About

News Now

പള്ളിയറക്കാവിലെ ഉത്സവം കാവുള്ളപറമ്പിൽ പ്രേമന്റെ കുടുംബത്തിന് വീടിനായി

 


താമരശ്ശേരി: 

അകാലത്തിൽ വേർപിരിഞ്ഞ കാവുള്ളപറമ്പിൽ പ്രേമന്റെ കുടുംബത്തിന് തേറ്റാമ്പുറം ശ്രീ പള്ളിയറക്കാവ് സംരക്ഷണ സമിതി നേതൃത്വത്തിൽ നിർമ്മിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് നടന്നു. കേറിക്കിടക്കാനൊരു വീടെന്ന പ്രേമൻ്റെ ഭാര്യ ഷീബയുടെയും രണ്ട് പെൺ മക്കളുടെയും സ്വപ്നത്തിലേക്കുള്ള ആദ്യപടി.കഴിഞ്ഞ വർഷകാലത്താണ് അവർ താമസിച്ചിരുന്ന പഴകിയ വീട് നിലം പൊത്തിയത്.തുടർന്ന് ചെറിയ ഒരു ഷെഡിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ് സംരക്ഷണ സമിതി യോഗം ചേർന്ന് വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. എം.കെ. അപ്പുക്കുട്ടൻ ചെയർമാനായും ഗിരീഷ് തേവള്ളി ജനറൽ കൺവീനറായും എം. മധു ട്രഷററായും വിപുലമായ ഗൃഹനിർമ്മാണ കമ്മിറ്റി രൂപീകരിച്ചു.

തേറ്റാമ്പുറം പള്ളിയറക്കാവിലമ്മയുടെ ഈ വർഷത്തെ ഉത്സവ ദിനത്തിൽ ഗൃഹനിർമ്മാണത്തിന് ശുഭാരംഭം കുറിച്ചത് കുറ്റിയടികർമ്മം നിർവ്വഹിച്ചുകൊണ്ടായിരിരുന്നു. ഇനിയുള്ള നാളുകൾ ഇതിനു വേണ്ട സാമ്പത്തിക സമാഹരണത്തിന് നിർമ്മാണ കമ്മിറ്റി കർമ്മനിരതമാകും. എല്ലാവരാലും കഴിയുന്നത്  സമർപ്പിക്കാൻ വേണ്ടി  ഇത്തവണത്തെ ഉത്സവത്തിന് വിപുലമായ  സാമ്പത്തിക സമാഹരണം ഒഴിവാക്കി കമ്മിറ്റി അംഗങ്ങൾ മാത്രം സംഭാവന എടുത്തുകൊണ്ടാണ് ഉത്സവം നടത്തുന്നത്.

പി.പി.വേണു ആശാരി കുറ്റിയടിക്കൽ കർമ്മം നടത്തി. ചടങ്ങിന് നിർമ്മാണ കമ്മിറ്റി ചെയർമാൻ എം.കെ.അപ്പുക്കുട്ടൻ, ജനറൽ കൺവീനർ ഗിരീഷ് തേവള്ളി, എ.കെ. ശിവദാസൻ, വി.പി.രാജീവൻ, ടി.ടി. കൃഷ്ണൻകുട്ടി, എം. ബാലഗോപാലൻ നായർ, മാതൃ സമിതി പ്രസിഡണ്ട്  ഒ.പി. ശൈല, അഞ്ജലി ഷൈജു, വി.പി. മാധവി, എ. രമണി, ടി.സുലോചന എന്നിവർ നേതൃത്വം നൽകി.