പത്തനംതിട്ട:
തിരുവല്ലയിൽ സിപിഎം നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് അംഗവുമായ പി.ബി. സന്ദീപ് കുമാറിനെയാണ് (32) വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് അറിയുന്നത്. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തങ്കരിയിലെ വഴിയിൽ കല്ലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ അക്രമി സംഘം ബൈക്കിലെത്തി വെട്ടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. സന്ദീപിൻ്റെ വലത് നെഞ്ചിൽ ആഴത്തിലുള്ള രണ്ട് കുത്തേറ്റിരുന്നുവെന്നാണ് അറിയുന്നത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിച്ചു.