ഗോതീശ്വരം ബീച്ചിൽ മാറാട് പോലീസിന് നേരെ ഗുണ്ടാഅക്രമം: ഒരാൾ അറസ്റ്റിൽ
കോഴിക്കോട്:
ഗോതീശ്വരം ബീച്ചിൽ വെച്ച് കഴിഞ്ഞ 28ന് രാത്രി 11 മണിക്ക് മാറാട് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടർ എം.സി. ഹരീഷിനെയും പട്രോളിങ് ഡ്യൂട്ടിയിൽ ഒപ്പമുണ്ടായിരുന്ന പോലീസുകാരെയും ആക്രമിച്ച ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ട ഒരാൾ പിടിയിലായി. മാറാട് ഗോതീശ്വരം ബീച്ച്, പിണ്ണാണത്ത് രജീഷ്കുമാർ (49) ആണ് വീട്ടിൽ വെച്ച് പിടിയിലായത്. ഇന്ന് പുലർച്ചെ മാറാട് ഇൻസ്പക്ടർ രാജേഷ് കുമാറിന്റെ നേതൃത്തത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിലെ എസ്.ഐ.മാരായ ഹരീഷ്, ശശികുമാർ, എ.എസ്.ഐ. ശൈലേന്ദ്രൻ, സി.പി.ഒ. മാരായ സപ്തസ്വരൂപ്, ജാങ്കിഷ്, ഷിനോജ്, ധന്യശ്രീ, സ്ട്രൈക്കർ ഫോഴ്സും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ജെ.എഫ്.സി.എം-5 കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കൊയിലാണ്ടി സ്പെഷൽ സബ്ബ് ജയിലിലേക്ക് അയച്ചു.. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.