About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | ഫെബ്രുവരി 17| 1197 കുംഭം 05| റജബ് 16| വ്യാഴം| മകം



🔳കെഎസ്ഇബിയില്‍ ശമ്പളം വര്‍ധിപ്പിച്ചതു സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട്. ശമ്പളവും പെന്‍ഷനും വര്‍ധിപ്പിച്ചതുമൂലം 1,200 കോടി രൂപ അധിക ബാധ്യതയുണ്ടായി. ഇതുമൂലം കെഎസ്ഇബിയുടെ നഷ്ടം വര്‍ധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചട്ടം ലംഘിച്ചു ശമ്പളം വര്‍ധിപ്പിച്ചതു സംബന്ധിച്ച് വിശദീകരണം വേണമെന്ന് ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ കെഎസ്ഇബിക്കു നോട്ടീസ് നല്‍കി. നഷ്ടം നികത്താന്‍ കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയിരിക്കേയാണ് ശമ്പളവര്‍ധന വിവാദമായത്.

🔳കെഎസ്ഇബിയില്‍ ചെയര്‍മാനെതിരേ സമരത്തിനിറങ്ങിയ സിഐടിയുവിനെ പിന്തുണച്ച് മുന്‍മന്ത്രി എ.കെ. ബാലന്‍. കെഎസ്ഇബി ആര്‍ക്കും കുടുംബസ്വത്തായി കിട്ടിയതല്ലെന്നു ബാലന്‍. തര്‍ക്ക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ചുകൂട്ടിയ യോഗം ഇന്നുച്ചയ്ക്ക് മന്ത്രിയുടെ വസതിയില്‍.

🔳പോലീസില്‍ കുഴപ്പക്കാരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കൂട്ടര്‍ക്കെതിരേ നടപടിയുണ്ടാകും. പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കുന്നവര്‍ ആരെല്ലാമാണെന്ന് അറിയാം. സിപിഐയെ ശത്രുതയോടെ കാണരുതെന്നും പിണറായി ഓര്‍മിപ്പിച്ചു.  

🔳യുക്രെയിനിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ കൂടുതല്‍ സര്‍വീസ് തുടങ്ങും. വിദ്യാര്‍ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

🔳യുക്രെയിന്‍ അതിര്‍ത്തിയില്‍നിന്നു പിന്മാറുകയാണെന്നു റഷ്യ ദൃശ്യങ്ങള്‍ സഹിതം പ്രചരിപ്പിച്ചെങ്കിലും പിന്മാറിയിട്ടില്ലെന്ന് നാറ്റോ. യുദ്ധസന്നാഹങ്ങളുമായി റഷ്യന്‍ പട്ടാളം അതിര്‍ത്തിയില്‍തന്നെയുണ്ടെന്ന് നാറ്റോ വ്യക്തമാക്കി. സൈന്യം നടത്തുന്ന ഒരുക്കങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും നാറ്റോ പുറത്തുവിട്ടു.

🔳ശബരിമലയില്‍ തമിഴ്നടന്‍ ചിരഞ്ജീവിക്കൊപ്പം യുവതി ദര്‍ശനം നടത്തിയെന്നു തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം. ചിരഞ്ജീവിക്കൊപ്പം ദര്‍ശനം നടത്തിയത് വ്യവസായി ചുക്കാപ്പള്ളി ഗോപിയും 56 വയസുള്ള ഭാര്യ മധുമതി ചുക്കാപ്പള്ളിയുമാണ്. ആധാര്‍ കാര്‍ഡില്‍ മധുമതിയുടെ ജനനവര്‍ഷം 1966 ആണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര്‍. അനന്തഗോപന്‍ വ്യക്തമാക്കി.

🔳കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പു പരിശോധന നടത്തി. തട്ടുകടയില്‍നിന്ന് ഉപ്പിലിട്ടതാണെന്നു ധരിച്ച് അസറ്റിക് ആസിഡുപോലുള്ള ദ്രാവകം കഴിച്ച് കുട്ടികള്‍ ആശുപത്രിയിലായ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. തട്ടുകടകളില്‍നിന്ന് ചൊറുക്കയല്ലാതെ അപകടകാരികളായ ആസിഡോ ദ്രാവകങ്ങളോ കണ്ടെത്താനായില്ല.

🔳ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റു തടയാന്‍ ഹൈക്കോടതിയുടെ പേരില്‍ വ്യാജ ഉത്തരവു ചമച്ചെന്ന് ആരോപിച്ച് അഭിഭാഷകനെ അറസ്റ്റു ചെയ്തു. കരമനയില്‍ ഭാര്യയെ തലക്കടിച്ചെന്ന കേസില്‍ പ്രതി പ്രശാന്ത്കുമാറിനെയാണ് അറസ്റ്റു ചെയ്തത്. വധശ്രമക്കേസില്‍ അറസ്റ്റു തടയാന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍  ഹൈക്കോടതി ഉത്തരവുണ്ടെന്നു കാണിച്ച് വ്യാജരേഖയുണ്ടാക്കിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

🔳പെണ്‍കുട്ടികളുടെ ഹിജാബ് അഴിപ്പിക്കുന്ന നടപടി പ്രാകൃതവും ലജ്ജാകരവുമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൌലവി. ഓരോ മതവിഭാഗങ്ങള്‍ക്കും വസ്ത്ര സ്വാതന്ത്യമുണ്ട്. പൂണൂല്‍ ധരിക്കുന്നവരും പൊട്ടു തൊടുന്നവരും തലപ്പാവ് അണിയുന്നവരുമെല്ലാം നമ്മുടെ രാജ്യത്തുണ്ട്. ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കല്‍ അനീതിയും വിവേചനവുമാണ്. നമ്മുടെ രാജ്യം ലോകത്തിനു മുന്നില്‍ നാണം കെടുകയാണെന്നും ഇമാം കൂട്ടിച്ചേര്‍ത്തു.

🔳ഹിജാബ് വിഷയം ഉപയോഗിച്ച് കേരളത്തില്‍ വിവാദമുണ്ടാക്കാനാണു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഔചിത്യമില്ലായ്മയാണ് ഗവര്‍ണര്‍ കാണിക്കുന്നത്. ഇന്ന് ഗവര്‍ണര്‍ പറയുന്നത് നാളെ ബിജെപി ഏറ്റെടുത്താല്‍ എന്താവും സ്ഥിതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി ചോദിച്ചു.

🔳സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍ നാസര്‍ തുടരും. സംസ്ഥാന സമിതി അംഗം സജി ചെറിയാന്‍ ജില്ലാ കമ്മറ്റിയില്‍നിന്ന് ഒഴിവായി.

🔳അട്ടപ്പാടി മധുകൊലക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി. രാജേന്ദ്രനെ നിയമിച്ചു. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോന്‍ അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ  കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം. കേസ് നാളെ ഒറ്റപ്പാലം എസ് സി എസ്ടി കോടതി പരിഗണിക്കും.

🔳കെഎസ്ഇബി ക്രമക്കേടില്‍ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഗുരുതരമായ ക്രമക്കേടുകളാണ് പുറത്തുവന്നത്. ആയിരക്കണക്കിന് കോടി രൂപ നഷ്ടത്തിലേയ്ക്കു കെഎസ്ഇബിയെ തള്ളിയിട്ടിട്ട് ജനങ്ങളുടെ തലയില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധന കെട്ടിവെയ്ക്കാനാണു സര്‍ക്കാര്‍ ശ്രമം. കോണ്‍ഗ്രസ് ഇതനുവദിക്കില്ലെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

🔳ലോകായുക്ത നിയമഭേദഗതിക്കെതിരേ നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിരാകരണ പ്രമേയക്കാര്യം യുഡിഎഫും പാര്‍ലമെന്ററി കമ്മിറ്റിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂവെന്നു സതീശന്‍ പറഞ്ഞു. ചെന്നിത്തല ആരോടും ആലോചിക്കാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനെതിരേ പ്രതികരിക്കുകയായിരുന്നു സതീശന്‍.

🔳കൊവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന എയര്‍ ഇന്ത്യയുടെ ജിദ്ദ - കോഴിക്കോട് സര്‍വീസുകള്‍ തിങ്കളാഴ്ച  പുനഃരാരംഭിക്കും. സ്പൈസ് ജെറ്റ് ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ചു.

🔳സന്ദര്‍ശക വിസയില്‍ വിദേശത്തു കൊണ്ടുപോയി ജോലി വാങ്ങിത്തരാമെന്നു വിശ്വസിപ്പിച്ച് പലരില്‍നിന്നു പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. തിരുവല്ല സ്വദേശി അജില്‍ (29) ആണു പിടിയിലായത്.  

🔳ഒറ്റപ്പാലത്തെ ആഷിക് കൊലക്കേസിലെ പ്രതി ഫിറോസ് വിദേശത്തേക്കു പോകാന്‍ ഒരുങ്ങിയതാണ് ഇരുവരും തമ്മില്‍ കലഹത്തിന് ഇടയാക്കിയതെന്ന് പോലീസ്. കൊല്ലപ്പെട്ട ആഷിക്കും പ്രതി ഫിറോസും കഞ്ചാവു കേസിലെ പ്രതികളാണ്. ഇരുവര്‍ക്കുമെതിരെ ആറിലധികം കേസുകളുണ്ടെന്നും പോലീസ്.

🔳കണ്ണൂര്‍ മാതമംഗലത്തെ കട സിഐടിയു സമരം നടത്തി പൂട്ടിച്ച വിഷയത്തില്‍ തിങ്കളാഴ്ച ചര്‍ച്ച. ലേബര്‍ കമ്മീഷണറാണു ചര്‍ച്ചക്ക് വിളിച്ചത്. കടയിലേക്കുള്ള ചരക്കിറക്കുന്ന തൊഴില്‍ തങ്ങളുടെ അവകാശമാണെന്ന് സമരം നടത്തുന്ന സിഐടിയു.

🔳കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറക്കി.

🔳കാക്കനാട് എംഡിഎംഎ കേസിലെ മുഖ്യപ്രതി ഷംസുദ്ദീന്‍ സേട്ട് അറസ്റ്റില്‍. മധുരയില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എംഡിഎംഎ മൊത്ത വിതരണക്കാരനാണ് ഇയാള്‍. പ്രതികള്‍ ഇയാളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിച്ചതിന്റെ തെളിവും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

🔳കോഴിക്കോട് മണിയൂര്‍ ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ബിജെപി പ്രവര്‍ത്തകനായ ചെരണ്ടത്തൂര്‍ ഹരിപ്രസാദിന്റെ കൈപ്പത്തി തകര്‍ന്നു.വടകര പൊലീസ് കേസെടുത്തു.

🔳കേരളത്തില്‍ ഇന്നലെ 77,598 സാമ്പിളുകള്‍ പരിശോധിച്ചതില്‍  12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 25 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ രേഖപ്പെടുത്തിയ 313 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 63,019 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,906 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,13,798 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട് 495, കണ്ണൂര്‍ 444, പാലക്കാട് 438, മലപ്പുറം 419, കാസര്‍ഗോഡ് 264.

🔳രാജ്യത്ത് ഇന്നലെ 29,059 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 2,748, കര്‍ണാടക- 1,894, തമിഴ്നാട്- 1,310.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,41,828, റഷ്യ- 1,79,284, തുര്‍ക്കി - 94,176, ജര്‍മനി - 2,34,886. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.78 കോടിപേര്‍ക്ക്. നിലവില്‍ 7.11 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,193 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 1,926, ഇന്ത്യ - 538, ബ്രസീല്‍ - 952, റഷ്യ- 748. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.66 ലക്ഷമായി.

🔳ടിവിയെ പിന്നിലാക്കി സ്മാര്‍ട്ട് ഫോണ്‍. രാജ്യത്തെ പരസ്യ വിപണിയിലും ഇത് പ്രതിഫലിക്കുകയാണ്. ഈ വര്‍ഷം ഡിജിറ്റല്‍ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി രാജ്യത്തെ സ്ഥാപനങ്ങള്‍ 48,603 കോടി രൂപ ചെലവാക്കുമെന്നാണ് റിപ്പോര്‍ട്ട്. പരസ്യങ്ങളുടെ ആകെ ചെലവിന്റെ 45 ശതമാനവും നീക്കിവെക്കുക ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാവും. മീഡിയ ഇന്‍വെസ്റ്റ്മെന്റ് സ്ഥാപനം ഗ്രൂപ്പ്എം ആണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ഈ വര്‍ഷം ഇന്ത്യയിലെ പരസ്യ വിപണി 1,07,987 കോടിയുടേതാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 690 ബില്യണ്‍ മണിക്കൂറുകളാണ് ഇന്ത്യക്കാര്‍ മൊബൈല്‍ ആപ്പുകളില്‍ ചെലവഴിച്ചത്. ഡിജിറ്റല്‍, ടിവി ചാനലുകള്‍ വിപണിയില്‍ മേധാവിത്വം തുടരുമ്പോള്‍ റേഡിയോ, പത്ര മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ ഈ വര്‍ഷം 5 ശതമാനം ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.