സര്‍ക്കാര്‍ ആശുപത്രികളിലെ താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം: എസ്.ടി.യു
താമരശ്ശേരി:
സര്‍ക്കാര്‍ ആശുപത്രികളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്നും ഗവ. താലൂക്ക് ആശുപത്രി ടെമ്പററി എംപ്ലോയീസ് യൂണിയന്‍ (എസ്.ടി.യു) ആവശ്യപ്പെട്ടു. ആരോഗ്യ രംഗത്തെ താല്‍ക്കാലിക ജീവനക്കാര്‍ വിവിധ തരത്തിലുള്ള തൊഴില്‍ പ്രതിസന്ധി നേരിടുകയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച വേതനം പോലും പലയിടങ്ങളിലും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. മാത്രമല്ല മേലധികാരികളുടെ ഭാഗത്ത് നിന്ന് പലയിടങ്ങളിലും താല്‍ക്കാലിക ജീവനക്കാര്‍ക്ക് മാനസിക പീഡനം നേരിടുന്ന സാഹചര്യമുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ജനകീയമോണിറ്ററിംഗ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ഉത്സവ കാലങ്ങളില്‍ പ്രത്യേക അലവന്‍സ് പ്രഖ്യാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയന്‍ അംഗത്വമെടുത്തവര്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. യോഗം താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന. സെക്രട്ടറി പി.പി. ഹാഫിസ് റഹിമാന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എസ്.ടി.യു പ്രസിഡണ്ട് വി.കെ. മുഹമ്മദ് കുട്ടിമോന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി പുതിയ അംഗങ്ങളെ ഷാളണിയിച്ചു. എസ്.ടി.യു നിയോജക മണ്ഡലം പ്രസിഡണ്ട് അഷ്‌റഫ് കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ. കൗസര്‍, കെ.കെ. ഹംസക്കുട്ടി, കമ്മു ചുങ്കം സംസാരിച്ചു. വര്‍ക്കിംഗ് പ്രസിഡണ്ട് വി.സി. അബൂബക്കര്‍ സ്വാഗതവും എസ്.ടി.യു നിയോജക മണ്ഡലം ട്രഷറര്‍ കാസിം കാരാടി നന്ദിയും പറഞ്ഞു.