കൊടുവള്ളിയിലെ തുരങ്കപ്പാതയും താമരശ്ശേരിയിലെ ലിങ്ക് റോഡും യാഥാർത്ഥ്യമാക്കണം
കൊടുവള്ളി:
നിയോജക മണ്ഡലത്തിലെ പ്രധാന പട്ടണങ്ങളായ താമരശ്ശേരിയിലെയും കൊടുവള്ളിയിലെയും ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമായി നിർദ്ധേശിക്കപ്പെട്ട തുരങ്കപ്പാതയും ലിങ്ക് റോഡും ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ജനതാദൾ (എസ്) കൊടുവള്ളി നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. അനുദിനം വർദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്കുകൾക്ക് ശാശ്വത പരിഹാരമായി മുൻ എം.എൽ എ കൊണ്ടുവന്ന പദ്ധതികൾക്ക് രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ തടസ്സം നിൽക്കുന്നവർ വികസന വിരോധികളാണ്. കൊടുവള്ളിയുടെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന തുരങ്കപ്പാത പദ്ധതിയെ എതിർക്കുന്ന വികസനവിരുദ്ധശക്തികളെ ഒറ്റപ്പെടുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കരുവമ്പൊയിൽ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ ജനതാദൾ(എസ്) ജില്ലാ വൈസ് പ്രസിഡൻ്റ് ചോലക്കര വിജയൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.വി.സെബാസ്റ്റ്യൻൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി റഷീദ് മുയിപ്പോത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.കെ.അബ്ദുള്ള, പി.സി.എ റഹിം, കെ.എം സെബാസ്റ്റ്യൻ മാസ്റ്റർ, എളമന ഹരിദാസ്, അലി മാനിപുരം, മുൻസിപ്പൽ കൗൺസിലർ ആയിശ അബ്ദുള്ള, ഉസ്മാൻ അണ്ടോണ, ഭാസ്കരൻ കുടിലാട്ട്, ആണിയൻകണ്ടി മുഹമ്മത് എന്നിവർ സംസാരിച്ചു.