ന്യൂസ് റൗണ്ട് അപ്പ്
താമരശ്ശേരി ന്യൂസ്
2022 | ഫെബ്രുവരി 06| 1197 മകരം 23| റജബ് 05| ഞായർ | രേവതി|
🔳സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ എംബിബിഎസ്, പിജി കോഴ്സുകളിലെ അമ്പതു ശതമാനം സീറ്റുകളുടെ ഫീസും മറ്റെല്ലാ ചാര്‍ജുകളും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നിരക്കിനു തുല്യമായിരിക്കണമെന്ന് ഉത്തരവ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഉത്തരവു പുറത്തിറക്കിയത്. ഡീംഡ് സര്‍വകലാശാലകളിലും ഈ ഉത്തരവു ബാധകമാണ്. സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കാണ് ഈ ആനുകൂല്യം. തലവരിപ്പണം പാടില്ലെന്നും നിര്‍ദേശമുണ്ട്.
🔳സംസ്ഥാനത്ത് സ്‌കൂളുകളുടെ നടത്തിപ്പു ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം നാളെ. 10, 11, 12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും. ഒമ്പതുവരെയുള്ള ക്ലാസുകളും വൈകുന്നേരം വരെയാക്കാനും പരിഗണിക്കുന്നുണ്ട്. പരീക്ഷയ്ക്കുമുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കണം. ഒമ്പതുവരെയുള്ള ക്ലാസുകള്‍ ഫെബ്രുവരി 14 ന് ആരംഭിക്കും. 10, 11, 12 ക്ലാസുകളും ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളും നാളെ ആരംഭിക്കും. പരീക്ഷകളും മുടക്കമില്ലാതെ നടത്തും.
🔳സംസ്ഥാനത്ത് ഇന്നു ലോക് ഡൗണിനു സമാനമായ നിയന്ത്രണം. പോലീസ് പരിശോധനയുണ്ടാകും. അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ. ആരാധനാലയങ്ങളില്‍ 20 പേര്‍ക്കുവരെ മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ തുറക്കും.
🔳കേരളത്തിലേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഒരാഴ്ചത്തെ ക്വാറന്റൈന്‍ ആവശ്യമില്ല. രോഗലക്ഷണമുള്ളവര്‍ മാത്രം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയാല്‍ മതി. പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ടു ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തും. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തേണ്ടത്. പരിശോധനയുടെ ചെലവ് സംസ്ഥാനം വഹിക്കും.
🔳സ്വര്‍ണക്കടത്തിന്റെ എല്ലാ കാര്യങ്ങളും ശിവശങ്കറിന് അറിയാമായിരുന്നെന്ന സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെയും ഇടത് മുന്നണിയേയും വീണ്ടും വെട്ടിലാക്കി. പോലീസ് കേസ് ഒതുക്കിയെങ്കിലും പുനരന്വേഷണത്തിനു കളമൊരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ കേന്ദ്രമായിരുന്നെന്ന ആരോപണം പ്രതിപക്ഷം ആവര്‍ത്തിച്ചു.
🔳സ്വര്‍ണക്കടത്തു കേസ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രിതമായി കുഴിച്ചുമൂടിയതിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി വിജയനും ജയിലില്‍ പോകുമായിരുന്നു. സിനിമാനടന്‍ ദിലീപിനെതിരേയുള്ള പുനരന്വേഷണംപോലെ സ്വര്‍ണക്കടത്തു കേസിലും പുനരന്വേഷണം വേണം. നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കേസ് ബിജെപിയും സിപിഎമ്മും ഒത്തുതീര്‍പ്പാക്കിയത്. അദ്ദേഹം ആരോപിച്ചു.
🔳സ്വപ്ന സുരേഷിന്റെ ഓഡിയോ ക്ലിപ്പ് ശിവശങ്കരന്‍ തയാറാക്കിയത് മുഖ്യമന്ത്രിയുടെ പ്രേരണയോടെയാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന്‍. പുസ്തകരചനയുടെ പേരില്‍ ശിവശങ്കരനെ സസ്പെന്‍ഡു ചെയ്യണം. പുനരന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳'നീ തോല്‍ക്കേണ്ടത് ഞങ്ങളുടെ രണ്ടു പാര്‍ട്ടിക്കാരുടേയും ആവശ്യമായിരുന്നു.' ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയയാള്‍ വെളിപെടുത്തിയെന്ന ഫേസ് ബുക്ക് കുറിപ്പുമായി അനില്‍ അക്കര. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ സഖ്യമുണ്ടാക്കിയിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കുറിപ്പ്. അവരുടെ ഒത്തുകളിയില്‍ 'ഞാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുകാണും; എന്നാല്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ എന്നെ തോല്‍പിക്കാനാവില്ല.' അനില്‍ അക്കര ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
🔳വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെതെന്നു സംശയിക്കുന്ന ശബ്ദരേഖയുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. 2017 നവംബര്‍ 15 നാണ് ഈ സംഭാഷണം നടന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു.
🔳കേന്ദ്രം ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് ചേര്‍ന്നതല്ലെന്നും കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിലര്‍ കാര്യമറിയാതെയും മറ്റു ചിലര്‍ വേറെ ചില ഉദ്ദേശത്തോടെയും പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ നാട്ടിലുള്ള ജനങ്ങള്‍ ഈ പദ്ധതി വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു.
🔳പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ സൈക്കോളജിസ്റ്റ് ഗിരീഷിന് (58) ആറു വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. 2017 ഓഗസ്റ്റ് 14 ന് വൈകിട്ട് ഏഴരയോടെ പ്രതിയുടെ മണക്കാടുള്ള വീട്ടിലെ തണല്‍ എന്ന സ്വകാര്യ ക്ലിനിക്കിലാണ് കേസിനാസ്പദമായ സംഭവം.
🔳കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒഴിവുകള്‍ നികത്തണമെന്നാവശ്യപ്പെട്ട് നഴ്സുമാരുടെ പ്രതിഷേധ സമരം. കേരള ഗവണ്‍മെന്റ് നഴ്സസ് യൂണിയന്‍ ആശുപത്രിക്കു മുന്നില്‍ മെഴുകുതിരി തെളിച്ച് സൂചനാ സമരം നടത്തി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രണ്ടായിരം നഴ്സിംഗ് ജീവനക്കാരാണ് ആകെ വേണ്ടത്. എന്നാല്‍ ഇപ്പോഴുള്ളത് അഞ്ഞൂറു പേര്‍ മാത്രമാണെന്ന് യൂണിയന്‍ ചൂണ്ടിക്കാട്ടി.
🔳ശസ്ത്രക്രിയക്ക് രോഗിയില്‍നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. ഡോ. കെ ടി രാജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
🔳കാസര്‍കോഡ് രണ്ടിടങ്ങളില്‍നിന്നായി 43 കിലോ കഞ്ചാവുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. ചെറുകിട വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കാസര്‍കോഡ് ചൗക്കി, ബദിയടുക്ക എന്നിവിടങ്ങളില്‍നിന്നാണ് കഞ്ചാവ് പിടിച്ചത്.
🔳മിഠായിയും കളിപ്പാട്ടങ്ങളും വാങ്ങി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ച് നാലു വയസുകാരിയായ മകളെക്കൊണ്ട് വ്യാജ പോക്സോ പരാതി നല്‍കിയ പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കാന്‍ സിഡബ്ല്യുസി പൊലീസിനു നിര്‍ദ്ദേശം നല്‍കി. മലപ്പുറം വഴിക്കടവിലാണ് ഭാര്യാ സഹോദരനെ പോക്സോ കേസില്‍ കുടുക്കാന്‍ അച്ഛന്‍ മകളെക്കൊണ്ട് വ്യാജ പരാതി നല്‍കിയത്.
🔳മുര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വാവ സുരേഷിന് മന്ത്രി വി.എന്‍. വാസവനെ കാണണമെന്ന് ആഗ്രഹം. മെഡിക്കല്‍ കോളജ് അധികൃതര്‍ മന്ത്രിയെ വിളിച്ചു കാര്യം പറഞ്ഞപ്പോള്‍ മന്ത്രി ഓടിയെത്തി. വാവ സുരേഷുമായി സംസാരിച്ചു. വിശ്രമിക്കണമെന്ന് നിര്‍ദേശിച്ചാണു പിരിഞ്ഞത്. സന്ദര്‍ശന ഫോട്ടോ മന്ത്രിതന്നെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.
🔳കോഴിക്കോട് വലിയങ്ങാടിയില്‍ 10 ടണ്‍ റേഷനരി പിടികൂടി. സീന ട്രേഡേഴ്സ് എന്ന കടയില്‍നിന്നു 180 ചാക്ക് അരി ലോറിയില്‍ കടത്താനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. വാഹനമടക്കം കസ്റ്റഡിയിലെടുത്തു.
🔳യുപിഎസ്സി സിവില്‍ സര്‍വ്വീസ് പരീക്ഷ വിജ്ഞാപനമായി. upsc.gov.in. എന്ന വെബ്സൈറ്റ് വഴി ഫെബ്രുവരി 22 വരെ അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത. പ്രായപരിധി 21 വയസ്. പ്രിലിമിനറി പരീക്ഷ 2022 ജൂണ്‍ അഞ്ചിനാണ്.
🔳എറണാകുളത്ത് ചെരുപ്പുകുത്തിയെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ അമ്മയും മകനും പിടിയില്‍. ആലുവാ കോമ്പാറയില്‍ സാവിയോ ബാബു (22), അമ്മ സോളി (42) എന്നിവരാണു പിടിയിലായത്. എറണാകുളം ജോസ് ജംഗ്ഷനില്‍ ചെരുപ്പുകുത്തിയായി ജോലി ചെയ്യുന്ന ജോയിയെ അടിച്ചുവീഴ്ത്തുകയും കത്തികൊണ്ട് ആക്രമിക്കുകയും ചെയ്തെന്നാണു കേസ്. അമ്മ സോളിക്കെതിരേ അപവാദ പ്രചാരണം നടത്തുകയും കൈ ഒടിക്കുകയും ചെയ്തതിന് ജോയിയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
🔳കോഴിക്കോട് കുറ്റ്യാടി പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മൂന്നു കടകളില്‍ തീപിടിത്തം. വൈകുന്നേരം ഏഴോടെയാണ് തീ ആളിപ്പടര്‍ന്നത്. നാദാപുരത്തുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
🔳ഗുരുവായൂരപ്പന്‍ കോളജ് റിട്ടയേഡ് പ്രിന്‍സിപ്പലും കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രഫ. പി.സി. കൃഷ്ണവര്‍മരാജ അന്തരിച്ചു. 76 വയസായിരുന്നു. സാമൂതിരി രാജകുടുംബാംഗമാണ്.
🔳അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് അഞ്ചാം കിരീടം. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ കൗമാരപ്പട കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. രാജ് ബാവയുടെ ഓള്‍ റൗണ്ട് മികവിലാണ് ഇന്ത്യയുടെ കൗമാരപ്പട കിരീടത്തില്‍ മുത്തമിട്ടത്.
🔳ഐഎസ് എല്ലില്‍ ജംഷഡ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബെംഗലൂരു എഫ് സി പോയന്റ് പട്ടികയില്‍ ആദ്യ നാലില്‍ തിരിച്ചെത്തി. ജംഷഡ്പൂരിനെതിരെ ഗോള്‍ നേടിയ സുനില്‍ ഛേത്രി ഐഎസ്എല്ലിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനെന്ന റോക്കോര്‍ഡിനൊപ്പമെത്തി. ബര്‍തോലോമ്യു ഒഗ്ബെച്ചെയാണ് 49 ഗോളുകളുമായി ഛേത്രിക്കൊപ്പമുളളത്.
🔳കേരളത്തില്‍ ഇന്നലെ 1,02,778 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത ഇന്നലെ 22 മരണം സ്ഥിരീകരിച്ചു. ഇന്നലെ രേഖപ്പെടുത്തിയ 422 മുന്‍മരണങ്ങളടക്കം സംസ്ഥാനത്തെ ആകെ മരണം 57,740 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 46,813 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,52,399 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍ 1807, പാലക്കാട് 1577, ഇടുക്കി 1207, വയനാട് 923, കാസര്‍ഗോഡ് 503.
🔳രാജ്യത്ത് ഇന്നലെ 98,910 കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 11,394, കര്‍ണാടക- 12,009, തമിഴ്‌നാട്- 7,524, ഡല്‍ഹി- 1,604.
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിരണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ ഒരു ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 1,54,240, ഫ്രാന്‍സ്- 2,14,542, ഇംഗ്ലണ്ട് - 60,578, റഷ്യ- 1,77,282, തുര്‍ക്കി - 98,715, ഇറ്റലി- 93,157, ജര്‍മനി-1,66,620, ജപ്പാന്‍ - 94,431. ഇതോടെ ആഗോളതലത്തില്‍ 39.34 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 7.54 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 7,565 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 907, ഇന്ത്യ - 865, ബ്രസീല്‍ - 733, റഷ്യ- 714, ഇറ്റലി - 375, മെക്സികോ- 688. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 57.51 ലക്ഷമായി.
🔳ഫേസ്ബുക്ക് ഉടമയായ മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്ക് ഒരു യുഎസ് കമ്പനിയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതിന് ഒരു ദിവസത്തിന് ശേഷം, ആമസോണ്‍ എക്കാലത്തെയും വലിയ മൂല്യവര്‍ദ്ധന രേഖപ്പെടുത്തി. വിപണി മൂലധനം ഏകദേശം 190 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. ആപ്പിളിന്റെ വിപണി മൂല്യം ജനുവരി 28-ന് ബില്യണ്‍ ഡോളറിന്റെ ഏകദിന നേട്ടം കൈവരിച്ചിരുന്നു. എന്നാല്‍ ആമസോണിന്റെ ഈ നേട്ടം അതിനെ മറികടന്നിരിക്കുകയാണ്. ആമസോണിന്റെ മൂല്യം ഇപ്പോള്‍ ഏകദേശം 1.6 ട്രില്യണ്‍ ഡോളറാണ്. വെള്ളിയാഴ്ച മെറ്റാ പ്ലാറ്റ്ഫോമുകളുടെ ഓഹരി 0.3 ശതമാനം ഇടിഞ്ഞതോടെ അതിന്റെ മൂല്യം ഏകദേശം 660 ബില്യണ്‍ ഡോളറായി.