പക്ഷിപ്പനി: തകഴിയില്‍ 9048 താറാവുകളെ നശിപ്പിച്ചു.
കുട്ടനാട്:
വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് കുട്ടനാട്ടിലെ തകഴിയില്‍ താറാവുകളെ കൊല്ലാന്‍ തുടങ്ങി. തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള മേഖലയിലെ 9048 താറാവുകളെ നശിപ്പിച്ചു. ഇവയെ കത്തിക്കുന്നതിന് ഇന്നലെ ആരംഭിച്ച നടപടികള്‍ തുടരുകയാണ്.
മേഖലയില്‍ ഇനിയും പക്ഷികള്‍ ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീം പരിശോധന നടത്തുന്നുണ്ട്. പക്ഷികളുടെ തൂവകലുകളും മറ്റ് അവിശിഷ്ടങ്ങളും കത്തിച്ചു നശിപ്പിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) ഈ മേഖലയിലെ താറാവുകളില്‍ ഇന്‍ഫ്ലൂവന്‍സ വൈറസിന്റെ H5N1 ഉപവിഭാഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കാനാണ് തീരുമാനം. മൃഗസംരക്ഷണ വകുപ്പ് 8,000 പക്ഷികളെ കൊല്ലാനായി കണ്ടെത്തിയിട്ടുണ്ട്. രോഗബാധിത പ്രദേശത്തിന്റെ 9 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, മാംസം, മുട്ട എന്നിവ കൊണ്ടുപോകുന്നതും അവയുടെ വില്‍പ്പനയും നിരോധിച്ചതായി 'ജില്ലാ കലക്ടര്‍ പറഞ്ഞു.