സർക്കാരിന്‍റെ തുറന്ന മനസ്സ് ഗവർണർ തിരിച്ചറിയണം; മുഖ്യമന്ത്രി
തിരുവനന്തപുരം:
ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന കാര്യത്തിൽ ഗവര്‍ണര്‍ക്കും സര്‍ക്കാരിനും ഒരേ അഭിപ്രായമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്‍റെ ലക്ഷ്യം ഗവർണർ തിരിച്ചറിയേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ മുന്നോട്ടുവച്ച പ്രകടന പത്രികയിൽ ഉന്നതവിദ്യാഭ്യാസമേഖലയിലെ ശാക്തികരണത്തെ കുറിച്ച് വിശദമായി പറഞ്ഞിരുന്നു.
ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണര്‍ ആശങ്കകള്‍ പ്രകടിപ്പിച്ച സാഹചര്യത്തിൽ സര്‍ക്കാരിന്‍റെ അഭിപ്രായം ഗവര്‍ണര്‍ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. എങ്കിലും ഉന്നതവിദ്യാഭ്യാസ മേഖല ഇന്നുള്ളതില്‍ നിന്ന് മുന്നോട്ടുപോകണമെന്നും കൂടുതല്‍ സ്വാംശീകരിക്കപ്പെടണമെന്ന കാര്യത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഒരേ അഭിപ്രായമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ എല്ലാം തികഞ്ഞു എന്നഭിപ്രായം സര്‍ക്കാരിനില്ല. ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ട്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. അതിന്‍റെ ഭാഗമായി സ്‌റ്റേറ്റ് അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ സെന്‍റ്ര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന തലത്തില്‍ ഗ്രേഡിങ് നല്‍കുന്ന സംവിധാനമാണ്. എന്‍ഐആര്‍എഫിന്‍റെ മാതൃകയില്‍ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാനങ്ങളെ റാങ്ക് ചെയ്യുന്ന കെഐആര്‍എഫ് സംവിധാനം തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഗുണനിലവാരത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാനും സഹയാകമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രയോഗത്തില്‍ വരുമ്പോള്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായെന്ന് വരാം. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പലകാര്യങ്ങളിലും കത്തുകളിലൂടെയും മറ്റും ആശയവിനിമയം നടത്താറുണ്ട്. അത് സാധാരണപക്രിയയാണ്. മാധ്യമങ്ങളില്‍ വരുന്ന വാർത്തകളിൽ പലതും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നവിധത്തില്‍ പൊതുജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കപ്പെടുകയാണ്. ഇതു കാരണമാണ് ജനങ്ങളോട് നേരില്‍ സംവദിക്കാനുണ്ടായ സാഹചര്യം ഉണ്ടായതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസമേഖലയെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിൽ വിശദീകരണം നൽകുന്നതിനാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്.