കൈക്കൂലി വാങ്ങിയ പിസിബി ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്നും 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി
കോട്ടയം:
ടയർ ഫാക്‌ടറി ഉടമയിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ മലിനീകരണ നിയന്ത്രണ ബോർഡ്(പിസിബി) ജില്ലാ ഓഫീസർ എ എൻ ഹാരിസിൻ്റെ ഫ്ലാറ്റിൽ നിന്നും
16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത്. ബാങ്കിൽ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും, പന്തളത്ത് 33 സെന്റ് സ്ഥലവുമുണ്ട്. അവിവാഹിതനായ ഇയാൾ ഇതിനകം നിരവധി വിദേശയാത്രകൾ നടത്തിയിട്ടുണ്ട്.
പ്രവിത്താനം പി ജെ ടയേഴ്‌സ് ഉടമ ജോബിൻ സെബാസ്‌റ്റ്യനോട് കൈക്കൂലിയുമായി ബുധനാഴ്ച പകൽ 11ന് ഓഫീസിലെത്താൻ ഹാരിസ് ആവശ്യപ്പെടുകയായിരുന്നു. ഉടമ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം ഹാരിസിനെ പിടികൂടിയത്.