍ നിശ്ചയപ്രകാരം മുന്നോട്ടുപോകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കയില്‍ കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയുടെ ഭാവി സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. അതേസമയം കളിക്കാരുടെ ആരോഗ്യവും സുരക്ഷയുമാണ് ബിസിസിഐക്ക് ഏറ്റവും വലുതെന്നും വരുദിവസങ്ങളില്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണാമെന്നും ഗാംഗുലി വ്യക്തമാക്കി.
🔳ആഗോളതലത്തില്‍ പ്രതിദിന കോവിഡ് വ്യാപനം വീണ്ടും ആറ് ലക്ഷത്തിനു മുകളില്‍. ഇന്നലെ 6,36,573 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,05,012 പേര്‍ക്കും ഇംഗ്ലണ്ടില്‍ 48,374 പേര്‍ക്കും റഷ്യയില്‍ 32,837 പേര്‍ക്കും തുര്‍ക്കിയില്‍ 22,556 പേര്‍ക്കും ഫ്രാന്‍സില്‍ 49,610 പേര്‍ക്കും ജര്‍മനിയില്‍ 71,887 പേര്‍ക്കും പോളണ്ടില്‍ 29,064 പേര്‍ക്കും ചെക്ക് റിപ്പബ്ലികില്‍ 21,973 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 26.36 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.04 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,686 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1399 പേരും റഷ്യയില്‍ 1,226 പേരും ജര്‍മനിയില്‍ 415 പേരും പോളണ്ടില്‍ 570 പേരും ഉക്രെയിനില്‍ 557 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52.41 ലക്ഷമായി.
🔳നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റയ്ക്ക് ഓഹരി പങ്കാളിത്തം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എയര്‍ ഇന്ത്യയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, ഈ ഓഹരിപങ്കാളിത്തം ടാറ്റ ഗ്രൂപ്പില്‍ വന്നുചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരിയോടെ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് വിവരം. കൊച്ചി വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ 45 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. എയര്‍ ഇന്ത്യയെ 18,000 കോടി രൂപയ്ക്ക് ടാറ്റ സണ്‍സിന് കൈമാറുന്നതിനുള്ള കരാറില്‍ ഒക്ടോബറിലാണ് കേന്ദ്രസര്‍ക്കാര്‍ ഒപ്പുവെച്ചത്.
🔳'മരക്കാര്‍: അറബിക്കടിലിന്റെ സിംഹം' എന്ന മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ വീഡിയോ സോംഗ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. എം ജി ശ്രീകുമാറിന് ഒപ്പം ശ്രേയാ ഘോഷാലും ചേര്‍ന്ന് ആലപിച്ച ഇളവെയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങിയിരുന്നു. പ്രഭാ വര്‍മയാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്ന രംഗങ്ങള്‍ക്കായുള്ള ഗാനം എഴുതിയിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചനയില്‍ അനി ഐ വി ശശിയും പങ്കാളിയാകുന്നു.