About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | മാർച്ച് 01 ചൊവ്വ|1197 കുംഭം 17 അവിട്ടം| റജബ് 28| 


◼️ഇന്നു ശിവരാത്രി. *എല്ലാവര്‍ക്കും താമരശ്ശേരി ന്യൂസിന്റെ ശിവരാത്രി ആശംസകള്‍*

◼️റഷ്യ - യുക്രെയിന്‍ ചര്‍ച്ചയില്‍ വെടിനിറുത്തിലിനു തീരുമാനമായില്ല. യുദ്ധം തുടരുന്നു. എന്നാല്‍ ചര്‍ച്ച തുടരാന്‍ അഞ്ചര മണിക്കൂര്‍ നീണ്ട ആദ്യ റൗണ്ട് ചര്‍ച്ച തീരുമാനിച്ചു. അടുത്ത ചര്‍ച്ച  പോളണ്ട് - ബെലാറൂസ് അതിര്‍ത്തിയിലാകും. ആദ്യമേ യുക്രെയിനില്‍നിന്നും, റഷ്യ പിടിച്ചെടുത്ത ക്രിമിയ, ഡോണ്‍ബാസ് എന്നിവിടങ്ങളില്‍നിന്നും റഷ്യന്‍ സേന പിന്മാറണമെന്ന് യുക്രെയിന്‍ ആവശ്യപ്പെട്ടു. രണ്ടും സാധ്യമല്ലെന്നും യുക്രെയിന്‍ ആയുധംവച്ചു കീഴടങ്ങണമെന്നുമാണു റഷ്യന്‍ സംഘം ആവശ്യപ്പെട്ടത്. നാറ്റോ, യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിനുള്ള യുക്രെയിന്റെ ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.
◼️തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സുരേഷ് കുമാര്‍ അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇന്നലെ രാവിലെ കോടതിയിലേക്കു കൊണ്ടുപോകാന്‍ ഒരുങ്ങുന്നതിനിടെ നെഞ്ചവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ്. മര്‍ദ്ദിച്ചു കൊന്നതാണെന്ന് ബന്ധുക്കളുടെ ആരോപണം.
◼️സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു കൊച്ചി മറൈന്‍ ഡ്രൈവില്‍ തുടക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. വിദേശത്തുനിന്നും സ്വദേശത്തുനിന്നുമുള്ള 50 ഓളം നിരീക്ഷകരുമുണ്ടാകും. സമ്മേളനം നാലാം തിയതി സമാപിക്കും. സമ്മേളനത്തിനു മറൈന്‍ ഡ്രൈവ് ചെങ്കോട്ടയായി. കൊച്ചി നഗരത്തില്‍ ചെങ്കൊടികളും തോരണങ്ങളും നിറഞ്ഞു. ഫുട്പാത്ത് അടക്കമുള്ളയിടങ്ങളിലും ചെങ്കൊടി തോരണങ്ങള്‍ നിരത്തി.
◼️സിപിഎം സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകളും റോഡുകളും കൈയേറ്റി കൊടി തോരണങ്ങള്‍ സ്ഥാപിച്ച് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതിനെതിരേ ഹൈക്കോടതി. ഒരു രാഷ്ട്രീയ കക്ഷിക്കു മാത്രം എന്തും ചെയ്യാമെന്നാണോയെന്നു കോടതി ചോദിച്ചു. പാര്‍ട്ടിയുടെ നിയമലംഘനത്തിനു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.
◼️രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് വിശദമായ സത്യവാങ്മൂലം  സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. 530 പട്ടയങ്ങള്‍ എന്തു ചെയ്യാനാണ് തീരുമാനം. പിഴവുകള്‍ക്ക് ആരാണ് ഉത്തരവാദി. കോടതി ചോദിച്ചു. പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ ജോസ് എന്ന വ്യക്തി നല്‍കിയ ഹര്‍ജിയിലാണ് നടപടി.
◼️തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഭ്യന്തര സര്‍വീസുകളുടെ പ്രതിവാര എണ്ണം ഇന്നു മുതല്‍ 60 ല്‍ നിന്ന് 79 ആയി ഉയര്‍ത്തുന്നു. ബാംഗ്ലൂരിലേക്കുള്ള സര്‍വീസുകള്‍ ആഴ്ചയില്‍ ഏഴില്‍ നിന്ന് 20 ആയി ഉയര്‍ത്താനാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ തീരുമാനം.
◼️ഒരു രാജ്യത്തിന്റെ സുരക്ഷ ബലികഴിച്ചല്ല മറ്റൊരു രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതെന്നു സിപിഎം  ജനറല്‍ സെക്രട്ടറി സിതാറാം യച്ചൂരി. യുദ്ധം അവസാനിപ്പിക്കണമെന്നും എന്നാല്‍ സുരക്ഷയ്ക്കായുള്ള റഷ്യയുടെ വാദം ന്യായമെന്നുമായിരുന്നു സിപിഎം പ്രസ്താവന.
◼️സുല്‍ത്താന്‍ബത്തേരി നെന്മേനി പഞ്ചായത്തിലെ സിപിഎമ്മിന്റെ മൂന്നു ലോക്കല്‍ കമ്മിറ്റികളില്‍ നിന്നായി നേതാക്കളടക്കം 50 പേര്‍ സിപിഐയില്‍ ചേര്‍ന്നു. നെന്മേനി മുന്‍ ലോക്കല്‍ സെക്രട്ടറി എം.എം. ജോര്‍ജ്ജ് മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.പി. ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവരാണ് സിപിഐയിലേക്കെത്തിയത്.
◼️കൊണ്ടോട്ടിയില്‍ ബൈപ്പാസിനരികെ ബഹുനില കെട്ടിടത്തില്‍ വന്‍ തീപ്പിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം. കെട്ടിടത്തിലെ ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടല്‍ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടി. ഗ്യാസ് സിലിണ്ടറുകള്‍ക്കും എണ്ണ ടിന്നുകള്‍ക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവന്‍ കത്തിനശിച്ചു.
◼️ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച 62 കാരനെ അറസ്റ്റു ചെയ്തു. സത്രം സ്വദേശി ബാബുവിനെയാണ് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. നാട്ടുകാര്‍ മര്‍ദ്ദിച്ചതിനാല്‍ പ്രതി ചികിത്സയിലാണ്.
◼️ഇരുപത് ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മാതാപിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര കവളാകുളം സ്വദേശികളായ ഷിജു സ്റ്റീഫന്‍ (45) പ്രമീള (37) എന്നിവരാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. ക്വാറി തൊഴിലാളിയായ ഷിജുവിന്റെ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
◼️ശിവരാത്രിയോടനുബന്ധിച്ച് ആലുവാ മണപ്പുറത്തു തിരക്കു തുടങ്ങി. ബലിതര്‍പ്പണത്തിനു 148 ബലിത്തറകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിവരെ ശിവരാത്രി ബലിയും അതുകഴിഞ്ഞ് വാവുബലിയുമാണു നടക്കുക.
◼️റേഷന്‍ കാര്‍ഡില്ലാത്തതിന്റെ പേരില്‍ സൗജന്യ ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി. പക്ഷാഘാതം ബാധിച്ച് ചിറയിന്‍കീഴ് പെരിങ്കുഴി സ്വദേശി സഫിയ ബീവിയുടെ മകന്‍ നവാസിനു (47) തിരുവനന്തപുരം എസ്എസ്ബി ആശുപത്രിയില്‍ സൗജന്യ ചികില്‍സ നല്‍കാന്‍ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു.
കരള്‍മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ മന്ത്രിയോട് ഐസിയുവിന്റെ മുമ്പിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ പരാതിപ്പെട്ടതോടെയാണ് നവാസിന് സൗജന്യ ചികില്‍സയ്ക്ക് ഏര്‍പ്പാടാക്കിയത്.
◼️വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ആല്‍ബം ഗായകന്‍ അറസ്റ്റില്‍. പുത്തനത്താണി പുന്നത്തല കുറുമ്പത്തൂര്‍ സ്വദേശി മന്‍സൂറലിയെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ആല്‍ബം ഗാനങ്ങള്‍ പാടുന്നതിനും പഠിക്കുന്നതിനുമായി എത്തിയ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്നാണു കേസ്.   മാപ്പിള ആല്‍ബം ഗായകനായ മന്‍സൂറലി വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
◼️കൊവിഡ് സെല്ലില്‍നിന്നു സ്വകാര്യാശുപത്രിയിലേക്കു റഫര്‍ ചെയ്ത രോഗിയില്‍നിന്ന് 1,42,708  രൂപ ഈടാക്കിയ സ്വകാര്യ ആശുപത്രിക്ക് അധികമയി ഈടാക്കിയ തുകയുടെ പത്തു മടങ്ങു തുക പിഴ ചുമത്തി . സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോത്തന്‍കോട് ശുശ്രുത ആശുപത്രിക്കെതിരേ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നടപടി.  
◼️വ്യാജ സ്വര്‍ണ്ണം പണയംവച്ച് തൃശൂരിലെ സ്വകാര്യ ബാങ്കില്‍നിന്നു 14 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസില്‍ വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച കോതമംഗലം പറ്റക്കുടി പുത്തന്‍പുര വീട്ടില്‍, വാവ എന്നുവിളിക്കുന്ന പ്രദീപിനെ (54) അറസ്റ്റു ചെയ്തു. തട്ടിപ്പു നടത്തിയ ആലുവ ചീരംപറമ്പില്‍ നിഷാദ് (40) നെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
◼️ഇടുക്കി തഹസില്‍ദാര്‍ വിന്‍സെന്റ് ജോസഫിനെ സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.
◼️തൃശൂര്‍ കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയില്‍. കൗസല്യയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നു പോലീസ്.
◼️കേരളത്തില്‍ ഇന്നലെ 29,545 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 26,560 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,485 കോവിഡ് രോഗികള്‍. നിലവില്‍ 88,845 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പത്ത് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.31 കോടി കോവിഡ് രോഗികള്‍.
◼️നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 100 ബില്യണ്‍ ഡോളര്‍ കവിയുമെന്ന് റിപ്പോര്‍ട്ട്. ഇത് കഴിഞ്ഞ വര്‍ഷത്തെ ചെലവിന്റെ ഇരട്ടിയാണ്. രാജ്യാന്തര എണ്ണവില ഏഴുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പത്തു മാസങ്ങളില്‍ ഇന്ത്യ 94.3 ബില്യണ്‍ ഡോളര്‍ എണ്ണ ഇറക്കുമതിയ്ക്കായി ചെലവഴിച്ചു. ജനുവരിയില്‍ 11.6 ബില്യണ്‍ ഡോളര്‍ ഇറക്കുമതിയ്ക്കായി ചെലവഴിച്ചു. മുന്‍വര്‍ഷം ജനുവരിയില്‍ ഇത് 7.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു. ഫെബ്രുവരിയില്‍ എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഇറക്കുമതി ബില്‍ ഏകദേശം 110-115 ബില്യണ്‍ ഡോളര്‍ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.