About

News Now

പ്രൈം വോളി ഫൈനല്‍ ഇന്ന്: അഹമ്മദാബാദും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

 


ആവേശപോരാട്ടത്തിനൊടുവില്‍ പ്രൈംവോളി വോളിബോളിന്റെ കലാശപോരാട്ടം ഇന്ന് നടക്കും. ഞായറാഴ്ച വൈകുന്നേരം 6.45ന് നടക്കുന്ന ഫൈനലില്‍ അഹമ്മദാബാദ് ഡിഫെന്റേഴ്‌സ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സിനെ നേരിടും. സെമിഫൈനലില്‍ ഹൈദ്രാബാദ് ബ്ലാക്ക് ഹോക്‌സിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് (15-13,15-12,9-15,15-12)പരാജയപ്പെടുത്തിയാണ് അഹമ്മദാബാദ് കലാശപോരാട്ടത്തിന് ഒരുങ്ങുന്നത്. കാലിക്കറ്റ് ഹീറോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (16-14,15-10,17-15)പരാജയപ്പെടുത്തിയാണ് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ് ഫൈനല്‍ പോരാട്ടത്തിന് കച്ചമുറുക്കുന്നത്.

ഫൈനലില്‍ ഏറ്റുമുട്ടുന്ന അഹമ്മദാബാദും കൊല്‍ക്കത്തയും ആദ്യപാദമത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം അഹമ്മദാബാദിനായിരുന്നു. 19ന് നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നുസെറ്റുകള്‍ക്കാണ് (7-15,15-10,15-13,15-14,10-15)അഹമ്മദാബാദ് ഡിഫന്റേഴ്‌സ് വിജയിച്ചത്.

റോഡ്രിഗോ വില്ലാല്‍ബോ, ഷോണ്‍ ടി. ജോണ്‍, എസ്. സന്തോഷ്, ഹര്‍ദ്ദീപ് സിങ് (അറ്റാക്കര്‍), എല്‍.എം. മനോജ്, സജുപ്രകാശ് (ബ്ലോക്കര്‍), അങ്കമുത്തു, ചൗധരി ഹര്‍ഷ് (യൂണിവേഴ്‌സല്‍), പ്രസന്നരാജ, മുത്തുസാമി(സെറ്റര്‍), പ്രഭാകരന്‍(ലിബറോ) എന്നിവരടങ്ങുന്നതാണ് അഹമ്മദാബാദ് ടീം. സജാദ് ഹുസൈനും എസ്. ദക്ഷിണാമൂര്‍ത്തിയുമാണ് അഹമ്മദാബാദിന്റെ പരിശീലകര്‍.

രാഹുല്‍.കെ, തരുണ്‍ഗൗഡ, മുഹമ്മദ് റിയാസുദ്ദീന്‍, അനുജയിംസ്(അറ്റാക്കര്‍), അഷ്വല്‍ റായ്, മാത്യു ഓഗസ്റ്റ്(ബ്ലോക്കര്‍), വിനിത്ത് കുമാര്‍(യൂണിവേഴ്‌സല്‍), അരവിന്ദന്‍. എസ്, ജന്‍ഷാദ്. യു(സെറ്റര്‍), ഹരിപ്രസാദ് (ലിബറോ) എന്നിവരാണ് കൊല്‍ക്കത്തയുടെ കളിക്കാര്‍. സണ്ണിജോസഫാണ് ഹെഡ്‌കോച്ച്.