അവയവദാനത്തിന് മാതൃക തീർത്ത് കോഴിക്കോട് ജില്ലാ പഞ്ചായത്ത്
കോഴിക്കോട്:
അവയവദാനത്തിലും കോഴിക്കോട് ജില്ലാപഞ്ചായത്ത് മാതൃകയാവുന്നു. മരണശേഷം അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് സ്നേഹ സ്പർശം പദ്ധതിയായ 'ജീവൽദാന'ത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗങ്ങളും ജീവനക്കാരും മരണാനന്തര അവയവ മാറ്റത്തിന് സന്നദ്ധരായി സമ്മതപത്രം ഒപ്പിട്ട് നൽകും.
ഇന്ന് (ഫെബ്രുവരി ഏഴ്) സൗജന്യ വൃക്ക മാറ്റ ശസ്ത്രക്രിയാ പദ്ധതിയായ സ്നേഹസ്പർശം 'ജീവജ്യോതി'യുടെ ഉദ്ഘാടന ചടങ്ങിൽ അവയവദാനസമ്മതപത്രം ജില്ലാകലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന് കൈമാറും.
അന്ധർ, ഗുരുതരമായ വൃക്കരോഗം, കരൾ രോഗം, ഹൃദ്രോഗം എന്നിവ കൊണ്ട് നിത്യദുരിതത്തിലായവർ, അപകടങ്ങളിൽ അവയവം നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് പദ്ധതി കൈത്താങ്ങാവും. സ്നേഹസ്പർശം കിഡ്നി പേഷ്യൻ്റ്സ് വെൽഫെയർ സൊസൈറ്റിയിലൂടെ കഴിഞ്ഞ ഒൻപത് വർഷമായി ആയിരക്കണക്കിന് രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നുണ്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത്.