ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 മാർച്ച് 18 വെള്ളി|1197 മീനം 4 ഉത്രം| ശഅബാൻ 15
◼️കെ റെയിലിനെതിരേ ജനരോഷം. കുട്ടികളും സ്ത്രീകളും അടങ്ങുന്ന പ്രതിഷേധക്കാര്‍ക്കെതിരേ പോലീസ് അതിക്രമം. പ്രതിഷേധവുമായി ചങ്ങനാശേരിയില്‍ ഇന്നു ഹര്‍ത്താല്‍. മാടപ്പള്ളിയില്‍ കെ റെയില്‍ കല്ലിടല്‍ തടഞ്ഞ സ്ത്രീകളടക്കമുള്ള നാട്ടുകാരെയാണ് പൊലീസ് കൈകാര്യം ചെയ്തത്. അറസ്റ്റു ചെയ്ത 23 പേരില്‍ മൂന്നു പേരെ വിട്ടയക്കാന്‍ വിസമ്മതിച്ചതോടെ ജനം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നാട്ടുകാര്‍ക്കൊപ്പം യുഡിഎഫ്, ബിജെപി പ്രവര്‍ത്തകരും എത്തി സംഘര്‍ഷാവസ്ഥയായി. ഇതോടെ പോലീസ് മൂവരേയും വിട്ടയച്ചപ്പോഴാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ചങ്ങനാശേരിയില്‍ കെ റെയില്‍ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
◼️മാവോയിസ്റ്റ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കുറ്റ്യാടി, വളയം പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. രൂപേഷ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◼️പാല്‍ വില ലിറ്ററിന് അഞ്ചു രൂപ വര്‍ധിപ്പിക്കണമെന്ന് മില്‍മ. കാലിത്തീറ്റയുടെ വില കുതിച്ചുയരുന്നതിനാല്‍ ഒരു ലിറ്റര്‍ പാലിന് 45 രൂപ മുതല്‍ 50 രൂപ വരെയാണ് ഉല്‍പാദനച്ചെലവ്. കാലിത്തീറ്റയ്ക്ക് സബ്സിഡി വേണമെന്നും മില്‍മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
◼️വഖഫ് ബോര്‍ഡ് സി.ഇ.ഒ യും മുസ്ലിം ലീഗ് നേതാവുമായ എം.സി. മായിന്‍ ഹാജി അടക്കം നാലു പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി. ക്രമക്കേട് ആരോപിച്ചുള്ള കേസില്‍ വിജിലന്‍സ് കോടതി 2016 ല്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. കാക്കനാട് പടമുകള്‍ സ്വദേശി ടി.എം. അബ്ദുല്‍ സലാമാണ് കോടതിയെ സമീപിച്ചത്. അനുമതി നല്‍കാത്തതിനാല്‍ നാലുവര്‍ഷമായി വിജിലന്‍സ് അന്വേഷണം നടന്നില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
◼️തിരുവനന്തപുരം ലോ കോളജില്‍ കെഎസ്യു വനിതാ നേതാവിനെ ആക്രമിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റുചെയ്യാതെ പൊലീസ്. പ്രതികളെ സംരക്ഷിക്കുന്നതിനെതിരേ മന്ത്രിമാരെ വഴിയില്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പെണ്‍കുട്ടികളെ കവചമാക്കി കെഎസ്യുവാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്ഐ ആരോപിച്ചു.
◼️നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ചു കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിന് തന്നോട് വ്യക്തിവിരോധമുണ്ട്. അതിനാല്‍ കള്ളകേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണെന്നും സായ് ശങ്കര്‍ ആരോപിച്ചു.
◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ പരാതിയുമായി സാക്ഷി ഹൈക്കോടതിയെ സമീപിച്ചു. വ്യാജ മൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് സാക്ഷിയായ സാഗര്‍ വിന്‍സെന്റ് ഹര്‍ജിയില്‍ പറയുന്നു. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കുമെന്നു ഭയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു സാഗര്‍.
◼️പത്തനംതിട്ട തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പു കേസിലെ രണ്ടാം പ്രതി കീഴടങ്ങി. സ്ഥാപന ഉടമ സജി സാമിന്റെ ഭാര്യ റാണി സജിയാണ് പത്തനംതിട്ട സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഒന്നാം പ്രതി സജി സാം കീഴടങ്ങിയിരുന്നു. നാല് ശാഖകളില്‍ നിന്നായി 80 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണു കേസ്.
◼️സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമ പരാതികള്‍ പരിഗണിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ആഭ്യന്തര പരാതി സമിതികള്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീകള്‍ അടക്കം പത്തിലേറെ പേര്‍ ജോലി ചെയ്യുന്ന തൊഴിലിടങ്ങളില്‍ പരാതി സമിതി ആവശ്യമാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തകരും നേതാക്കളും തമ്മില്‍ തൊഴിലാളി ബന്ധമല്ലാത്തതിനാലാണ് പരാതി സമിതി ആവശ്യമില്ലാത്തതെന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
◼️സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ ചെങ്ങന്നൂര്‍ നഗരസഭ പ്രമേയം പാസാക്കി. പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കണമെന്ന് നഗരസഭാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗവും പ്രമേയത്തെ പിന്തുണച്ചു. ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വിയോജിപ്പ് രേഖപ്പെടുത്തി.
◼️തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിന്റെ മിന്നല്‍ പരിശോധന. കാരുണ്യ ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകളുടെ വിവരം തിരക്കി. മരുന്നുകള്‍ കൃത്യമായി സ്റ്റോക്ക് എത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശം നല്‍കി. രാത്രി എമര്‍ജന്‍സി വിഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
◼️കൊടുങ്ങല്ലൂര്‍ എറിയാട് സ്‌കൂട്ടറില്‍ യാത്രചെയ്യുകയായിരുന്ന തുണിക്കട ഉടമയായ യുവതിയെ വഴിയില്‍ തടഞ്ഞു നിറുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് (30) ആണ് പരുക്കേറ്റത്. വൈകുന്നേരം ഏഴിന് കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമണമുണ്ടായത്. കടയിലെ പഴയ ജീവനക്കാരനായ റിയാസിനെ പോലീസ് തെരയുന്നു.
◼️സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ പ്രതിരോധത്തെ അടിച്ചമര്‍ത്താമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാടപ്പള്ളിയില്‍ നാട്ടുകാര്‍ക്കെതിരേ പൊലീസ് നടത്തിയ അതിക്രമത്തെ അദ്ദേഹം അപലപിച്ചു. സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ഭരണകൂട ഫാസിസമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
◼️കണ്ണൂര്‍ കിഴുന്നപാറയില്‍ മൂന്നരവയസുകാരനെ അടിച്ച അങ്കണവാടി ആയ ബേബിക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. പോടാ എന്നു വിളിച്ചതിന് മുഹമ്മദ് ബിലാല്‍ എന്ന കുഞ്ഞിനെ കെട്ടിയിട്ട് വടികൊണ്ടു ആയ മര്‍ദ്ദിച്ചെന്നാണ് അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
◼️കേരളത്തില്‍ ഇന്നലെ 25,639 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 922 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 6,998 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 2,180 കോവിഡ് രോഗികള്‍. നിലവില്‍ 41,702 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പത്തൊമ്പത് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. ദക്ഷിണകൊറിയയില്‍ ആറ് ലക്ഷത്തിലധികം പ്രതിദിന രോഗികള്‍. ആഗോളതലത്തില്‍ നിലവില്‍ 6.20 കോടി കോവിഡ് രോഗികളുണ്ട്.
◼️പഞ്ചസാര കയറ്റുമതിയില്‍ വന്‍ കുതിച്ച് ചാട്ടം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഫെബ്രവരി വരെ കയറ്റുമതി 2.5 ശതമാനം വര്‍ധിച്ച് 47 ലക്ഷം ടണ്ണിലെത്തിയതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഇസ്മ). ഒക്ടോബര്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് പഞ്ചസാര വിപണന വര്‍ഷം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 17.75 ലക്ഷം ടണ്ണായിരുന്നു പഞ്ചസാര കയറ്റുമതി. കരിമ്പിന്റെ മികച്ച വിളവു കാരണം 2021 ഒക്ടോബറിനും ഈ വര്‍ഷം മാര്‍ച്ച് 15 നും ഇടയില്‍ പഞ്ചസാര ഉത്പാദനം ഒന്‍പത് ശതമാനം ഉയര്‍ന്ന് 283.26 ലക്ഷം ടണ്ണായി. കഴിഞ്ഞ വര്‍ഷം 2021 മാര്‍ച്ച് 15 വരെ 259.37 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പാദിപ്പിച്ചപ്പോള്‍ ഈ മാര്‍ച്ച് 15 വരെ 283.26 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കപ്പെട്ടു. ഇതുവരെ ഏകദേശം 64-65 ലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി കരാര്‍ ചെയ്തിട്ടുണ്ട്.
◼️ഇന്ത്യയില്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇരട്ടിയിലേറെ വര്‍ദ്ധവനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ 765 ദശലക്ഷമായി വര്‍ധിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4ജി ഡാറ്റാ ട്രാഫിക്ക് 6.5 മടങ്ങ് വര്‍ധിച്ചതായും നോക്കിയ എംബിഐടി റിപ്പോര്‍ട്ട് പറയുന്നു. 4ജി സേവനമാണ് രാജ്യത്തിന്റെ മൊത്തം ഡാറ്റ ഉപഭോഗത്തില്‍ 99 ശതമാനവും. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ കഴിഞ്ഞ 5 വര്‍ഷത്തില്‍ 2.2 മടങ്ങ് വര്‍ദ്ധിച്ചു. കൂടാതെ ഉപഭോക്താക്കള്‍ പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡാറ്റ 17 ജിബി ആയി ഉയര്‍ന്നു.
◼️ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സല്യൂട്ട് ഒടിടിയില്‍ എത്തി. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ നാല് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാവും. ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ ദുല്‍ഖര്‍ ആദ്യമായാണ് നായകനാവുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. അരവിന്ദ് കരുണാകരന്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറായാണ് ദുല്‍ഖര്‍ സ്‌ക്രീനിലെത്തുന്നത്. ബോബി- സഞ്ജയ് ആണ് തിരക്കഥ.