ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 15| 1197 കുംഭം 03| റജബ് 14| ചൊവ്വ| പൂയം
🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം ഇന്ത്യക്കാര്‍ യുക്രെയിനിലുണ്ട്.
🔳നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍നിന്നു ചോര്‍ന്നെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ജോസഫ് സാജുവിനാണ് അന്വേഷണ ചുമതല. ദൃശ്യം ചോര്‍ന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടി രാഷ്ട്രപതിക്കും സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും ചീഫ് ജസ്റ്റിസുമാര്‍ക്കും പരാതി അയച്ചിരുന്നു.
🔳നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധഗൂഢാലോചനാ കേസ് കെട്ടിച്ചമച്ചതാണെന്നും പിറകില്‍ ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയുണ്ടെന്നും ദിലീപ് ഹൈക്കോടതിയില്‍. എഫ്ഐആര്‍ റദ്ദാക്കണം. ഇല്ലെങ്കില്‍ അന്വേഷണം സിബിഐക്കു കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും അന്വേഷണ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചനയെന്നും ഹര്‍ജിയിലുണ്ട്.
🔳വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ ഇറ്റലിക്കാരിയായ ഭാര്യ അടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഭാര്യ ജ്യോതി എന്ന ജസീന്ത, മുഹമ്മദ് യൂസഫ് എന്നിവരുടെ ജീവപര്യന്തം തടവുശിക്ഷയാണ് റദ്ദാക്കിയത്. 2015 ഓക്ടോബറിലായിരുന്നു വിനോദ് കുമാര്‍ വെട്ടേറ്റു മരിച്ചത്. ജസീന്തയ്ക്കും കഴുത്തിനു വെട്ടേറ്റിരുന്നു. കുടുംബ സുഹൃത്തായ മുഹമ്മദ് യൂസഫിന്റെ സഹായത്തോടെ ജസീന്ത കൊലപാതകം നടത്തിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് കേസെടുത്തത്. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്. ജസിന്ത അറസ്റ്റിലായതു മുതല്‍ ജയിലിലാണ്.
🔳ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പി എ ആയി ബിജെപി സംസ്ഥാന സമിതി അംഗം ഹരി എസ് കര്‍ത്തായെ നിയമിച്ചു. രാജ്ഭവന്റെ ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവിറക്കിയത്. ബിജെപി നേതാവിനെ നിയമിക്കുന്നതിനെതിരെ നേരത്തെ പ്രതിപക്ഷനേതാവ് വിമര്‍ശനം ഉന്നയിച്ചിരുന്നു. സര്‍ക്കാറും ഗവര്‍ണ്ണറും തമ്മിലുള്ള ഒത്തുകളിയാണു നിയമനമെന്നാണ് വിഡി സതീശന്‍ ആരോപിച്ചത്.
🔳സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയതോടെ സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി രാജീവ്. ജനങ്ങള്‍ സര്‍വെയോടു സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳മലപ്പുറം ജില്ലയില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക്. പെരിന്തല്‍മണ്ണ ബ്രാഞ്ചില്‍ ഡോക്ടര്‍മാര്‍ ഇന്നലെ പണിമുടക്കി. നാളെ മുതല്‍ സംസ്ഥാന തലത്തില്‍ പണിമുടക്കാനാണു തീരുമാനം. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിലാണു സമരം.
🔳കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ കൈക്കൂലിയായി 15,000 രൂപ കൈപറ്റിയ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്കിനെ വിജിലന്‍സ് പിടികൂടി. തിരുവല്ല കടപ്ര പഞ്ചായത്തിലെ ഉദ്യോഗസ്ഥനും തകഴി സ്വദേശിയുമായ പി.സി. പ്രദീപ്കുമാറിനെയാണ് അറസ്റ്റു ചെയ്തത്. നാല്‍പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.
🔳മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് എഡിജിപി ശ്രീജിത്ത് മടക്കി. മരം മുറിയില്‍ വനം ഉദ്യോഗസ്ഥരുടെ ഇടപെടലിനെക്കുറിച്ച് കൃത്യമായി പറയുന്നില്ല. ഡിഎഫ്ഒ രഞ്ചിത്ത്, മുന്‍ റെയ്ഞ്ച് ഓഫീസര്‍ ബാബുരാജ് എന്നിവരുടെ പങ്ക്, ക്രമക്കേട് കണ്ടെത്തിയ റെയ്ഞ്ച് ഓഫിസര്‍ ഷെമീറിനെതിരെ പ്രതികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച അന്വേഷണ വിവരങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ടു മടക്കിയത്.
🔳കണ്ണൂര്‍ തോട്ടടയില്‍ കല്യാണ വീട്ടിലെ സ്ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ ബോംബ് നിര്‍മിക്കാനുള്ള സ്ഫോടക വസ്തുക്കള്‍ വാങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അറസ്റ്റിലായ അക്ഷയും സുഹൃത്തുക്കളായ മിഥുനും മറ്റൊരാളും ചേര്‍ന്ന് താഴെ ചൊവ്വയിലെ പടക്ക കടയിലെത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തായത്.
🔳കണ്ണൂരില്‍ ബോംബു നിര്‍മാണം കുടില്‍ വ്യവസായം പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരിലെ കല്യാണവീട്ടിലുണ്ടായ ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ, പ്രത്യേകിച്ചു കോണ്‍ഗ്രസുകാരെ കൊല്ലാന്‍ ബോംബ് ഉള്‍പ്പെടെയുള്ള എല്ലാവിധ മാരകായുധങ്ങളും കൊലയാളി സംഘവും സിപിഎമ്മിനുണ്ടെന്നും സുധാകരന്‍ ആരോപിച്ചു.
🔳നിരോധിത വനമേഖലയായ മലമ്പുഴ ചേറാട് കൂമ്പാച്ചിമലയില്‍ അതിക്രമിച്ചു കയറിയതിന് ബാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരേ വനംവകുപ്പ് കേസെടുത്തു. ആറു മാസംവരെ തടവോ 25,000 പിഴയോ ശിക്ഷയായി ലഭിക്കാവുന്ന കേസാണിത്. കേസ് ഒഴിവാക്കാമെന്ന് ആദ്യം ധാരണയായിരുന്നെങ്കിലും കൂടുതല്‍ പേര്‍ മലകയറാനെത്തിയതോടെയാണ് കേസെടുക്കാന്‍ വനംവകുപ്പു തീരുമാനിച്ചത്.
🔳കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചുമരു തുരന്ന് ചാടിപ്പോയ സ്ത്രീയെ മലപ്പുറത്തുനിന്നു കണ്ടെത്തി. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊലപാതകം നടന്ന വാര്‍ഡില്‍നിന്നാണ് ചാടിപ്പോയത്. മറ്റൊരു വാര്‍ഡില്‍നിന്ന് ഒരു പുരുഷനും ചാടിപ്പോയിരുന്നു.
🔳തൃശൂര്‍, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സംഭവങ്ങള്‍ അന്വേഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മാനസികാരോഗ്യത്തിന്റെ ചുമതലയുള്ള ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരിക്കും അന്വേഷണം നടത്തുക.
🔳നാട്ടിലിറങ്ങുന്ന വന്യ ജീവികളെ തുരത്താന്‍ ശാസ്ത്രീയ പഠനം നടത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പറമ്പിക്കുളം ഫോറസ്റ്റ് ഫൗണ്ടേഷനാണ് ശാസ്ത്രീയ പഠനം നടത്തുക. ആറളത്തെ ആനമതില്‍ അതിരപ്പിള്ളിയില്‍ പ്രായോഗികമാണോയെന്ന് പരിശോധിക്കും. ഇതിന് വിദഗ്ധ സമിതിയെ നിയോഗിക്കും. വനം വകുപ്പില്‍ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ ആറു മാസത്തിനകം നിയമിക്കും. അതതു പ്രദേശത്തെ ആദിവാസികളെയാണ് നിയമിക്കുക. ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
🔳സോളാര്‍ മാനനഷ്ട കേസ് വിധിക്കെതിരായ അപ്പീലിന് വി.എസ്. അച്യുതാനന്ദന്‍ 15 ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. നഷ്ടപരിഹാരമായി ഉമ്മന്‍ചാണ്ടിക്കു വിഎസ് അച്യുതാനന്ദന്‍ പത്ത് ലക്ഷം രൂപ നല്‍കണമെന്ന സബ് കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാണ് 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് തിരുവനന്തപുരം ജില്ലാ കോടതി ഉപാധിവച്ചത്. നഷ്ടപരിഹാരത്തിന് ഉത്തരവിട്ട സബ് കോടതിയിലാണ് തുക കെട്ടിവക്കേണ്ടെത്.
🔳കൊച്ചി വിമാനത്താവളത്തില്‍ നിന്ന് 6.2 കിലോ സ്വര്‍ണം പിടികൂടി. ദുബായ്, ഷാര്‍ജ, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഏഴു യാത്രക്കാരില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കാസര്‍കോട് സ്വദേശി മുഹമ്മദ് അഷ്റഫ്, രതീഷ്, പെരിന്തല്‍മണ്ണ സ്വദേശി അല്‍സില്‍, മൂവാറ്റുപുഴ സ്വദേശി അഷാര്‍, സൈനുല്‍ അബിദ്, നൗഫല്‍, അബ്ദുള്ള എന്നിവരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. ഒരു കിലോ നൂറ് ഗ്രാം സ്വര്‍ണമാണ് രതീഷ് കടത്താന്‍ ശ്രമിച്ചത്. അല്‍സിനും അഷാറും ചേര്‍ന്ന് ഒന്നരക്കിലോ സ്വര്‍ണം കൊണ്ടുവന്നിരുന്നു.
🔳കോടതി ഉത്തരവുമായി എത്തിയിട്ടും എംഎസ്എഫ് സംസ്ഥാന സമിതിയില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ പി.പി ഷൈജല്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. കല്‍പ്പറ്റ മുന്‍സിഫ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും ഷൈജല്‍ അറിയിച്ചു.
🔳കേരളത്തില്‍ ഇന്നലെ 58,090 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 8989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 25 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 153 മുന്‍ മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 62,377 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,757 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,44,384 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1608, തിരുവനന്തപുരം 1240, കൊല്ലം 879, കോഴിക്കോട് 828, കോട്ടയം 743, തൃശൂര്‍ 625, കണ്ണൂര്‍ 562, ആലപ്പുഴ 558, മലപ്പുറം 443, ഇടുക്കി 412, പാലക്കാട് 386, പത്തനംതിട്ട 330, വയനാട് 205, കാസര്‍ഗോഡ് 170.
🔳രാജ്യത്ത് ഇന്നലെ 23,613 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 1,966, കര്‍ണാടക- 1,568, തമിഴ്നാട്- 1,634, ഡല്‍ഹി- 586.
🔳ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ 42,055. ബ്രസീല്‍ - 55,472, റഷ്യ- 1,80,456, തുര്‍ക്കി - 76,632, 1,959, ജര്‍മനി - 1,27,449, ജപ്പാന്‍ - 80,234. ആഗോളതലത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 41.36 കോടിപേര്‍ക്ക്. നിലവില്‍ 7.25 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 6,826 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 475, ഇന്ത്യ - 345, റഷ്യ- 683. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 58.42 ലക്ഷമായി.