ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ജനുവരി 30| 1197 മകരം 16| ആഖിർ 27| ഞായർ | പൂരാടം|
🔳ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഓര്‍ഡിനന്‍സ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷമായ യുഡിഎഫ് അടക്കം പലരില്‍നിന്നായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. പരാതികളുടെ പകര്‍പ്പുകള്‍ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നു കേന്ദ്ര സര്‍ക്കാര്‍. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഇന്ത്യ വിലകൊടുത്തു വാങ്ങിയെന്ന് ഇന്നലെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തതു വിവാദമായിരിക്കേയാണ് ഈ പ്രതികരണം. കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
🔳കോഴിക്കോട് ബാലികാസദനത്തില്‍നിന്ന് ഒളിച്ചോടിയ ആറു പെണ്‍കുട്ടികള്‍ക്കു മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ രണ്ടു പ്രതികളിലൊരാള്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടി. മണിക്കൂറുകള്‍ക്കകം ഇയാളെ ലോകോളജ് പരിസരത്തുനിന്ന് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് ചേവായൂര്‍ സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടിയത്. കൊല്ലം സ്വദേശി ടോം തോമസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാത്രി വസ്ത്രം മാറാന്‍ അനുവദിച്ചപ്പോഴാണ് പ്രതി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്.
🔳കേരളത്തില്‍ ഇന്നു ലോക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂവെന്നു നിര്‍ദേശം. പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. പരിശോധനയുമായി പോലീസ് രംഗത്ത്. വാളയാര്‍ അതിര്‍ത്തിയില്‍ കേരള പൊലീസ് കര്‍ശന പരിശോധന നടത്തും. തമിഴ്നാട്ടിലെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങളുള്ളവരെ മാത്രമേ കേരളത്തിലേക്ക് കടത്തിവിടൂ.
🔳സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം നാളെ. ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിനു സമാന നിയന്ത്രണം ഒഴിവാക്കിയേക്കും.
🔳ആദിവാസി യുവാവായ മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ പല പ്രതികള്‍ക്കും സിപിഎമ്മുമായി ബന്ധമുണ്ടെന്നും അതികൊണ്ടാണ് വിചാരണ അട്ടിമറിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രമുഖ അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി നിയമിച്ച് മുഴുവന്‍ പ്രതികള്‍ക്കും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
🔳പരീക്ഷ തോറ്റെന്നു വിശ്വസിപ്പിച്ച് ജയിച്ച മാര്‍ക്ക് ലിസ്റ്റിനായി വിദ്യാര്‍ത്ഥിയില്‍നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എം ജി സര്‍വകലാശാല സെക്ഷന്‍ അസിസ്റ്റന്റ് അറസ്റ്റിലായി. ആര്‍പ്പൂക്കര സ്വദേശിനി സി.ജെ. എല്‍സിയാണ് വിജിലന്‍സിന്റെ പിടിയിലായത്. എംബിഎ മാര്‍ക്ക് ലിസ്റ്റിനും പ്രൊഫെഷണല്‍ സര്‍ട്ടിഫിക്കറ്റിനുമായാണ് ഇത്രയും തുക കൈക്കൂലി വാങ്ങിയത്.
🔳ഇന്ദിരാഗാന്ധി രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സ്ഥാപിച്ച ചെങ്കൊടികള്‍ നീക്കിയതിന് കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിനെതിരെ ചിങ്ങവനം പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സമ്മേളനത്തിനു സ്ഥാപിച്ച കൊടി തോരണങ്ങള്‍ നശിപ്പിച്ചെന്നാണ് കേസ്. കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മറിയപ്പള്ളിയെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.
🔳വളര്‍ത്തുപൂച്ചയെ കൊന്നെന്ന യുവതിയുടെ പരാതിയില്‍ അയല്‍വാസി അറസ്റ്റില്‍. എറണാകുളം ഐരാപുരം മഴുവന്നൂര്‍ ചവറ്റുകുഴിയില്‍ വീട്ടില്‍ സിജോ ജോസഫ് (30) ആണു പിടിയിലായത്. പൂച്ചയെ കൊല്ലുന്ന വീഡിയോ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
🔳ആലപ്പുഴ കഞ്ഞിക്കുഴിയില്‍ 2000 കിലോ തണ്ണിമത്തന്‍ കാക്കകള്‍ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ കൊത്തിക്കളഞ്ഞത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ വെട്ടുകാട്ട് പുരയിടത്തിലെ ഒരു ഏക്കര്‍ സ്ഥലത്താണ് തണ്ണിമത്തന്‍ കൃഷി ചെയ്തിരുന്നത്.
🔳വാട്ടര്‍ അതോറിറ്റി ഓഫീസ് കോമ്പൗണ്ടില്‍ ഏഴു പെരുമ്പാമ്പുകള്‍. ഓഫീസ് കോമ്പൗണ്ടില്‍ കൂട്ടിയിട്ട പൈപ്പുകള്‍ക്കിടയിലാണ് പെരുപാമ്പുകളെ കണ്ടത്. കാടുപിടിച്ച പ്രദേശം ശുചീകരിക്കാന്‍ എത്തിയ ജീവനക്കാരാണ് പൈപ്പുകള്‍ക്കിടയില്‍ പാമ്പുകളെ കണ്ടത്. ഏഴു പാമ്പുകളേയും പിടികൂടി നീക്കം ചെയ്തു.
🔳ബേക്കറിയുടെ മറവില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കു കഞ്ചാവും ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. വിതുര മുളയ്‌ക്കോട്ടുകര ആസിയ മന്‍സിലില്‍ ദിലീപാ(43)ണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുളയ്‌ക്കോട്ടുകര താഹിറ മന്‍സിലില്‍ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. വിതുര ചന്തമുക്കില്‍ ഇവരുടെ ബേക്കറിയുടെ മറവിലാണ് കഞ്ചാവ്, പാന്‍പരാഗ് എന്നിവ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വിറ്റിരുന്നത്.
🔳മാനന്തവാടിയില്‍ ഗര്‍ഭിണിയായ യുവതി കഴിഞ്ഞ വര്‍ഷം മരിച്ച സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. മാനസിക വൈകല്യമുണ്ടായിരുന്ന എടവക മൂളിത്തോട് സ്വദേശി റിനിയാണു കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മരിച്ചത്. യുവതിയെ പീഡിപ്പിച്ചിരുന്ന അയല്‍വാസി റഹീം വിഷം കലര്‍ത്തിയ ജ്യൂസ് നല്‍കി കൊലപ്പെടുത്തിയെന്നാണു കണ്ടെത്തിയത്. ഇയാളെ തമഴ്നാട്ടിലെ ഏര്‍വാടിയില്‍നിന്ന് കസ്റ്റഡിയിലെടുത്തു.
🔳കോഴിക്കോട് കൂടരഞ്ഞി വഴിക്കടവില്‍ കോഴി ഫാമിലുണ്ടായ തീപിടിത്തത്തില്‍ രണ്ടു മാസം പ്രായമായ നാലായിരത്തിലേറെ കോഴികള്‍ ചത്തു. മങ്കരയില്‍ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴിഫാമിനാണ് തീ പിടിച്ചത്.
🔳പെഗാസസ് എന്തിനു വാങ്ങിയെന്നും ആര് അനുമതി നല്‍കിയെന്നും വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെയൊക്കെ നിരീക്ഷിക്കണമെന്ന് എങ്ങനെ തീരുമാനിച്ചു? ആര്‍ക്കാണ് അതിന്റെ റിപ്പോര്‍ട്ട് കിട്ടിയതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. ഇത്ര ഗുരുതരമായ വിഷയത്തില്‍ മൗനം പാലിക്കുന്നത് ക്രിമിനല്‍ കുറ്റം ചെയ്തത് അംഗീകരിക്കുന്നതിന് തുല്യമെന്നും യെച്ചൂരി പറഞ്ഞു.
🔳ഗര്‍ഭിണികള്‍ക്കു നിയമന വിലക്ക് ഏര്‍പ്പെടുത്തിയ നടപടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിന്‍വലിച്ചു. ഉത്തരവ് വിവാദമായതിനെത്തുടര്‍ന്ന് വനിതാ കമ്മീഷന്‍ എസ്ബിഐക്ക് നോട്ടീസ് അയച്ചിരുന്നു.
🔳മദ്യപിച്ചു ലക്കുകെട്ട് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ തലക്കടിച്ച് കൊന്നു. 43 കാരനായ പ്രകാശ് ആണ് കൊല്ലപ്പെട്ടത്. ചെന്നൈ ഒട്ടേരിയിലാണ് സംഭവം നടന്നത്. ഭാര്യ പുഷ്പയെ പോലീസ് കസ്റ്റഡിയിലെടുത്തു.
🔳ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പൊതുമധ്യത്തില്‍ അപമാനിച്ച കേസ് അന്വേഷിക്കാന്‍ പത്തംഗ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ഡല്‍ഹി പൊലീസ്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കൂട്ടികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ അറസ്റ്റിലായിരുന്നു. പ്രതികള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും പിടികൂടി.
🔳യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് എംപ്ലോയ്‌മെന്റ് ഓഫീസര്‍, സബ് റീജണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ (ആയുര്‍വേദം) എന്നീ തസ്തികകളിലെ നിയമനത്തിനു വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍.
🔳കേരളത്തില്‍ ഇന്നലെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 45.78. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 8 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,191 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 47,649 പേര്‍ രോഗമുക്തി നേടി.ഇതോടെ 3,36,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123, തൃശൂര്‍ 3822, കൊല്ലം 3747, മലപ്പുറം 2996, പാലക്കാട് 2748, കണ്ണൂര്‍ 2252, ആലപ്പുഴ 2213, പത്തനംതിട്ട 2176, ഇടുക്കി 1936, വയനാട് 1593, കാസര്‍ഗോഡ് 966.
🔳രാജ്യത്ത് ഇന്നലെ രണ്ടേക്കാല്‍ ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 27,971, കര്‍ണാടക- 33,337, തമിഴ്‌നാട്- 24,418, ഗുജറാത്ത് - 11,794, ആന്ധ്രപ്രദേശ്-11,573, ഡല്‍ഹി- 4,483.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയേഴ് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,74,461, ഇംഗ്ലണ്ട്- 72,727, ഫ്രാന്‍സ്- 3,32,398, ഇറ്റലി- 1,37,147, ജര്‍മനി-1,43,518. ഇതോടെ ആഗോളതലത്തില്‍ 37.28 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.26 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,376 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,118, റഷ്യ- 668, ബ്രസീല്‍ - 576, ഇറ്റലി- 377, മെക്സിക്കോ - 437. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.75 ലക്ഷമായി.