താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 02| 1197 മകരം 19| റജബ് 01| ബുധൻ | അവിട്ടം|
🔳 റോഡ്, റെയില്‍, ഭവന നിര്‍മാണ മേഖലയില്‍ വന്‍നിക്ഷേപം വാഗ്ദാനം ചെയ്യുന്ന ബജറ്റ്. ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. കാര്‍ഷിക മേഖലയ്ക്കു കാര്യമായൊന്നും ഇല്ല. പെട്രോളിയം, വളം, ഭക്ഷ്യ ഇനങ്ങള്‍ എന്നിവയ്ക്കുള്ള സബ്സിഡി വെട്ടിക്കുറച്ചു. സംസ്ഥാനങ്ങളുടെ ചുമതലയായിരുന്ന ഭൂമി രജിസ്ട്രേഷനില്‍ കേന്ദ്രത്തിന്റെ കൈകടത്തല്‍. ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലാണ് ഈ വിശേഷങ്ങള്‍.🔳ബജറ്റ് നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വില കൂടാന്‍ സാധ്യതയുള്ള ഇനങ്ങള്‍: ഇറക്കുമതി ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, കുടകള്‍, സോഡിയം സയനൈഡ്, കാര്‍ഷികോപകരണങ്ങള്‍, എഥനോള്‍ ചേര്‍ക്കാത്ത പെട്രോള്‍. കുടകള്‍ക്ക് 20 ശതമാനം വില കൂടും. കുടയ്ക്കുണ്ടായിരുന്ന കസ്റ്റംസ് തീരുവയിലെ ഇളവ് വെട്ടിക്കുറച്ചതോടെയാണിത്. കുട നിര്‍മ്മാണത്തിനുള്ള ഘടകങ്ങള്‍ക്കായിരുന്നു നേരത്തെ ഇളവുണ്ടായിരുന്നത്.
🔳വില കുറയാന്‍ സാധ്യതയുള്ള ഇനങ്ങള്‍: തുണിത്തരങ്ങള്‍, ഡയമണ്ട്, ജെം സ്റ്റോണ്‍സ്, ഇമിറ്റേഷന്‍ ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍, അസറ്റിക് ആസിഡ്, മെഥനോള്‍ അടക്കമുള്ള രാസവസ്തുക്കള്‍.
🔳കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് അവഗണന. നെല്ല്, ഗോതമ്പ് തുടങ്ങിയ വിളകളുടെ താങ്ങുവിലയ്ക്ക് 2.37 ലക്ഷം കോടി രൂപ മാറ്റിവച്ചതു മാത്രമാണ് കാര്‍ഷിക മേഖലയ്ക്കുള്ളത്. കഴിഞ്ഞ ബജറ്റില്‍ ഇത് 2.48 ലക്ഷം കോടി രൂപയായിരുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പു നടക്കാനിരിക്കേ, കാര്‍ഷിക മേഖലയ്ക്കു കൂടുതല്‍ പരിഗണന പ്രതീക്ഷിച്ചിരുന്നു.
🔳എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കും. ചോളം ഉള്‍പ്പടെ ചെറുധാന്യങ്ങളുടെ കൃഷിക്കും മൂല്യവര്‍ധനക്കും പ്രാധാന്യം നല്‍കും. കൃഷി ശാസ്ത്രീയമാക്കാന്‍ ഡ്രോണുകളുടെ സഹായം കര്‍ഷകര്‍ക്ക് നല്‍കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ. എന്നാല്‍ ഉല്‍പ്പാദന ചെലവ് കുറക്കുന്നതിനും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനും പ്രഖ്യാപനങ്ങള്‍ ഇല്ല.
🔳നദീ സംയോജനത്തിന് 44605 കോടി രൂപയുടെ പദ്ധതി. ഈ പദ്ധതി കര്‍ഷകര്‍ക്കു പ്രതീക്ഷയേകുന്നതാണ്. ഒന്‍പത് ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
🔳പോസ്റ്റ് ഓഫീസുകള്‍ ഇനി കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക്. ഈ വര്‍ഷം ഒന്നര ലക്ഷം പോസ്റ്റോഫീസുകള്‍ കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ വരും. ഇതോടെ നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, എടിഎമ്മുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും. ഓണ്‍ലൈനായി ബാങ്കിങ് ഇടപാട് നടത്താനും അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കും.
🔳ബജറ്റിനെ ജനം സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ മേഖലകളും പരിഗണിക്കപ്പെട്ടു. ബജറ്റിനുശേഷം ദൂരദര്‍ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രിയവും പുരോഗമനപരവുമായി ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിര്‍മ്മല സീതാരാമനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍ എന്നീ പര്‍വ്വത മേഖലകള്‍ക്കായി പ്രഖ്യാപിച്ച പര്‍വത് മാല പദ്ധതി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
🔳എല്ലാ വിഭാഗങ്ങളെയും ബജറ്റില്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഉദ്യോഗസ്ഥ വിഭാഗത്തിനും, മധ്യവര്‍ഗ്ഗത്തിനും, പാവപ്പെട്ടവര്‍ക്കും, യുവാക്കള്‍ക്കും, കര്‍ഷകര്‍ക്കും, ഇടത്തരം ചെറുകിട കച്ചവടക്കാര്‍ക്കും ബജറ്റില്‍ ഒന്നുമില്ല. രാഹുല്‍ഗാന്ധി വിമര്‍ശിച്ചു.
🔳സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്തുകയാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷത്തേയ്ക്കുകൂടി നീട്ടണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ബജറ്റ് പരിഗണിച്ചില്ല. കേന്ദ്ര നികുതി ഓഹരി ലഭ്യത, കേരളത്തില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള ധനസഹായം എന്നിവയില്‍ പരിഗണനയില്ല.
🔳കേന്ദ്ര ബജറ്റ് ഇന്ധന വില വര്‍ധിപ്പിക്കുന്നെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ട് രൂപ വര്‍ധിക്കും. കെ റെയിലിന് സഹായമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജിഎസ്ടി നഷ്ടപരിഹാര കാലാവധി കൂട്ടിയില്ലെങ്കില്‍ സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാകും. ബജറ്റില്‍ പ്രഖ്യാപിച്ച ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് എതിര്‍പ്പുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശവും രജിസ്‌ട്രേഷനും സംസ്ഥാന വിഷയമാണ്. കേന്ദ്രം അതു തട്ടിയെടുത്തിരിക്കുകയാണ്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
🔳കേന്ദ്ര ബജറ്റ് ജനജീവിതം ദുസഹമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിത്തെടുത്തു കുത്തിയാണ് മുന്നോട്ടു പോകുന്നതെന്നും സാമ്പത്തിക നില മെച്ചപ്പെട്ടെന്ന അവകാശവാദം തെറ്റാണെന്നും സതീശന്‍ പറഞ്ഞു.
🔳400 വന്ദേഭാരത് ട്രെയിനുകള്‍ തുടങ്ങുമെന്ന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചതിനാല്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.
🔳ഏഴു ദിവസത്തിനു താഴെയുള്ള സന്ദര്‍ശനത്തിനായി വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വീട്ടിലോ ഹോട്ടലിലോ താമസിക്കാം. കര്‍ശനമായ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ഏഴ് ദിവസത്തിനകം മടങ്ങുകയും വേണം. കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.
🔳കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചെന്ന രേഖ സര്‍ക്കാര്‍ ലോകായുക്തയില്‍ ഹാജരാക്കി. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പുനര്‍ നിയമനത്തിനായി മന്ത്രി ആര്‍ ബിന്ദു കത്തു നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. ഗവര്‍ണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാര്‍ശ ചെയ്യാതെ നിര്‍ദ്ദേശം മാത്രമല്ലേ മുന്നോട്ട് വച്ചതെന്ന് ചോദിച്ചു. കേസില്‍ വിധിവരും മുമ്പ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നും ലോകായുക്ത ചോദിച്ചു.
🔳ലോകായുക്ത നിയമത്തിലെ പതിന്നാലാം വകുപ്പു ഭരണഘടനാ വിരുദ്ധമാണെന്നു സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കു മറുപടി നല്‍കി. നിയമ ഭേദഗതിക്കു രാഷ്ട്രപതിയുടെ അനുമതി വേണ്ട. ലോക് പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാന വിഷയമാണ്. എജിയുടെ നിയമോപദേശവും സര്‍ക്കാര്‍ ഗവര്‍ണറെ അറിയിച്ചു.
🔳നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി നാളെ. ഹൈക്കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ചു. ദിലീപും സംഘവും ഹൈക്കോടതി രജിസ്ട്രാറിനു മുന്നില്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
🔳ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ ആറു ഫോണുകള്‍ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് ആലുവാ കോടതിക്കു കൈമാറി. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് തീരുമാനിക്കാം. ഫോണുകള്‍ക്കായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാം. ഫോണുകള്‍ തുറക്കാനുള്ള പാറ്റേണ്‍ ലോക്കുകള്‍ കൈമാറാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
🔳കൊവിഡ് ബാധിച്ച് കോഴിക്കോട് രണ്ട് നവജാതശിശുക്കള്‍ മരിച്ചു. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒന്നര മാസം പ്രായമുള്ള കുഞ്ഞ് സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. കുട്ടികള്‍ക്ക് ജന്മനാ മറ്റു അസുഖങ്ങള്‍ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
🔳തൃശൂരില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരനെ ഇടിച്ചുവീഴ്ത്തി ഓട്ടോയുമായി രക്ഷപ്പെട്ടയാള്‍ പിടിയില്‍. ചെറുതുരുത്തി നെടുമ്പുര വെള്ളങ്ങാലില്‍ വീട്ടില്‍ ഷനീഷിനെയാണ് പഴയന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്.
🔳വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവവധുവിനൊപ്പം കഴിഞ്ഞ വരന്‍ 30 പവന്റെ സ്വര്‍ണാഭരണങ്ങളും രണ്ടര ലക്ഷം രൂപയുമായി മുങ്ങി. പഴകുളം സ്വദേശിനിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും അപഹരിച്ചു മുങ്ങിയതിന് കായംകുളം സ്വദേശി അസറുദ്ദീന്‍ റഷീദ് എന്ന മുപ്പതുകാരനെ അടൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ 30 നായിരുന്നു വിവാഹം.
🔳പാലക്കാട് ഉമ്മിനിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷന്‍ കേസെടുത്തു. നിശ്ചിത സമയത്ത് പരീക്ഷാ ഫീസടയ്ക്കാന്‍ കഴിയാത്തതില്‍ മനം നൊന്ത് കഴിഞ്ഞ ദിവസമാണ് ബീന എന്ന ബികോം വിദ്യാര്‍ഥിനി തൂങ്ങിമരിച്ചത്.
🔳മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനുമായി അബുദാബിയില്‍ കൂടിക്കാഴ്ച്ച നടത്തി. നിക്ഷേപകരെ കേരളത്തിലേക്കു സ്വാഗതം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ വ്യവസായ അന്തരീക്ഷവും നിക്ഷേപ സാധ്യതകളും വലുതാണെന്ന് അവകാശപ്പെട്ടു.
🔳കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് മദ്യലഹരിയില്‍ അടിപിടി, ഒരാള്‍ കുത്തേറ്റു മരിച്ചു. കോഴിക്കോട് പാറോപ്പടി സ്വദേശി ഫൈസലാണ് മരിച്ചത്. ഫൈസലിനെ കുത്തിയ കായംകുളം സ്വദേശി ഷാനവാസിനെ റെയില്‍വേ സ്റ്റേഷന്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി.
🔳സാങ്കേതിക തകരാര്‍മൂലം മലയാളം വാര്‍ത്താ ചാനലുകളുടെ സംപ്രേക്ഷണം തടസപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറര മുതല്‍ ഏഴര മണിക്കൂറാണ് സംപ്രേക്ഷണം മുടങ്ങിയത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പുനസ്ഥാപിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 1,21,048 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ സ്ഥിരീകരിച്ചത് 24 മരണം. എന്നാല്‍ ഇന്നലെ രേഖപ്പെടുത്തിയ 1181 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 55,600 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍: എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552.
🔳രാജ്യത്ത് ഇന്നലെ 1,58,128 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 14,372, കര്‍ണാടക- 14,366, തമിഴ്നാട്- 16,096, ഡല്‍ഹി- 2,683.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയെട്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ രണ്ട് ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,71,028, ഫ്രാന്‍സ്- 4,16,896, ഇംഗ്ലണ്ട് - 1,12,452, റഷ്യ- 1,25,836, തുര്‍ക്കി - 1,02,601, ഇറ്റലി- 1,33,142, ജര്‍മനി-1,83,434. ഇതോടെ ആഗോളതലത്തില്‍ 38.15 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.43 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 10,080 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,052, ബ്രസീല്‍ - 767, റഷ്യ- 663, ഫ്രാന്‍സ് - 381, ഇറ്റലി - 339, സ്പെയിന്‍ - 408. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.02 ലക്ഷമായി.
🔳വിമാന ഇന്ധനത്തിന്റെ വില (എടിഎഫ്) എണ്ണക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. 8.5 ശതമാനത്തിന്റെ വര്‍ധനയാണ് വിലയിലുണ്ടായത്. ഒരു മാസത്തിനിടെ മൂന്നാമത്തെ വര്‍ധനയോടെ എടിഎഫ് സര്‍വകാല റെക്കോര്‍ഡില്‍ എത്തി. കിലോലിറ്ററിന് 6743 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പുതിയ വില 86,038 രൂപ. 2008 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ 71,028.26 രൂപയാണ് ഇതിനു മുമ്പ് എടിഎഫിനു രേഖപ്പെടുത്തിയ ഉയര്‍ന്ന വില. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വര്‍ധനയാണ് എടിഎഫ് വില വര്‍ധനയ്ക്കു കാരണമെന്ന് എണ്ണ കമ്പനികള്‍ പറയുന്നു. ഈ മാസം ഇതു മൂന്നാം തവണയാണ് കൂടുന്നത്.