About

News Now

ഒമിക്രോണ്‍: പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ മന്ത്രി

 


തിരുവനന്തപുരം: 

അയൽ സംസ്ഥാനത്തും വിദേശ രാജ്യങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെ പ്രത്യേക വാക്സിനേഷന്‍ യജ്ഞം സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിന്‍ നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നല്‍കും.