About

News Now

മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്


 കോഴിക്കോട്: 

ജില്ലയില്‍ മലയോരഹൈവേ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.  പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറരുതെന്നും മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോടഞ്ചേരി-കക്കാടം പൊയില്‍, തലയാട്- കോടഞ്ചേരി,   28-ാം  മൈല്‍ - തലയാട്, പുല്ല് വയല്‍ - തൊട്ടില്‍പ്പാലം, നിരവില്‍പുഴ - മൂന്നാംകൈ- തൊട്ടില്‍പാലം റോഡുകളിലെ വിവിധ റീച്ചുകളിലായുള്ള പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി. 


കോടഞ്ചേരി-കക്കാടം പൊയില്‍ റോഡില്‍ റീ അലൈന്‍മെന്റ് ആവശ്യമുള്ള ആറ് കിലോമീറ്ററില്‍ ഫെബ്രുവരി 28നകം സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മെയ് 20ന് മുന്‍പ് ഈ സ്ട്രെച്ചിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനും സെപ്തംബറില്‍ മുഴുവന്‍ റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിക്കാനുമാണ് നിര്‍ദ്ദേശം. തലയാട്- കോടഞ്ചേരി റോഡില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക അനുമതി ഫെബ്രുവരി ഒന്‍പതിനകം ലഭ്യമാക്കും. പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ നവീകരിക്കും.  സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിലെ തടസ്സം പരിഹരിക്കാനും നിര്‍ദ്ദേശിച്ചു.


പുല്ല് വയല്‍ - തൊട്ടില്‍പ്പാലം റോഡില്‍ 28 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍ ടെണ്ടര്‍ ചെയ്തു. ബാക്കി 14 കിലോമീറ്ററിലെ ഭൂമിപ്രശ്നം സംബന്ധിച്ച എസ്റ്റിമേറ്റ് ഫെബ്രുവരി 15നകം തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിരവില്‍പുഴ - മൂന്നാംകൈ - തൊട്ടില്‍പാലം റോഡിന്റെ ഡി.പി.ആര്‍  ഫെബ്രുവരി 28നകം തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 


ഓണ്‍ലൈനായി നടന്ന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, ലിന്റോ ജോസഫ്, കാനത്തില്‍ ജമീല, കെ.കെ രമ, ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ജോയ്ന്റ് സെക്രട്ടറി സാംബശിവ റാവു, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.