സംസ്ഥാന പാതയിൽ കലുങ്കിൻ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവം: എക്സിക്യൂട്ടീവ് എൻജിനിയറെ സ്ഥലം മാറ്റി
താമരശ്ശേരി:
സംസ്ഥാന പാതയിൽ കലുങ്ക് നിര്‍മാണത്തിനായി നടുറോഡില്‍ കുഴിച്ച ഭീമന്‍ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ നടപടി.
കെ.എസ്.ടി.പി. കണ്ണൂർ അസി. എക്സിക്യൂട്ടീവ് എൻജിനിയറെ മൂവാറ്റുപുഴയിലേക്ക് സ്ഥലം മാറ്റി.
കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി വെഴുപ്പൂരില്‍ ബുധനാഴ്ച രാത്രി 9.30 ഓടെയാണ് ഉണ്ണികുളം എകരൂല്‍ സ്വദേശി അബ്ദുല്‍ റസാഖിന് ബുള്ളറ്റുമായി കലുങ്കനായി എടുത്ത കുഴിയിൽ വീണത്.
സംഭവത്തിൽ വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടിയിരുന്നു. വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട് തള്ളിയാണ് മന്ത്രി ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാൻ ശുപാർശ നൽകിയതെന്ന് അറിയുന്നു.
റസാഖ് സഞ്ചരിച്ച ബുള്ളറ്റ് കുഴിയില്‍ വീണ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അപകട വിവരം നാട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ടയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതായി കണ്ടെത്തിയത്.
ബുധനാഴ്ച സന്ധ്യയോടെയാണ് ഇവിടെ കൽവർട്ട് പുനർ നിർമ്മിക്കാനായി കുഴിയെടുത്തത്. വീതി കുറഞ്ഞ റോഡിൻ്റെ പകുതി ഭാഗങ്ങളാണ് കലുങ്കിനായി കുഴിയെടുത്തത്.
അപകടം നടന്ന സ്ഥലത്ത് റിഫ്ളക്ടറുകളോ മറ്റ് മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ലാതെ വെറുമൊരു റിബണ്‍ മാത്രം വലിച്ച് കെട്ടിയ നിലയിലായിരുന്നു. എതിരെ വന്ന വാഹനത്തിന്റെ പ്രകാശത്തില്‍ ഒന്നും കാണാനാവാതെ അബ്ദുള്‍ റസാഖ് നേരെ കുഴിയില്‍ പതിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്
സംഭവത്തില്‍ കരാറുകാരനെതിരെ നടുപടിയെടുക്കാനും കൂടുതല്‍ അന്വേഷണം നടത്താനും ആവശ്യം ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ സ്ഥലത്ത് ബോർഡും മൺകൂനയും സ്ഥാപിച്ചിട്ടുണ്ട്.