About

News Now

അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ

 


കോഴിക്കോട്: 

നിരവധി ഭവനഭേദന കേസുകളിൽ പ്രതിയായ അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിലായി. തൃച്ചി അമ്മംകുളം വീതി അരിയമംഗലം സുരേഷ് എന്ന ടെൻഷൻ സുരേഷി (40) നെയാണ് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡി ഐ ജി എവി ജോർജ്ജ് ഐപിഎസിൻ്റെ നിർദ്ദേശാനുസരണം നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ ജയകുമാറിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച കാവൽ സ്ക്വാഡും കസബ പോലീസും ചേർന്ന് പിടികൂടിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും നാലു വർഷവും കോഴിക്കോട് ജയിലിൽ ഒരു വർഷവും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ശേഷം മലപ്പുറം ജില്ലയിലെ പതിനഞ്ചോളം ഷോപ്പുകൾ പൊളിച്ച ശേഷം ചെന്നൈയിലേക്ക് ഒളിവിൽ പോവുകയും ശേഷം അവിടുത്തെ ഗുണ്ടാ നേതാവിനോടൊപ്പം ചേർന്ന് കവർച്ച കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയും വരുന്ന വഴി വയനാട് ജില്ലയിലെ രണ്ട് വീടുകളിൽ ഭവനഭേദനം നടത്തി കോഴിക്കോടെത്തി ഒളിവിൽ കഴിയുകയുമായിരുന്നു. സുരേഷ് ലഹരിമരുന്ന് വില്പന കേസിലേയും പ്രതിയാണ്.കൂട്ടുപ്രതികളെയെല്ലാം പിടികൂടിയെങ്കിലും സുരേഷിനെ പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം രാത്രി കസബ ഇൻസ്പെക്ടർ എം. പ്രജീഷിൻ്റെ നേതൃത്വത്തിൽ ഒപ്പറേഷൻ കാവലിൻ്റെ ഭാഗമായി നടത്തിയ രാത്രികാല പട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സുരേഷിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കസബ സബ്ബ് ഇൻസ്പെക്ടർ ടി.എസ് ശ്രീജിത്ത് കോഴിക്കോട് സിറ്റി കാവൽ സ്ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്,കെ.അബ്ദുൾ റഹിമാൻ,കെപി മഹീഷ്, എം.ഷാലു,മഹേഷ് പൂക്കാട്, സി.കെ.സുജിത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി  എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.