ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 20 ഞായർ| 1197 കുംഭം 8 അത്തം| റജബ് 19|
🔳മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് ഉടനേ നിര്‍ത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പെന്‍ഷന്‍ സംബന്ധിച്ച ഫയലുകള്‍ വിളിപ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനകം വിഷയത്തില്‍ നടപടിയെടുക്കും. എല്ലാ മന്ത്രിമാര്‍ക്കും ഇരുപതിലധികം സ്റ്റാഫുണ്ട്. ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണ്. പ്രതിപക്ഷ നേതാവല്ല തന്നെ നിയമിച്ചതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
🔳വ്യവസായികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥര്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്വയംഭരണ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വല്ലാത്ത അതിമോഹം ചിലര്‍ക്കുണ്ട്. ഇത്തരക്കാരോട് പറയാനുള്ളത് ജയില്‍ ഭക്ഷണം കഴിച്ച് ജീവിക്കേണ്ടി വരുമെന്നാണ്. നിക്ഷേപവുമായി വ്യവസായികള്‍ വരുമ്പോള്‍, നിക്ഷേപ തുകയ്ക്കനുസരിച്ചുള്ള തുക തനിക്കു വേണമെന്നു പറയാന്‍ മടിക്കാത്ത ചില ഉദ്യോഗസ്ഥരുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് വീട്ടില്‍നിന്ന് അധികം ഭക്ഷണം കഴിക്കാന്‍ കഴിയില്ല. ജനങ്ങളാണ് ഏതു സര്‍ക്കാരിന്റെയും യജമാനന്മാരെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
🔳കോണ്‍ഗ്രസ് പുനസംഘടനയ്ക്കു സാവകാശം തേടി കെപിസിസി നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പിന്റെ വരണാധികാരി ജി. പരമേശ്വരയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും കൂടിക്കാഴ്ച നടത്തി. ഈ മാസം 28 നകം കെപിസിസി, ഡിസിസി പുനസംഘടന പൂര്‍ത്തിയാക്കുമെന്നാണ് കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും വരണാധികാരിയുമായ പരമേശ്വരയ്ക്കു നല്‍കിയ ഉറപ്പ്.
🔳കെഎസ്ഇബിയില്‍ 4,230 പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നു. ചെയര്‍മാനും ജീവനക്കാരുടെ യൂണിയനുകളും തമ്മിലുള്ള പോര് ഒത്തുതീര്‍ന്നതിനു പിറകേയാണ് ഇത്രയും പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത്. പത്തു ദിവസത്തിനകം സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടി കെഎസ്ഇബി ചെയര്‍മാനു നിര്‍ദേശംനല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം വൈദ്യുതി നിരക്കു വര്‍ധിപ്പിക്കാനിരിക്കേയാണ് ഇത്രയും പേര്‍ക്കു സ്ഥാനക്കയറ്റം നല്‍കുന്നത്.
🔳ഉത്തര്‍പ്രദേശില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ തെരഞ്ഞെടുപ്പു പ്രചാരണയോഗത്തില്‍ ജോലി തരൂവെന്ന് മുദ്രാവാക്യം മുഴക്കി യുവാക്കള്‍. ഇന്ത്യന്‍ സൈന്യത്തിലേക്കു റിക്രൂട്ടുമെന്റ് നടത്തണമെന്നും അവര്‍ മുദ്രാവാക്യം മുഴക്കി. നിയമനങ്ങള്‍ നടത്തുമെന്ന് മന്ത്രി പ്രസംഗിച്ചതോടെയാണ് യുവാക്കള്‍ മുദ്രാവാക്യം വിളി അവസാനിപ്പിച്ചത്.
🔳 സി പി എം പ്രവർത്തകരുടെ അക്രമത്തിൽ കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ തലയോട്ടിയിലെ ക്ഷതം മരണകാരണം ആയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തലയോട്ടിക്കു പിറകില്‍ രണ്ടിടങ്ങളില്‍ ക്ഷതമുണ്ട്. ക്ഷതംമൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ചു. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളില്‍ പൊട്ടല്‍ ഉണ്ടായി. ദീപുവിന്റെ മൃതദേഹം സംസ്‌കരിച്ചു. അന്ത്യാഞ്ജലിയേകാന്‍ വന്‍ ജനാവലി എത്തി.
🔳കെഎസ്ആര്‍ടിസി ബസില്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് നിരോധിച്ചു. ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സഭ്യമല്ലാതെ സംസാരിക്കുന്നതും അമിത ശബ്ദത്തില്‍ വീഡിയോ, ഗാനങ്ങള്‍ ശ്രവിക്കുന്നതും സഹയാത്രക്കാര്‍ക്കു ബുദ്ധിമുണ്ടാകുമെന്നതിനാലാണ് നിരോധനമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീട്ടിലെ ബോംബ് സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി. ഏച്ചൂര്‍ സംഘത്തിലെ രാഹുല്‍ ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. ബോംബ് നിര്‍മ്മിക്കാന്‍ വെടിമരുന്ന് നല്‍കിയ അനൂപിനായി തിരച്ചില്‍ തുടരുകയാണ്.
🔳 ശ്രീറാം വെങ്കിട്ടരാമന് പുതിയ പദവി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയായിട്ടാണ് പുതിയ നിയമനം. ബാലമുരളിയെ മാറ്റിയാണ് ശ്രീറാമിന് നിയമനം നല്‍കിയത്. ബാലമുരളിയെ ഗ്രാമവികസന കമ്മീഷണറായി നിയമിച്ചു. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് നിലവില്‍ ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ
🔳കെഎസ്ഇബിയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് ചെയര്‍മാന്‍ ഡോ. ബി. അശോക് പിന്‍വലിച്ചു. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ പിശകുണ്ടായെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെസ്ഇബിയുടെ ഭൂമി പാട്ടത്തിനു നല്‍കിയതിലെ ക്രമക്കേടും ജീവനക്കാരുടെ സംഘടനകള്‍ക്കെതിരായ ആരോപണങ്ങളും ഉണ്ടായിരുന്ന പോസ്റ്റാണു പിന്‍വലിച്ചത്.
🔳മലപ്പുറം പുത്തനത്താണിയിലെ ഏഴു വയസുകാരന്റെ മരണ കാരണം ഷിഗല്ലയെന്നു സംശയം. ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം മലപ്പുറത്ത് പ്രതിരോധ നടപടികള്‍ ശക്തമാക്കി. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വയറിളക്ക രോഗമുണ്ടായത് ഷിഗല്ല ബാക്ടീരിയ മൂലമാണ്. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്.
🔳സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആര്‍ഡിഎസിനെതിരെ കേസ്. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചെന്ന പരാതിയില്‍ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷനാണ് കേസെടുത്തത്.
🔳'എന്നെ കൊല്ലണമെങ്കില്‍ കൊന്നോളൂ, ഇങ്ങനെ ദ്രോഹിക്കരുതെ'ന്ന് സ്വപ്ന സുരേഷ്. മക്കളെ വളര്‍ത്താന്‍ ജോലി വേണം. അതു കളയാന്‍ ചിലര്‍ വിവാദമുണ്ടാക്കുന്നതു കഷ്ടമാണെന്നു സ്വപ്ന പറഞ്ഞു.
🔳വ്യാജ രേഖകള്‍ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച്. വ്യാജ എഫ്ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. 2015 ല്‍ രജിസ്റ്റര്‍ ചെയ്ത അപകട കേസില്‍ പരിക്കേറ്റ യുവാവിന് 2,84,000 രൂപയും എട്ടു ശതമാനം പലിശയുമാണ് വിധിച്ചത്. ഡോക്ടറുടെ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും തുക നഷ്ടപരിഹാരം അനുവദിച്ചത്. ഈ രേഖ വ്യാജമാണെന്നു പിന്നീടു കണ്ടെത്തിയതോടെയാണ് അന്വേഷണ നടപടികള്‍ തുടങ്ങിയത്.
🔳പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഗവര്‍ണര്‍ നിലപാട് എടുക്കേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. 157 സ്റ്റാഫുകളുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത്. ഭരണഘടനാ ചുമതല വഹിക്കാനാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണം. ഗവര്‍ണര്‍ മൂന്നാറില്‍ പോയ ചെലവ് ഞങ്ങള്‍ ചോദിക്കുന്നില്ലല്ലോ എന്നും അദ്ദേഹം വിമര്‍ശിച്ചു.
🔳കേരളത്തില്‍ ഇന്നലെ 62,301 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 16 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ഇന്നലെ രേഖപ്പെടുത്തിയ 508 മുന്‍മരണങ്ങളോടെ സംസ്ഥാനത്തെ ആകെ മരണം 64,053 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,086 പേര്‍ രോഗമുക്തി നേടി. ഇതോടെ 75,017 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1462, തിരുവനന്തപുരം 750, കോഴിക്കോട് 653, കോട്ടയം 542, തൃശൂര്‍ 542, കൊല്ലം 501, ആലപ്പുഴ 363, മലപ്പുറം 339, പാലക്കാട് 316, പത്തനംതിട്ട 311, ഇടുക്കി 298, വയനാട് 285, കണ്ണൂര്‍ 270, കാസര്‍ഗോഡ് 125.
🔳രാജ്യത്ത് ഇന്നലെ 18,658 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,635 കര്‍ണാടക- 1,137, തമിഴ്‌നാട്- 1,051.
🔳ആഗോളതലത്തില്‍ ഇന്നലെ പതിനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനടുത്ത്. ബ്രസീല്‍ - 1,03,363, റഷ്യ- 1,79,147, ജര്‍മനി - 1,37,722. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 42.34 കോടി പേര്‍ക്ക്. നിലവില്‍ 6.92 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7532 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 494, ഇന്ത്യ - 673, ബ്രസീല്‍ - 769, റഷ്യ- 798. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.99 ലക്ഷമായി.
🔳രാജ്യത്തെ കോടീശ്വര കുടുംബങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 11 ശതമാനത്തിന്റെ വര്‍ധന. ദി ഹുറുണ്‍ ഇന്ത്യ റിപ്പോര്‍ട്ടാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്. ഡോളര്‍ മില്യണെയര്‍ എന്നാണ് ഹുറുണ്‍ ഈ വിഭാഗത്തെ വിശേഷിപ്പിക്കുന്നത്. കുറഞ്ഞത് ഏഴ് കോടി രൂപയുടെ ആസ്ഥിയുള്ള കുടുംബങ്ങളെയാണ് ഹുറുണ്‍ കോടീശ്വര പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 4.58 ലക്ഷം ഇന്ത്യന്‍ കുടുംബങ്ങളാണ് കോടീശ്വര പട്ടികയില്‍ ഇടം നേടിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 ശതമാനം വര്‍ധനവോടെ ഇന്ത്യന്‍ കോടീശ്വര കുടുംബങ്ങളുടെ എണ്ണം 6 ലക്ഷത്തിലെത്തുമെന്നും ഹുറുണ്‍ പറയുന്നു. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണത്തില്‍ മുംബൈ (20,300 കുടുംബങ്ങള്‍) ആണ് ഒന്നാമത്. ന്യൂഡല്‍ഹി (17,400), കൊല്‍ക്കത്ത (10,500) എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.