About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി 13| 1197 കുംഭം 01| റജബ് 12| ഞായർ| തിരുവാതിര

🔳രാജ്യത്ത് 22,842 കോടി രൂപയുടെ വായ്പാ തട്ടിപ്പ്. എബിജി ഷിപ് യാര്‍ഡ് കമ്പനിയാണ് തട്ടിപ്പു നടത്തിയത്. എസ്ബിഐ അടക്കമുള്ള 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് തട്ടിപ്പിന് ഇരയായത്. കമ്പനി ഡയറക്ടര്‍മാരായ റിഷി അഗര്‍വാള്‍, സന്തനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരടക്കം എട്ടു പ്രതികള്‍ക്കെതിരേ സിബിഐ കേസെടുത്തു. സൂറത്ത് അടക്കമുള്ള സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തതില്‍വച്ച് ഏറ്റവും വലിയ തട്ടിപ്പുകേസാണിത്.

🔳ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് നാളെ ആരംഭിക്കുന്ന ക്ലാസ് ഉച്ചവരെ മാത്രം. ബാച്ചുകളാക്കി തിരിച്ച്, പകുതി കുട്ടികള്‍ക്കുവീതമാണ് ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരംവരെ ക്ലാസ് നടത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗവും അധ്യാപക സംഘടനാ നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ക്‌ളാസുകള്‍ ശക്തിപ്പെടുത്തുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.  

🔳ഡല്‍ഹിയിലേക്കുള്ള കേരള എക്സ്പ്രസിനു മുകളില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടി വീണു. കോട്ടയം കുറുപ്പന്തറയിലാണു സംഭവം. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. ഡീസല്‍ എഞ്ചിനുള്ള ട്രെയിനുകള്‍ക്ക് കടന്നുപോകാന്‍ തടസ്സമില്ല. എന്നാല്‍, ഇലക്ട്രിക് എഞ്ചിനുകള്‍ ഘടിപ്പിച്ച ട്രെയിനുകളുടെ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇലക്ട്രിക്ക് എന്‍ജിനെ ട്രാക്ഷന്‍ ലൈനുമായി ബന്ധിപ്പിക്കുന്ന പാന്റോഗ്രാഫ് എന്ന സംവിധാനം തകര്‍ന്നു വീണതോടെയാണ് ഇലക്ട്രിക് ലൈന്‍ പൊട്ടിയത്.

🔳ഹിജാബ് വിവാദത്തിനിടെ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണം. സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താന്‍ ഇത് ആവശ്യമാണെന്നു ഹര്‍ജിയില്‍ പറയുന്നു. നിഖില്‍ ഉപാധ്യായ എന്നയാളാണു ഹര്‍ജി സമര്‍പ്പിച്ചത്.

🔳അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊന്ന് മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശി രാജേന്ദ്രന്റെ വിദ്യാഭ്യാസ യോഗ്യത കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. എംഎ എക്കണോമിക്സ് ബിരുദധാരിയായ ഇയാള്‍ വിദൂരവിദ്യാഭ്യാസ കോഴ്സിലൂടെ എംബിഎ ബിരുദവും നേടി. സ്ഥിരമായി ഓണ്‍ലൈന്‍ ട്രേഡിംഗ് നടത്താറുണ്ട്. വിനീതയെ കൊന്ന് മോഷ്ടിച്ച സ്വര്‍ണമാല പണയംവച്ചു ലഭിച്ച 32,000 രൂപ ഓണ്‍ലൈന്‍ ട്രേഡിംഗിലാണ് നിക്ഷേപിച്ചത്. അഞ്ചാമത്തെ കൊലപാതകമാണെന്ന വിവരം പോലീസിനെ ഞെട്ടിച്ചിരിക്കേയാണ് പ്രതിക്ക് ഇത്രയും വിദ്യാഭ്യാസയോഗ്യതയുണ്ടെന്നു പോലീസ് കണ്ടെത്തിയത്.


🔳തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ ഇടവിട്ടുള്ള ശക്തമായ മഴ. ഇടിമിന്നലിനും സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളിലെ വനമേഖലകളിലും മഴ ലഭിക്കും. തിരുവനന്തപുരം മലയോരമേഖലയിലും നഗരമേഖലയിലും ഉച്ചമുതല്‍ ശക്തമായ മഴയായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.

🔳അടുത്ത മാസം മുതല്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാനിരിക്കേ, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിവിധ പരീക്ഷകളുടെ തീയതികള്‍ മാറ്റി. മാര്‍ച്ച് രണ്ടിനു നടത്തേണ്ട മൈക്രോബയോളജിസ്റ്റ് പരീക്ഷ മാര്‍ച്ച് 27 ലേക്കും മൂന്നാം തീയതിയിലെ വര്‍ക്ക് അസിസ്റ്റന്റ് പരീക്ഷ ആറാം തീയതിയിലേക്കും നാലാം തീയതിയിലെ ലാബ് അസിസ്റ്റന്റ് പരീക്ഷ 12 ാം തീയതിയിലേക്കും മാറ്റി. മാര്‍ച്ച് എട്ടാം തീയതിയിലെ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ പരീക്ഷ ആറാം തീയതിയിലേക്കും ഒമ്പതാം തീയതിയിലെ സോഷ്യല്‍ വര്‍ക്കര്‍ പരീക്ഷ 23 ലേക്കും മാറ്റി. മാര്‍ച്ച് 10 ലെ ഓപ്പറേറ്റര്‍ പരീക്ഷ 25 ലേക്കും 11 ലെ ടെക്നീഷ്യന്‍ ഗ്രേഡ് 2 പരീക്ഷ 24 ലേക്കും 14 ാം തീയതിയിലെ എച്ച്.എസ്.ടി. മാത്തമാറ്റിക്സ് പരീക്ഷ 25 ലേക്കും മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 18 ലെ ഫയര്‍മാന്‍ ട്രെയിനി മുഖ്യ പരീക്ഷ 13 ലേക്കും 19 ലെ എച്ച്.എസ്.ടി. സോഷ്യല്‍ സയന്‍സ് പരീക്ഷ 27 ലേക്കും 22 ലെ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് മുഖ്യ പരീക്ഷ 26 ലേക്കും മാറ്റിവച്ചു.

🔳മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാളെ മര്‍ദ്ദനത്തില്‍ നിന്നു രക്ഷിച്ച അരുവിക്കര എസ് ഐ കിരണ്‍ ശ്യാമിന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. ബഹളത്തിനിടയില്‍ തറയില്‍ വീണയാളുടെ മുകളിലൂടെ കിടന്നാണ് കിരണ്‍ ശ്യാം മര്‍ദ്ദനം തടഞ്ഞത്.

🔳ഹിജാബിനുവേണ്ടി വാദിക്കുന്നവര്‍ക്കു പിറകില്‍ മുസ്ലീം പെണ്‍കുട്ടികളെ മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇസ്ലാം മത വിശ്വാസ പ്രകാരം ഹിജാബ് നിര്‍ബന്ധമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കപ്പെടണം. ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ശൈലിയിലേക്ക് മാറിയെന്നു കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തില്‍ ഗവര്‍ണര്‍ പറഞ്ഞതെന്ന് മുരളീധരന്‍ വിമര്‍ശിച്ചു.

🔳കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1845 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരന്റെ അരയില്‍ ഒളിപ്പിച്ച രണ്ടു പാക്കറ്റുകളാണു പിടിച്ചെടുത്തത്. വേര്‍തിരിച്ചെടുത്തപ്പോള്‍ 1574 ഗ്രാം 24 കാരറ്റ് സ്വര്‍ണം ലഭിച്ചു. വിപണിയില്‍ 78 ലക്ഷത്തിലധികം രൂപ വിലവരും.

🔳തൃശൂരിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയിലിലെ തടവുകാരനായ കൊല്ലം സ്വദേശി അഭിജിത്താണ് മരിച്ചത്. കോവിഡ് ബാധിച്ച് പ്രത്യേക വാര്‍ഡിലായിരുന്ന ഇയാളെ മാനസികാസ്വാസ്ഥ്യംമൂലം ജനുവരി 27 നാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. പീഡനം, കവര്‍ച്ച എന്നിവയുള്‍പ്പെടെ ഏഴു കേസുകളിലെ പ്രതിയാണ് ഇയാള്‍.

🔳എസ്ഡിപിഐ ബന്ധം ഉപേക്ഷിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തേഞ്ഞിപ്പലം സ്വദേശി മുജീബ് റഹ്‌മാനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.

🔳നടന്‍ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കൊച്ചി കുസാറ്റ് റോഡിലുള്ള അല്‍ഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

🔳മലമ്പുഴ കുമ്പാച്ചിമലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ സര്‍ക്കാരിനു ചെലവായത് അമ്പതു ലക്ഷത്തോളം രൂപ. ഹെലികോപ്റ്റര്‍ സേവനം അടക്കമുള്ള സന്നാഹങ്ങള്‍ ഒരുക്കിയതിനും പല കേന്ദ്രങ്ങളില്‍നിന്നായി സേനാംഗങ്ങളെ എത്തിക്കുന്നതിനും മറ്റുമാണ് ഇത്രയും തുക ചെലവായതെന്നു കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി.

🔳കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരും രോഗിക്ക് കൂട്ടിരിക്കാനെത്തിയ പതിന്നാലുകാരിയും തമ്മില്‍ അടിപിടി. ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയും രോഗിയുമായ 16 കാരിയുടെ കൂട്ടിരിപ്പിനായി എത്തിയ പതിന്നാലുകാരി സഹോദരിയാണ് വനിത സുരക്ഷാ ജീവനക്കാരുമായി ഏറ്റുമുട്ടിയത്. സുരക്ഷ ജീവനക്കാരുടെ മര്‍ദനമേറ്റ് 14 കാരി ചികിത്സ തേടി. സെക്യൂരിറ്റി ജീവനക്കാരായ ജോയല്‍ മേരി, റിനി എന്നിവര്‍ക്കു മര്‍ദ്ദനമേറ്റെന്നു പരാതിയുണ്ട്.

🔳ഓഹരി വിപണിയില്‍ ഇടപെടുന്നതില്‍നിന്ന് അനില്‍ അംബാനിയെ സ്റ്റോക് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ വിലക്കി. ഇദ്ദേഹത്തിന്റെ റിലയന്‍സ് ഹോം ഫിനാന്‍സ് ലിമിറ്റഡിനെയും സീനിയര്‍ എക്സിക്യുട്ടീവുമാരായ മൂന്നുപേരേയും വിലക്കിയിട്ടുണ്ട്. കമ്പനി ഫണ്ട് വകമാറ്റി, സാമ്പത്തിക രേഖകളില്‍ കൃത്രിമം കാട്ടി, സാമ്പത്തിക രേഖകളില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സെബി ആരോപിച്ചത്.

🔳ബജാജ് ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനും പത്മഭൂഷണ്‍ പുരസ്‌കാര ജേതാവുമായ രാഹുല്‍ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗമായിരുന്നു.

🔳രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും കേരളത്തില്‍ പോയി ഉത്തര്‍പ്രദേശിനെ തളളിപ്പറയുകയാണെന്ന്  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവര്‍ ഇന്ത്യക്കു പുറത്തു പോയാല്‍ രാജ്യത്തിനെതിരേ വിരല്‍ ചൂണ്ടും. രാജ്യത്തെ ജനങ്ങളെ ഇരുവര്‍ക്കും വിശ്വാസമില്ലെന്നും  തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ യോഗി ആദിത്യനാഥ് പറഞ്ഞു. കേരളത്തിനെതിരേ യോഗി ആദിത്യനാഥിന്റെ പരാമര്‍ശം വിവാദമായിരിക്കേയാണ് പുതിയ ആക്ഷേപം.

🔳'ബൈ ദി ഫാമിലി, ഫോര്‍ ദി ഫാമിലി, ഓഫ് ദി ഫാമിലി' എന്ന നിലയിലാണ് രാജ്യ ഭരണത്തെ ചിലര്‍ ഉപയോഗിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു പിയിലെ കനൗജില്‍ നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനേയും ഗാന്ധി കുടുംബത്തേയും നിശിതമായി വിമര്‍ശിച്ച് അദ്ദേഹം പ്രസംഗിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 73,965 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 23 മരണങ്ങള്‍ രേഖപ്പെടുത്തി. ഇതുകൂടാതെ ഇന്നലെ രേഖപ്പെടുത്തിയ 404 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 62,053 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 38,819 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,81,347 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുളള കണക്കുകള്‍ : എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205.

🔳രാജ്യത്ത് ഇന്നലെ നാല്‍പത്തയ്യായിരത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 4,359, കര്‍ണാടക- 3,202, തമിഴ്നാട്- 2,812, ഡല്‍ഹി- 920.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത് ലക്ഷത്തിടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു താഴെ. ബ്രസീല്‍ - 1,34,228, ഫ്രാന്‍സ് - 1,18,611, റഷ്യ- 2,03,766, തുര്‍ക്കി - 86,193, ഇറ്റലി- 62,231, ജര്‍മനി - 1,51,871, ജപ്പാന്‍ - 98,173. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.05 കോടിപേര്‍ക്ക്. നിലവില്‍ 7.41 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 9,997 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,167, ഇന്ത്യ - 804, ബ്രസീല്‍ - 1041, റഷ്യ- 722. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.18 ലക്ഷമായി.

🔳പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം കുതിച്ചുയര്‍ന്ന് 87.64 ബില്യണ്‍ രൂപയായി. കമ്പനിയുടെ ലാഭം 84.3 ബില്യണ്‍ രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12.58 ബില്യണ്‍ രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മൊത്ത വരുമാനം 284.74 ബില്യണ്‍ രൂപയാണ്. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 67.3 ശതമാനം കൂടുതലാണ്. 5 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1.75 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം ബോര്‍ഡ് അംഗീകരിച്ചു. ഒഎന്‍ജിസി 2022 ഫെബ്രുവരി 22 ഡിവിഡന്റ് നല്‍കുന്നതിനുള്ള തീയതിയായി നിശ്ചയിച്ചു. 2021 നവംബറില്‍ നേരത്തെ പ്രഖ്യാപിച്ച ഒരു ഓഹരിക്ക് 5.50 രൂപ എന്ന ആദ്യ ഇടക്കാല ലാഭവിഹിതത്തിന് പുറമേയാണിത്.