ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പ്തല നടപടി
കോഴിക്കോട്:
പെൺകുട്ടികൾ ഹോമില്‍ നിന്നും പുറത്ത് പോയ സംഭവത്തില്‍ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലെ സൂപ്രണ്ടിനും പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ കെയറിനുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വനിത ശിശുവികസന വകുപ്പ് ഹോമില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സൂപ്രണ്ടിനെ സ്ഥലം മാറ്റിയിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ കാണാതെപോയത്. കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ചിൽഡ്രൻസ് ഹോമിലെ സാഹചര്യങ്ങളെ കുറിച്ച് ഇവർ പരാതി പറഞ്ഞിരുന്നു.