About

News Now

വധശ്രമകേസിൽ യുവാവ് അറസ്റ്റിൽ

 

കോഴിക്കോട്: 
വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി നിവാസിയായ സുനിൽ എന്ന റഫീഖിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോഴിക്കോട് ശാന്തിനഗർ സ്വദേശി ദ്വാരകയിൽ രതീഷ്(38) നെയാണ് വെള്ളയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 3 ന് രാത്രി ശാന്തിനഗർ കോളനി ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന സുനിലിനെ മുൻ വൈരാഗ്യത്താൽ പ്രതി രതീഷ് കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ സുനിൽ ഓടി രക്ഷപ്പെട്ടതിനാലാണ് ജീവൻ നഷ്ടപ്പെടാതിരുന്നത്. കുറ്റകൃത്യത്തിന് ശേഷം പ്രതി രതീഷ് മുൻപ് ചില കേസിലെ കൂട്ടുപ്രതികളായ ചിലരുടെ സഹായത്തോടെ തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയും പോലീസ് തിരുവനന്തപുരത്ത് എത്തിയതറിഞ്ഞ് രഹസ്യമായി തമിഴ്നാട്ടിലേക്ക് കടക്കുകയുമായിരുന്നു.
പ്രതിയെ പിടികൂടുന്നതിനായി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചു അന്വേഷണം നടത്തി വരുന്നതിന്റെ ഭാഗമായി ചെന്നൈയിൽ പ്രതി ഒളിവിൽ താമസിക്കുന്നതായ വിവരം ലഭിച്ച പോലീസ് അന്വേഷണത്തിനായി തമിഴ്നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് പ്രതി ചില സുഹൃത്തുക്കളെ കണ്ട് ഒളിവിൽ താമസിക്കുന്നതിന് പണം സംഘടിപ്പിക്കുന്നതിനായി കോഴിക്കോടേക്ക് വരാൻ സാധ്യതയുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് ഞായറാഴ്ച രാവിലെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും വെള്ളയിൽ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ നേമം, പൂജപ്പുര സ്റ്റേഷനുകളിലായി വധശ്രമത്തിനും, വീടുകയറി ആക്രമണം നടത്തിയതിനും, കവർച്ചക്കും, കൂട്ടക്കവർച്ചക്കിടെ ആയുധമുപയോഗിച്ച് മാരകമായ പരിക്കേൽപ്പിച്ചതിനും മറ്റുമായി നിരവധി  കേസ്സുകൾ നിലവിലുണ്ട്. വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ്.ഐ സനീഷ്.യു, എ.എസ്.ഐ ദീപു കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ നവീൻ.എൻ, സിപിഒ മാരായ ജയചന്ദ്രൻ.എം, പ്രസാദ്.കെ  എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.