വിദ്യാർത്ഥിനിക്ക് സ്വകാര്യ ബസ്സിൽ ലൈംഗിക അതിക്രമം: ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്:
പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. മൂഴിക്കൽ റൂട്ടിലോടുന്ന റാണിയ ബസിൻ്റെ ഡ്രൈവർ മൂഴിക്കൽ ചേന്നംകണ്ടിയിൽ ഷമീർ (34) ആണു പിടിയിലായത്. വ്യാഴാഴ്ച (20 ന് ) അതിരാവിലെ ബസ്സിൽ ട്യൂഷൻ ക്ലാസിലേക്ക് പോയതായിരുന്നു പെൺകുട്ടി. ബസ്സിൽ മറ്റു യാത്രക്കാരില്ലാത്ത തക്കം നോക്കി കുട്ടി ഇറങ്ങേണ്ട മലബാർ കൃസ്ത്യൻ കോളേജ് സ്റ്റോപ്പിൽ നിർത്താതെ കല്ലായി റോഡിൽ നിന്നും മാറി ആനിഹാൾറോഡിൽ ബസ്നിർത്തി കുട്ടിയെ ഡ്രൈവർ കടന്നുപിടിക്കുകയായിരുന്നെന്നാണ് പരാതി.
ആദ്യ ട്രിപ്പായതിനാൽ മറ്റ് ജീവനക്കാർ ബസ്സിൽ ഉണ്ടായിരുന്നില്ല. ബസ്സിൻ്റെ മുഴുവൻ ഷട്ടറുകളും താഴ്ത്തിയിട്ട നിലയിൽ ആയതിനാൽ കുട്ടിയ്ക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയത് അറിഞ്ഞിരുന്നില്ല. തുടർന്ന് സ്കൂളിലെത്തിയ വിദ്യാർത്ഥിനി അദ്ധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. ഡ്രൈവറെ തിരിച്ചറിഞ്ഞ കസബ പോലീസ് ബസ് പിന്തുണർന്നാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്റ്റർ എൻ. പ്രജീഷ്,
സബ് ഇൻസ്പെക്റ്റർ അഭിഷേക്, എസ്.സി.പി.ഒ- മാരായ ജയന്തി, സുധർമ്മൻ, വിഷ്ണുപ്രഭ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഡ്രൈവറെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.