About

News Now

ഗർഭാശയ മുഖ ക്യാൻസർ നിർണയ പരിശീലന പരിപാടി സംഘടിപ്പിച്ചു

 

താമരശ്ശേരി: 

സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ക്യാൻസറുകളിൽ ഒന്നായ ഗർഭാശയമുഖ ക്യാൻസർ മുൻകൂട്ടി കണ്ടു പിടിച്ചു ക്യാൻസർ വിമുക്ത കോഴിക്കോട് ജില്ല എന്ന ലക്ഷ്യത്തോടെ ജില്ല ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം കോഴിക്കോട്, കെ.എഫ്.ഒ.ജി, കെ.എഫ്.ഒ.ജി ഓങ്കോളജി കമ്മിറ്റി, സി.ഒ.ജി.എസ്.  എന്നിവയുടെ അഭിമുഖ്യത്തിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വച്ച് ഗർഭാശയ മുഖ ക്യാൻസർ നിർണയ പരിശീലന പരിപാടി 

സംഘടിപ്പിച്ചു. ഗർഭാശയ മുഖ ക്യാൻസർ നിർണയ പരിശീലന പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു.

 ഗർഭാശയമുഖ ക്യാൻസർ അതിന്റെ ലക്ഷണങ്ങൾ വളരെ വൈകി മാത്രം പ്രകടമാക്കുന്നുള്ളു എന്നത് കൊണ്ട് ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനു മുൻപ് തന്നെ വേദന രഹിതവും വളരെ വേഗത്തിൽ ചെയ്യാവുന്നതുമായ പരിശോധനയിലൂടെ വളരെ വേഗത്തിൽ രോഗലക്ഷണങ്ങൾ കണ്ടെത്താൻ സാധിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ ഉമ്മർ ഫാറൂഖ് അറിയിച്ചു. ചടങ്ങിൽ താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ കേശവനുണ്ണി അധ്യക്ഷത വഹിച്ചു. കെ.എഫ്.ഒ.ജി. ഓങ്കോളജി കമ്മിറ്റി ചെയർപേഴ്സൺ ഡോ ജീന ബാബുരാജിന്റെ വിഷ്വൽ ഇൻസ്‌പെക്ഷൻ അസിറ്റിക് ആസിഡ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.

ഡോ ഷീബ ജോസഫ്, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഖദീജ സത്താർ, അംഗങ്ങളായ എ. അരവിന്ദൻ, മഞ്ജിത കെ കെ, എന്നിവരും ഡോ പ്രിയ ഗണേഷ് കുമാർ, ഡോ ജോസ്,ഡോ ജീന ബാബുരാജ്, ഡോ നവീൻ എ,ഡോ. ജ്യോതി ആർ ചന്ദ്രൻ, ഡോ സുബാഷ് മല്യ, ഡോ. പി.കെ. ശേഖരൻ,  കെ.കെ ചന്ദ്രശേഖരൻ,  കെ. സി. ബഷീർ എന്നിവർ സംസാരിച്ചു.

പരിശീലനത്തോടനുബന്ധിച്ചു താമരശ്ശേരി ഗ്രാമപഞ്ചായത്ത്‌ വനിത മെമ്പർമാർ, ആശ പ്രവർത്തകർ എന്നിവർക്കായി നരിക്കുനി ഹെൽത്ത് ബ്ലോക്കിന്‌ കീഴിലുള്ള ജെപിഎച്ച്എൻമാർ ഗൈനക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിൽ ഗർഭാശയമുഖ ക്യാൻസർ പരിശോധന നടത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഗർഭാശയമുഖ ക്യാൻസർ വിമുക്ത പഞ്ചായത്ത് ആക്കുന്നതിനുള്ള പരിപാടികൾ യോഗത്തിൽ ആസൂത്രണം ചെയ്തു.