About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022  | ജനുവരി 23| 1197 മകരം 09 ആഖിർ 20| ഞായർ | ഉത്രം|

ഇന്നു സംസ്ഥാനത്തു ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പുറത്തിറങ്ങുന്നതു വിലക്കിയിട്ടുണ്ട്. അര്‍ധരാത്രിയോടെ പോലീസ് കര്‍ശന പരിശോധന ആരംഭിച്ചു. മതിയായ കാരണവും സത്യവാങ്മൂലവും ഇല്ലാത്തവര്‍ക്കെതിരേ നടപടിയുണ്ടാകും. നാമമാത്രമായി കെഎസ്ആര്‍ടിസി ബസ് ഓടും. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാല്‍, മീന്‍, ഇറച്ചി തുടങ്ങിയ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒമ്പതു വരെ പ്രവര്‍ത്തിക്കാം. കള്ളുഷാപ്പുകള്‍ക്കു നിയന്ത്രണം ബാധകമാക്കിയിട്ടില്ല.
🔳നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിനെ ഇന്നു രാവിലെ മുതല്‍ ചോദ്യം ചെയ്യും. രാവിലെ ഒമ്പതിന് കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്ന് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികള്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റു പ്രതികള്‍.
🔳പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിനെ ഇന്നു മുതല്‍ മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ഹൈക്കോടതി അനുമതി നല്‍കി. 27 വരെ പ്രതികളെ അറസ്റ്റു ചെയ്യരുത്. രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടുവരെ ചോദ്യം ചെയ്യാം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് 27 ന് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. ഇതേസമയം, ദിലീപിനെ അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
🔳പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ദിലീപ് പലരുമായും ചര്‍ച്ച ചെയ്തെന്നു ക്രൈംബ്രാഞ്ച്. ദിലീപ് സംസാരിച്ച ചിലരുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും ഹൈക്കോടതിക്കു കൈമാറിയെന്നും അവര്‍ വെളിപ്പെടുത്തി. ''അവര്‍ അനുഭവിക്കേണ്ടി വരും'' എന്നു പറഞ്ഞതായാണ് സംവിധായകന്‍  ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദരേഖയിലുള്ളത്. പെട്ടെന്നുണ്ടായ വികാരത്തില്‍ പറഞ്ഞുപോയ ശാപ വാക്കുകളാണെന്നായിരുന്നു ഹൈക്കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.
🔳സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്കായി 50 ശതമാനം കിടക്കകള്‍ മാറ്റി വയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റര്‍ എന്നിവയടക്കം ആശുപത്രിയില്‍ കോവിഡ്, ഇതര രോഗികളുടെ ദൈനംദിന കണക്കുകള്‍ സ്വകാര്യ ആശുപത്രികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറണം. വിവരങ്ങള്‍ കൃത്യമായി കൈമാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
🔳അട്ടപ്പാടി ശിശു മരണങ്ങളുണ്ടായ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 2017 മുതല്‍ 2019 വരെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങള്‍ക്കാണ് സഹായധനം ലഭിക്കുക.
🔳സിപിഎം തൃശൂര്‍ ജില്ലാ ജില്ലാ സെക്രട്ടറിയായി എം.എം വര്‍ഗീസ് തുടരും. 17 വര്‍ഷമായി പുറത്തു നിര്‍ത്തിയിരുന്ന ഡിവൈഎഫ്ഐ  മുന്‍ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരിയെ ഒഴിവാക്കി സഹോദരന്‍ എം ബാലാജിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
🔳മദ്യപിക്കാന്‍ പണം തരാത്തതിന് അമ്മയെ കൊലപ്പെടുത്തിയ മകന്‍ പിടിയില്‍. കോട്ടയം വൈക പ്രയാറില്‍  ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് മരിച്ചത്. മദ്യലഹരിയില്‍ മകന്‍ മന്ദാകിനിയെ മര്‍ദ്ദിക്കുകയും സമീപത്തെ തോട്ടില്‍ മുക്കിത്താഴ്ത്തുകയും ചെയ്തു. മകന്‍ ബൈജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
🔳എന്‍.കെ പ്രേമചന്ദ്രന്‍ എംപിയ്ക്കും കുടുംബത്തിനും കൊവിഡ്. ഭാര്യ ഡോ: ഗീത, മകന്‍ കാര്‍ത്തിക്ക് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ക്കും രണ്ടാം തവണയാണ് കൊവിഡ് ബാധിക്കുന്നത്.
🔳പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ മണ്ണു മാഫിയയ്ക്ക് ചോര്‍ത്തി നല്‍കിയ ഏഴു പൊലീസുകാര്‍ക്ക്  സസ്പെന്‍ഷന്‍. കുന്നംകുളം, എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുകളിലെ എഎസ്ഐ അടക്കമുള്ള ഏഴ് പൊലീസുദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.  
🔳അടിയന്തര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന ഒഴിവാക്കണമെന്ന് കേരളാ പൊലീസ് അസോസിയേഷന്‍. പൊലീസുകാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ആവശ്യം.
🔳സൗദി അറേബ്യയില്‍ തണുപ്പില്‍നിന്നു രക്ഷപ്പെടാന്‍ തീകായുന്നതിനിടെ പുക ശ്വസിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. ഖമീസ് മുശൈത്തില്‍ മരിച്ചത് പത്തനംതിട്ട തെങ്ങമം സുഭാഷ് ഭവനില്‍ ദേവന്‍ രോഹിണി  ദമ്പതികളുടെ മകന്‍ സുഭാഷ് (41) ആണ്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
🔳റോഡ് നിര്‍മ്മാണ പ്രവര്‍ത്തികളില്‍ അനാസ്ഥ ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പ്രേംജിലാലിനെ സര്‍വീസില്‍നിന്ന് സസ്പെന്റ് ചെയ്തു. കേരളാ റോഡ് ഫണ്ട് ബോര്‍ഡ് പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലക്കാരനായിരുന്നു ഇദ്ദേഹം.
🔳ബൈക്കിന് കുറുകെ നായ ചാടിയുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു സ്വദേശി അബ്ദുള്ളക്കോയ(59) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന കാന്തപുരം സ്വദേശി ജലീല്‍ സഖാഫി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
🔳ആലപ്പുഴ കാര്‍ത്തികപ്പള്ളി വലിയകുളങ്ങരയില്‍ ചതുപ്പിനുള്ളില്‍ മൃതദേഹം. ഒക്ടോബര്‍ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റേതാണ് മൃതദേഹം.
🔳വിയ്യൂര്‍ ജില്ലാ ജയിലിലെ തടവുകാരന്‍ സന്തോഷ് (44) കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചു. സംസ്ഥാനത്തെ ജയിലുകളില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയാണ്. സംസ്ഥാനത്ത് എല്ലാ ജയിലുകളിലുമായി 488 തടവുകാര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 262 പേര്‍ക്കാണ് കൊവിഡ്.
🔳തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ തിരുവാതിര. പിണറായിയെ സ്തുതിച്ചും പരിഹസിച്ചുമുള്ള കീര്‍ത്തനവുമായാണ് തിരുവാതിര അവതരിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും സിപിഎം ജില്ലാ സമ്മേളനത്തിന് അനുമതി നല്‍കിയ ജില്ലാ കളക്ടറുടെ നടപടിക്കെതിരേയായിരുന്നു പ്രതിഷേധ തിരുവാതിര.
🔳നിര്‍ധന കുടുംബങ്ങള്‍ക്ക് 260 വീടുകള്‍ നിര്‍മിച്ചു നല്‍കിയ കാസര്‍കോട് ബദിയഡുക്കയിലെ സായിറാം ഭട്ട് അന്തരിച്ചു. 84 വയസായിരുന്നു. സമ്പന്നനല്ലായിരുന്നിട്ടും കൃഷിയില്‍നിന്നുള്ള വരുമാനം മിച്ചംവച്ചാണ് സാധുക്കള്‍ക്കായി 260 വീടുകള്‍ നിര്‍മിച്ചു നല്‍കിയത്.
🔳 പെറ്റികേസുകളെടുക്കുന്ന പോലീസുകാര്‍ക്കു പണികൊടുത്ത് കോടതി. കേസെടുത്ത പോലീസ് ഇന്‍സ്പെക്ടര്‍മാര്‍തന്നെ പെറ്റികേസിന്റെ പിഴത്തുക അടയ്ക്കണമെന്ന് എറണാകുളത്തെ ഒരു മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. എറണാകുളത്തെ ഒരു ഇന്‍സ്പെക്ടര്‍ ഇങ്ങനെ ഇരുപതാനായിരം രൂപ പിഴ അടയ്ക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തിനു മുമ്പ് പെറ്റിക്കേസുകളില്‍ വലിയൊരു ഭാഗവും തീര്‍പ്പാക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.
🔳അങ്കമാലിയില്‍ പിക്കപ്പ് വാനില്‍ കടത്തുകയായിരുന്ന 78 ചാക്ക് നിരോധിത പുകയില ഉല്‍ന്നങ്ങള്‍ പിടികൂടി. മാറമ്പിള്ളി സ്വദേശികളായ അബ്ദുള്‍ ജബ്ബാര്‍, (49), അബ്ദുള്‍ റഷീദ് (56) എന്നിവരെ അറസ്റ്റു ചെയ്തു. നാലു ലക്ഷം രൂപ വിലവരുന്ന 7500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പ്പന്നവുമായി കോഴിക്കോടും ഒരാള്‍ പിടിയിലായി. കോഴിക്കോട് പുതിയറ സ്വദേശി തച്ചറക്കല്‍ മുജീബിനെ (43) ആണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
🔳25 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റു ചെയ്തു. നിരവധി മോഷണ കേസുകളിലും സാമ്പത്തിക തട്ടിപ്പു കേസുകളിലും പ്രതിയായ മലപ്പുറം അരീക്കോട് മൂര്‍ക്കനാട് സ്വദേശി മോളയില്‍ അബ്ദുല്‍ റഷീദാണ് തമിഴ്നാട്ടിലെ ഉക്കടയില്‍ പിടിയിലായത്.
🔳തെരഞ്ഞെടുപ്പു റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനുവരി 31 വരെ നീട്ടി. 28 മുതല്‍ ചെറിയ പൊതുയോഗങ്ങള്‍ നടത്താം. കേന്ദ്ര ആരോഗ്യസെക്രട്ടറിയുമായും അഞ്ച് സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരുമായുള്ള ചര്‍ച്ചക്കു ശേഷമാണ് തീരുമാനം.
🔳തോല്‍ക്കാന്‍ മത്സരിക്കുന്ന ഹസനുറാം അംബേദ്കരി 94 ാം തവണയും സ്ഥാനാര്‍ഥിയായി. അദ്ദേഹം ഉത്തര്‍പ്രദേശിലെ ആഗ്രയിലെ ഖേരാഗഡ് നിയമസഭാ സീറ്റില്‍നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.  നൂറ് തെരഞ്ഞെടുപ്പുകളില്‍ തോല്‍ക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതത്രെ.
🔳പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത്ത് സിങ്ങ് ഛന്നിയുടെ പഴയ പീഡനകഥ ആവര്‍ത്തിച്ച് മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്. ഛന്നിക്കെതിരെ 2018 ല്‍ ഐഎഎസ് ഉദ്യോഗസ്ഥ  ഉന്നയിച്ച മീടു ആരോപണം ഒതുക്കിത്തീര്‍ക്കാന്‍ സഹായിക്കേണ്ടിവന്നെന്നാണ് അമരീന്ദറിന്റെ ഓര്‍മപ്പെടുത്തല്‍. അതേസമയം വ്യാജപ്രചാരണത്തിന് അരവിന്ദ് കെജരിവാളിനെതിരെ കേസ് നല്‍കുമെന്ന് ചരണ്‍ജിത്ത് സിങ്ങ് ഛന്നി അറിയിച്ചു.
🔳അല്ലു അര്‍ജുന്‍ നായകനായ പുഷ്പ അടക്കമുള്ള സിനിമകളെ അനുകരിച്ച് കൊലപാതകം നടത്തിയ മൂന്നു കൗമാരക്കാര്‍ പിടിയില്‍. ഡല്‍ഹിയിലെ ജഹാംഗീര്‍പുരി മേഖലയിലാണ് കുട്ടികള്‍ ഇരുപത്തിനാലുകാരനായ ഷിബുവിനെ കുത്തിക്കൊന്നത്. കൊല്ലുന്നതിന്റെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു. കൊലപാതകം നടത്തിയതും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതും പ്രസിദ്ധി നേടാനാണെന്നു കുട്ടികള്‍ പറഞ്ഞെന്നു പോലീസ്.
🔳പോക്‌സോ കേസിലെ പ്രതിയെ, അതിജീവിച്ച പെണ്‍കുട്ടിയുടെ പിതാവ് കോടതിക്കു സമീപം വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ബിഹാര്‍ മുസാഫര്‍പുര്‍ സ്വദേശിയായ ദില്‍ഷാദ് ഹുസൈനെയാണ് കൊലപ്പെടുത്തിയത്.
🔳അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി ഉറപ്പായപ്പോള്‍ വോട്ടുയന്ത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥരോടാണ് പ്രസിഡന്റായിരുന്ന ട്രംപ് ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചിരുന്നില്ല. ഈ ഉത്തരവ് നാഷണല്‍ ആര്‍ക്കൈവ്സ് പുറത്തുവിട്ടു.  
🔳അമേരിക്കയിലെ മെറിലാന്റിലെ ചാള്‍സ് കൗണ്ടിയില്‍ 49 കാരന്‍ മരിച്ചു കിടന്ന വീട്ടുമുറിയില്‍ 125 ഓളം ഉഗ്ര വിഷപാമ്പുകള്‍. അയല്‍വാസിയാണ് ഇയാളെ കാണാനില്ലെന്ന വിവരം പൊലീസിനെ അറിയിച്ചത്. പാമ്പുകളെ വളര്‍ത്തിയിരുന്ന ഇയാള്‍ക്കു പാമ്പുകടിയേറ്റിട്ടില്ല.
🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ മാര്‍ച്ച് അവസാന വാരത്തോടെ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. മേയ് മാസത്തില്‍ ടൂര്‍ണമെന്റ് സമാപിക്കും.
🔳ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ചെന്നൈയിന്‍ എഫ്സിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ വിജയം.
🔳കേരളത്തില്‍ ഇന്നലെ 1,00,735 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു . ടിപിആര്‍ 44.80. സംസ്ഥാനത്ത് ഇന്നലെ 70 മരണങ്ങള്‍.  ആകെ മരണം 51,739 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,324 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,47,227 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ :  എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട 2012, കണ്ണൂര്‍ 1673, ഇടുക്കി 1637, വയനാട് 972, കാസര്‍ഗോഡ് 623.
🔳രാജ്യത്ത് ഇന്നലെ മൂന്നേകാല്‍ ലക്ഷത്തിനടുത്ത്  കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 46,393, കര്‍ണാടക- 42,470, തമിഴ്‌നാട്- 30,744, ഗുജറാത്ത് - 23,150,  ഉത്തര്‍പ്രദേശ്- 16,740, ഡല്‍ഹി- 11,486.
🔳ആഗോളതലത്തില്‍ ഇന്നലെ മുപ്പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ നാല് ലക്ഷത്തിനടുത്ത്. ഇംഗ്ലണ്ട്- 76,807, ഫ്രാന്‍സ്- 3,89,320, ഇറ്റലി- 1,71,263, ജര്‍മനി-1,05,903, അര്‍ജന്റീന- 98,146. ഇതോടെ ആഗോളതലത്തില്‍ 34.93 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.57 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,689 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 825, റഷ്യ- 681, മെക്സിക്കോ- 331. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.08 ലക്ഷമായി.