ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ജനുവരി 09| 1197 ധനു 25 ആഖിർ 06| ഞായർ | ഉത്രട്ടാതി
🔳ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി പത്തു മുതല്‍. മാര്‍ച്ച് പത്തിനാണു വോട്ടെണ്ണല്‍. യു.പി.യില്‍ ഫെബ്രുവരി പത്തുമുതല്‍ ഏഴു ഘട്ടങ്ങളിലായാണു വോട്ടെടുപ്പ്. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 14നും മണിപ്പൂരില്‍ ഫെബ്രുവരി 24നും മാര്‍ച്ച് മൂന്നിനുമാണ് വോട്ടെടുപ്പ്.
🔳തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച അഞ്ചു സംസ്ഥാനങ്ങളിലും റാലികള്‍ക്കും പദയാത്രകള്‍ക്കും വിലക്ക്. ജനുവരി 15 വരെയാണ് വിലക്ക്. 15നു ശേഷം റാലികള്‍ നടത്താമോയെന്ന് കൊവിഡ് സാഹചര്യം വിലയിരുത്തിയശേഷം തീരുമാനമെടുക്കുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് കരുതല്‍ ഡോസ് കൂടി ലഭ്യമാക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍.
🔳പഞ്ചാബില്‍ പ്രധാനമന്ത്രിക്കു സുരക്ഷാ വീഴ്ച ആരോപണം നേരിടുന്ന ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായയെ മാറ്റി. പുതിയ ഡിജിപിയായി വിരേഷ് കുമാര്‍ ഭാവ്രയെ നിയമിച്ചു. സുരക്ഷ വീഴ്ചയില്‍ ഡിജിപി സിദ്ധാര്‍ഥ് ചതോപാധ്യായക്കു കേന്ദ്രം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
🔳കൊവിഡ് കരുതല്‍ ഡോസ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് ഒമ്പതു മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. ഓണ്‍ ലൈന്‍ ബുക്കിംഗ് ഇന്നുമുതല്‍ ആരംഭിക്കും.
🔳ക്വാറി ഉടമകളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 120 കോടി രൂപയുടെ ബിനാമി പണം പിടികൂടി. എറണാകുളം, കോട്ടയം ജില്ലകളിലെ പാറമട ഉടമകളുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന നടത്തിയത്.
🔳നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്തേക്കും. അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയില്‍ വരും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. എറണാകുളം രണ്ടാം നമ്പര്‍ ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക.
🔳കേരളത്തില്‍ ഒന്നും നടക്കില്ലെന്നു ശാപവാക്കുകള്‍ ഉരുവിട്ടവര്‍ക്കു വികസനംകൊണ്ട് മറുപടി നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈനുമായി മുന്നോട്ട് പോകും. നാടിനെ അഭിവൃദ്ധിയിലേക്കു നയിക്കാന്‍ സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമാണ്. എതിര്‍പ്പുകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
🔳കമ്മീഷന്റെ കാര്യത്തില്‍ ഡോക്ടറേറ്റ് നേടിയയാളാണ് മുഖ്യമന്ത്രിയെന്നും കൊക്കില്‍ ജീവനുണ്ടെങ്കില്‍ കെ-റെയില്‍ പദ്ധതി അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇടതു സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരേ പോരാടാന്‍ ദൈവമായിട്ടു കൊണ്ടുതന്ന ആയുധമാണ് കെ-റെയിലെന്നും പിണറായിയേയും പോലീസിനേയും നേരിടുമെന്നും സുധാകരന്‍.
🔳മനസാക്ഷിയുള്ള ആരും ചെയ്യാത്ത അഴിമതിയാണ് കോവിഡ് കാലത്ത് പിണറായി സര്‍ക്കാര്‍ ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. 1,600 കോടി രൂപയുടെ അഴിമതി മറച്ചുവയ്ക്കാനാണ് അഞ്ഞൂറു ഫയലുകള്‍ ആരോഗ്യവകുപ്പ് മുക്കിയത്. പിണറായിക്കുവേണ്ടിയാണ് ടീച്ചറമ്മ ഈ കൊള്ളയെല്ലാം നടത്തിയത്. കെ-റെയിലിനെതിരേ ശക്തമായ സമരം നടത്തുമെന്നും സുരേന്ദ്രന്‍.
🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ സമരത്തിനു മേധാ പട്കര്‍ ഇന്നു കോഴിക്കോട്ടെത്തും. കാട്ടില്‍പീടികയില്‍ പദ്ധതിയുടെ പേരില്‍ കുടിയിറക്കുന്നതിനെ ചെറുക്കാന്‍ പ്രതിരോധസമിതിയുടെ നേതൃത്വത്തിലുള്ള സമരം രാവിലെ എട്ടരയ്ക്ക് മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും.
🔳കണ്ണൂര്‍ മാടായിപ്പാറയില്‍ പിഴുതെറിഞ്ഞ സില്‍വര്‍ ലൈന്‍ സര്‍വ്വേകല്ലിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്. ചെറുകുന്ന് മണ്ഡലം പ്രസിഡന്റ് പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കേസ്. പ്രതിഷേധിച്ച് പഴയങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
🔳സംസ്ഥാനത്തെ പോലീസ് സേനയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ പോലീസ് മേധാവികളുടെ അഭിപ്രായം തേടി. പരിശോധിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയേയും പരിശീലന ചുമതലയുള്ള എഡിജിപിയേയും ചുമതലപ്പെടുത്തി.
🔳കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കുട്ടിയെ തട്ടിയെടുത്തത് ആസൂത്രിതമായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ തോമസ് മാത്യു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തില്‍ സുരക്ഷാ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു.
🔳മണ്ണുത്തിയില്‍ മതിലില്‍ നിന്നും പാടത്തേക്ക് വീണ റിട്ടയേഡ് കൃഷി ഓഫീസര്‍ക്ക് ദാരുണാന്ത്യം. മണ്ണുത്തി സ്വദേശി പട്ടാണി വീട്ടില്‍ ഹുസൈന്‍ (65) ആണ് മരിച്ചത്. മണ്ണുത്തി പൈപ്പ്‌ലൈന്‍ റോഡില്‍ ഉച്ചയോടെയായിരുന്നു അപകടം.
🔳ഡിജിറ്റല്‍ യുഗത്തില്‍ കോടതികളും വേഗത്തില്‍ തീരുമാനം എടുക്കണമെന്നു കേന്ദ്ര നിയമ-നീതിന്യായ വകുപ്പ് മന്ത്രി കിരണ്‍ റിജിജു. നീതി അതിവേഗം അര്‍ഹരായവരിലേക്ക് എത്തിക്കണം. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ മാറണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കൊച്ചി കളമശ്ശേരിയിലുള്ള ദേശീയ നിയമ സര്‍വകലാശാലയായ നുവാല്‍സില്‍ പതിനഞ്ചാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🔳പാലക്കാട് ഒറ്റപ്പാലത്ത് കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി ഒമ്പതു വയസുകാരി മരിച്ചു. ഒറ്റപ്പാലം വരോട്ട് ചുനങ്ങാട് വാണിവിലാസി മഠത്തില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇതേസമയം, കോഴിക്കോട് കട്ടിപ്പാറയില്‍ ആറാം ക്ലാസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ് വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണ (11)യെയാണ് വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
🔳തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കുടവൂര്‍ ഞാറായില്‍കോണം ചരുവിള പുത്തിന്‍വീട്ടില്‍ രാഹുല്‍ (21), ലക്ഷംവീട് കോളനിയില്‍ നിഷാദ് (25), കരവായിക്കോണം വള്ളച്ചിറ വീട്ടില്‍ സെമിന്‍ (35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
🔳സ്‌കൂളുകളില്‍ കുട്ടികളെ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
🔳തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചര്‍ച്ചയായി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
🔳ഐഎസ്എല്ലില്‍ ഇന്നലത്തെ എടികെ മോഹന്‍ ബഗാന്‍ - ഒഡിഷ എഫ്സി മത്സരം മാറ്റിവച്ചു. എടികെ താരം കൊവിഡ് ബാധിതനായതിനാലാണ് മത്സരം മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. ആദ്യമായാണ് കൊവിഡ് കാരണം ഐഎസ്എല്ലില്‍ ഒരു മത്സരം മാറ്റിവയ്ക്കുന്നത്.