About

News Now

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷൻ, കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചനക്കേസെന്ന് ദിലീപ്


 കൊച്ചി:

 വിചാരണ കോടതിയിൽ സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും, വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതാണെന്നും പ്രോസിക്യൂഷൻ.

നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയെ പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളാണ്  പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ പറഞ്ഞത്.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതിക്കെതിരേ ഗുരുതരമായ ആരോപണങ്ങൾ പ്രോസിക്യൂഷൻ ഉന്നയിച്ചത്.


സാക്ഷി പറയാൻ പോയ വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. രഹസ്യ വിചാരണ നടക്കുന്നതിനാൽ അവിടെ നടക്കുന്ന സംഭവങ്ങളൊന്നും പുറത്ത് അറിയുന്നില്ല. എന്നാൽ വിചാരണ കോടതിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം ബോധ്യപ്പെട്ടിട്ടാണ് കോടതിയിൽ വിമർശനം ഉന്നയിക്കുന്നതെന്നും പ്രോസിക്യൂഷൻ. പ്രോസിക്യൂഷന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പി എ ഷാജിയാണ് എതിർവാദം നടത്തുന്നത്.


ദിലീപ് സാക്ഷികളെ നിരന്തരം സ്വാധീനിക്കാൻ ശ്രമം നടത്തുന്നു. സാക്ഷി പറയാൻ പോയ 22 പേരിൽ 20 പേരെയും കൂറുമാറ്റി. കൂറുമാറാതെ നിന്ന രണ്ട് പേരെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.. ഇതിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ ഗൂഡാലോചനക്ക് അപ്പുറത്തേക്ക് അപായപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിക്ക് മുൻപാകെ സ്ഥാപിക്കാൻ ശ്രമിച്ചത്.

പൊലീസ് കെട്ടിച്ചമച്ച കഥയാണ് വധഗൂഢാലോചനക്കേസെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു.. ഒരു തെളിവുമില്ലാതെയാണ് കേസെന്നും കഴിഞ്ഞ നാലുവര്‍ഷമായി ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നത്. ബാലചന്ദ്രകുമാറിന്റെ അഭിമുഖം ആസൂത്രിതമാണെന്ന് ദിലീപ്.

ഒരാള്‍ എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലും പറഞ്ഞാല്‍ ഗൂഡാലോചന സ്വഭാവത്തിലേക്ക് വരുമോ എന്ന് കോടതി ചോദിച്ചു. കൂടാതെ കൃത്യം നടത്തിയാല്‍ മാത്രമല്ലേ കൃത്യത്തിനുള്ള പ്രേരണ എന്നത് കുറ്റകൃത്യമായി മാറുകയുള്ളൂ എന്നും കോടതി ആരാഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ക്കുകയായിരുന്നു.