About

News Now

സംയുക്ത സൈനിക മേധാവി ഉൾപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ തൃശൂർ സ്വദേശിയും

 


ഊട്ടി: 

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെട്ട ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളിയായ തൃശൂർ പുത്തൂര്‍ പൊന്നൂക്കര സ്വദേശിയായ സൈനികനും. പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മുത്ത മകന്‍ പ്രദീപ് (38) ആണ് മരിച്ചത്. സംഭവം അറിഞ്ഞ് ഇയാളുടെ സഹോദരന്‍ പ്രസാദ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്. പ്രദീപിന്റെ കുടുംബം കോയമ്പത്തുരിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. എതാനും നാള്‍ മുമ്പ് ഇയാള്‍ മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സാ ആവശ്യത്തിനുമായി നാട്ടില്‍ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ച് നാലാം ദിവസമാണ് അപകടം സംഭവിക്കുന്നത്. അമ്മ കുമാരി, ഭാര്യ ശ്രീലക്ഷി, മക്കള്‍ ദക്ഷന്‍ ദേവ് (5) ദേവപ്രയാഗ് (2)

തമിഴ്നാട്ടിലെ ഊട്ടി കൂനൂരിൽ ഇന്ന് ഉച്ചയോടെ ഉണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും   ഭാര്യയും ഉൾപ്പടെ 13 പേർ മരിച്ചത്. ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പടെ 13 പേരാണ് അപകടത്തിൽ മരിച്ചതെന്ന് വ്യോമസേന വ്യക്തമാക്കിയത്. സൈനിക ആശുപത്രിയില്‍ എത്തിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയാനായി ഡി.എന്‍.എ പരിശോധന നടത്തുമെന്നും അധികൃതര്‍.  ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിരും അപകടത്തിൽ മരിച്ചു. ഹെലികോപ്ടറിൽ ഉണ്ടായിരുന്നവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് ഇപ്പോൾ ജീവനോടെയുള്ളത്. ഇദ്ദേഹം വെല്ലിങ്ടണിലെ മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.