About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 11 വെള്ളി|1197 കുംഭം 27 മകീര്യം| ശഅബാൻ 08


◼️അഞ്ചു സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപിക്കു ഭരണത്തുടര്‍ച്ച. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക്. കോണ്‍ഗ്രസ് തകര്‍ന്നു തരിപ്പണമായി. ഹിന്ദി ഹൃദയഭൂമിയെന്ന് അറിയപ്പെടുന്ന ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനു തുടര്‍ഭരണം ലഭിച്ചത്.

*വിവിധ സംസ്ഥാനങ്ങളിലെ കക്ഷി നില*

 2017 ലെ തെരഞ്ഞെടുപ്പില്‍നിന്നുള്ള വ്യത്യാസം ബ്രാക്കറ്റില്‍:

*ഉത്തര്‍പ്രദേശ്: ആകെ 403*

ബിജെപി സഖ്യം 273 (-49),

എസ്പി സഖ്യം 125 (+ 73),

കോണ്‍ഗ്രസ് 2 (-5),

ബിഎസ്പി 1 (-18),

മറ്റുള്ളവര്‍ 2 (-1).

*പഞ്ചാബ്: ആകെ 117*

ആംആദ്മി 92 (+72),

കോണ്‍ഗ്രസ് 18 (-59),

അകാലി സഖ്യം 3 (-12),

ബിജെപി സഖ്യം 2 (-1),

മറ്റുള്ളവര്‍ 2 (0).

*ഉത്തരാഖണ്ഡ്: ആകെ 70*

ബിജെപി 47 (-10),

കോണ്‍ഗ്രസ് 19 (+8),

ബിഎസ്പി 2 (+2),

മറ്റുള്ളവര്‍ 2 (0).

*മണിപ്പൂര്‍: ആകെ 60*

ബിജെപി 32 (+11),

എന്‍പിപി 7 (+3),

ജെഡിയു 6 (+6),

കോണ്‍ഗ്രസ് 5 (-23),

മറ്റുള്ളവര്‍ 10 (+3)

*ഗോവ: ആകെ 40*

ബിജെപി 20 (+7),

കോണ്‍ സഖ്യം 12 (-8),

എഎപി 2 (+2),

എംജിപി 2 (-1)

മറ്റുള്ളവര്‍ 4 (-1).

◼️സംസ്ഥാന ബജറ്റ് ഇന്ന്. കേരളത്തിലെ എല്ലാ വിഭാഗം ജനത്തിന്റെയും ജീവിതം മെച്ചപ്പെടുത്തുന്ന  പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊവിഡ് പ്രതിസന്ധി മറികടക്കാനുള്ള ബജറ്റാകും ഇത്. വരുമാനം വര്‍ധിപ്പിക്കാന്‍ സ്റ്റാമ്പ്, രജിസ്ട്രേഷന്‍ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ചേക്കും.

◼️കീം പ്രവേശന പരീക്ഷയുടെ എഞ്ചിനീയറിംഗ്, ഫാര്‍മസി പരീക്ഷകള്‍ ജൂണ്‍ 12 ന് നടക്കും. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ക്ക് രാവിലെ 10 മുതല്‍ 12:30 വരെയും മാത്തമാറ്റിക്‌സ് പരീക്ഷ ഉച്ചയ്ക്ക് 2:30 മുതല്‍ 5 വരെയുമാണ് നടത്തുക

◼️ഭാര്യയെ അനാവശ്യം പറഞ്ഞതു ചോദ്യം ചെയ്ത ഭര്‍ത്താവിനെ അയല്‍വാസി കുത്തിക്കൊന്നു. കൊല്ലം കടയ്ക്കല്‍ കാറ്റാടി മുക്കില്‍ ഇന്നലെ രാത്രിയാണു സംഭവം. കാറ്റാടിമൂട് പേരയത്ത് കോളനിയിലെ ജോണി എന്ന ജോണ്‍സനാണ് കൊല്ലപ്പെട്ടത്. 41 വയസായിരുന്നു. അയല്‍വാസി ബാബുവിനെ അറസ്റ്റു ചെയ്തു.

◼️കൂടത്തായ് കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിയുടെ ജാമ്യാപേക്ഷകള്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തളളി. മൃതദേഹാവശിഷ്ടങ്ങളുടെ സാംപിളുകള്‍ ശാസ്ത്രീയ പരിശോധനക്കയക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. അഞ്ചാംപ്രതി  നോട്ടറി വിജയകുമാറിനെ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പൊന്നാമറ്റത്തില്‍ ടോം തോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ എന്നിവരുടെ കൊലകേസുകളിലെ ജാമ്യാപേക്ഷകളാണു തള്ളിയത്. അന്നമ്മ തോമസിനെ വധിച്ച കേസില്‍ ഹൈക്കോടതി നേരത്തെ നല്‍കിയ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയതു ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു.  

◼️ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ എസ്. ഹരിശങ്കറിന് അഡ്വക്കേറ്റ് ജനറല്‍ നോട്ടിസ് അയച്ചു. പരാമര്‍ശങ്ങളില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി എം.ജെ. ആന്റണി നല്‍കിയ അപേക്ഷയിലാണ് നടപടി. കോട്ടയം മുന്‍ എസ്പിയായിരുന്ന ഹരിശങ്കര്‍ മാര്‍ച്ച് 30 നു നേരിട്ടു ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു.

◼️നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിന് പ്രത്യേക വിചാരണ കോടതി ഏപ്രില്‍ 15 വരെ സമയം അനുവദിച്ചു. ഹൈക്കോടതി നേരത്തെ ഏപ്രില്‍ 15 വരെ സമയം അനുവദിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് ഒന്നുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

◼️മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം മുങ്ങിയ ബിഹാറുകാരനായ പിതാവ് ആറു വര്‍ഷത്തിനുശേഷം അറസ്റ്റിലായി. മലപ്പുറം പെരുമ്പടപ്പ് പൊലീസ് രാജസ്ഥാനിലെത്തിയാണ് ഇയാളെ പിടികൂടിയത്. ബീഹാര്‍ സ്വദേശിയായ ഭാര്യ മരിച്ചശേഷം ഇയാള്‍ മലയാളിയായ യുവതിയെ വിവാഹം കഴിച്ച് പെരുമ്പടപ്പില്‍ താമസിച്ചിരുന്നു. ആദ്യ ഭാര്യയിലെ പ്രായ പൂര്‍ത്തിയാവാത്ത ഇരട്ടക്കുട്ടികളില്‍ ഒരാളെയാണ് ഇയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്..

◼️സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന ജോലിക്കാരനെന്നു തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്റെ വീട്ടുകാരില്‍നിന്ന് പത്തു ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു വിരുതന്മാര്‍ മലപ്പുറം ചങ്ങരംകുളത്ത് പൊലീസിന്റെ പിടിയിലായി. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയിലാണെന്നു വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍നിന്ന് പണം തട്ടിയത്. കഴിഞ്ഞ വര്‍ഷം കല്യാണ നിശ്ചയത്തിന് വരന്റെ ബന്ധുക്കളായി എത്തിച്ചത് ദിവസക്കൂലിക്കാരെയായിരുന്നെന്ന് വ്യക്തമായി. പ്രതികള്‍ 15 വിസതട്ടിപ്പ് കേസുകളിലായി രണ്ടര കോടി രൂപ പലരില്‍ നിന്നായി തട്ടിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി.

*അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രമുഖര്‍:*

ഗൊരഖ്പൂരില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് യോഗി ആദിത്യനാഥ്.

കര്‍ഹാളില്‍ എസ്.പി നേതാവ് അഖിലേഷ് യാദവ്.

ജസ്വന്ത് നഗറില്‍ അഖിലേഷിന്റെ പിതൃസഹോദരന്‍ ശിവപാല്‍ യാദവ്.

റായ്ബറേലിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അതിഥി സിംഗ്.  

പഞ്ചാബിലെ ധുരിയില്‍ ആംആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മാന്‍.

ഗോവയിലെ ചലന്‍ഗുഢില്‍ കോണ്‍ഗ്രസ് നേതാവ് മൈക്കിള്‍ ലോബോ.

മണിപ്പൂരിലെ ഹെയിന്‍ഗംഗില്‍ മുഖ്യമന്ത്രി എന്‍. ബീരേന്‍ സിംഗ്.

*ശ്രദ്ധേയമായ പരാജയങ്ങള്‍:*

പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി രണ്ടു സീറ്റിലും തോറ്റു.

പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദു.

പഞ്ചാബിലെ മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍സിംഗ്.

പഞ്ചാബ് മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായിരുന്ന പ്രകാശ് സിങ് ബാദല്‍.

പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദല്‍.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹരീഷ് റാവത്ത്.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പുഷ്‌കര്‍ സിങ് ധാമി.

◼️ഗോവയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷത്തിന് ഒരു സീറ്റ് മാത്രം കുറവുള്ള ബിജെപിക്ക് പിന്തുണയുമായി സ്വതന്ത്രരും എംജിപിയും രംഗത്തെത്തി. എന്നാല്‍ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തില്‍ തര്‍ക്കം തുടരുന്നു. കൂറു മാറാതിരിക്കാന്‍ സത്യം ചെയ്യിച്ചും റിസോര്‍ട്ടില്‍ പാര്‍പ്പിച്ചും സ്ഥാനാര്‍ഥികളെ സംരക്ഷിച്ച കോണ്‍ഗ്രസ് ക്യാമ്പില്‍ കടുത്ത നിരാശയാണ്.

◼️ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തിലേറുന്നത് 42 ശതമാനം വോട്ടോടെ. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 39.67 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. 2,55,66,645 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത്.

◼️പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ പരാജയത്തിനു കാരണം മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ കമ്മിറ്റിയില്‍ അംഗമായിരുന്ന അലക്സ് പി സുനില്‍. നാലര വര്‍ഷത്തോളം എംഎല്‍എമാരെ പ്രവര്‍ത്തിക്കാനോ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനോ അനുവദിക്കാതെയാണ് അമരീന്ദര്‍ സിംഗ് ഭരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

◼️ആം ആദ്മി പാര്‍ട്ടിയുടെ ചരിത്ര വിജയം രാജ്യം മുഴുവന്‍ വ്യാപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാള്‍ . 'ആദ്യം ഡല്‍ഹിയിലും പിന്നീട് പഞ്ചാബിലും ഒരു വിപ്ലവം ഉണ്ടായി. താമസിയാതെ രാജ്യമെല്ലാം ഈ വിപ്ലവം വ്യാപിക്കും.'ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ അദ്ദേഹം പറഞ്ഞു.

◼️ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിന്. ഗോരഖ്പൂര്‍ അര്‍ബന്‍ സീറ്റില്‍ 1,02,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം യോഗി നേടി. സമാജ് വാദി പാര്‍ട്ടിയുടെ സുഭാവതി ഉപേന്ദ്രദത്ത് ശുക്ലയെയാണ് യോഗി നിലം പറ്റിച്ചത്. യോഗിയെ നേരിടാനെത്തിയ ചന്ദ്രശേഖര്‍ ആസാദ് രാവണന് പതിനായിരത്തില്‍ താഴെ വോട്ടു മാത്രമാണു നേടാനായത്.

◼️ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് കോട്ടയായിരുന്ന റായ്ബറേലിയില്‍ ഇത്തവണ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്. ഇതുവരെ ബിജെപി ജയിച്ചിട്ടില്ലാത്ത മണ്ഡലമാണിത്. കോണ്‍ഗ്രസില്‍നിന്ന് കാലുമാറിയെത്തിയ അദിതി സിംഗാണ് ബിജെപി സ്ഥാനാര്‍ഥിയായി ജയിച്ചത്. സമാജ്വാദി പാര്‍ട്ടിയിലെ രാം പ്രതാപ് യാദവിനെ ഏഴായിരം വോട്ടുകള്‍ക്ക് അദിതി സിങ് പരാജയപ്പെടുത്തി. നിരവധി തവണ സോണിയാ ഗാന്ധി പാര്‍ലമെന്റിലേക്ക് മത്സരിച്ചു ജയിച്ച സീറ്റാണ് റായ്ബറേലി.

◼️പഞ്ചാബിലെ അട്ടിമറി വിജയത്തിന് പിറകെ, ഗോവയിലും അക്കൗണ്ട് തുറന്ന് ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ രണ്ട് സീറ്റുകള്‍ ആംആദ്മി നേടി. ബെനോലിയം, വെലീം എന്നീ മണ്ഡലങ്ങളാണ് ആംആദ്മി വെട്ടിപ്പിടിച്ചത്.

◼️രാജ്യത്തെ ജനവികാരത്തിന്റെ പരിച്ഛേദ്യമാണ് അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പിലൂടെ പ്രകടമായത്. കര്‍ഷകരോഷം അടക്കമുള്ള വെല്ലുവിളികളെ മറികടന്ന വിജയം ബിജെപിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപിയും യോഗി ആദിത്യനാഥും കൂടുതല്‍ കരുത്തോടെ മുന്നേറും. ആം ആദ്മി പാര്‍ട്ടിക്കും ശക്തമായ മുന്നേറ്റം. ഇതര സംസ്ഥാനങ്ങളിലേക്കു പാര്‍ട്ടിയുടെ വേരോട്ടത്തിനു സാധ്യത. തകര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തനരീതിതന്നെ മാറ്റേണ്ട അവസ്ഥയിലാണ്. രണ്ടു ദിവസത്തിനകം പ്രവര്‍ത്തക സമിതി വിളിക്കുമെന്ന് ഹൈക്കമാന്‍ഡ്.

◼️ജനങ്ങളുടെ വിജയമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചത്. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

◼️ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശം നല്ലതാണെന്നും അതു നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ സജ്ജമാണെന്നും മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണല്‍ സുശീല്‍ ചന്ദ്ര. ഇക്കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടത്.  ഭരണഘടന പ്രകാരം എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ചാണ് നടത്തേണ്ടത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമുള്ള പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ അത്തരലാണു നടന്നത്. മൂന്നു തെരഞ്ഞെടുപ്പുകള്‍ ഇങ്ങനെ ഒരുമിച്ച് നടന്നു. അതിനുശേഷം സംസ്ഥാന നിയമസഭകളും ചിലപ്പോഴൊക്കെ പാര്‍ലമെന്റും കാലാവധി കഴിയുന്നതിനുമുമ്പ് പിരിച്ചുവിടപ്പെട്ടു. ഇതാണ് തെരഞ്ഞെടുപ്പുകളുടെ ക്രമം തെറ്റാന്‍ കാരണമായത്.

◼️തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും വീര്യം ചോരില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. തെരഞ്ഞെടുപ്പുഫലം പാഠമെന്ന് അദ്ദേഹവും ആവര്‍ത്തിച്ചു. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് വേണ്ടി പൊരുതിയെന്നും എന്നാല്‍ പരിശ്രമം വോട്ടാക്കാനായില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.  

◼️കോണ്‍ഗ്രസ് വിജയിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തോല്‍വിയില്‍ എല്ലാ കോണ്‍ഗ്രസുകാരും ദുഖത്തിലാണെന്നും ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു.

◼️യുക്രെയിനിലെ സുമിയില്‍നിന്നുള്ള വിദ്യാര്‍ത്ഥികളുമായി രണ്ടു വിമാനങ്ങള്‍ ഇന്നു ഡല്‍ഹിയില്‍. 694 വിദ്യാര്‍ത്ഥികള്‍ ആണ് പോളണ്ട് വഴി എത്തുന്നത്.

◼️ഇസ്ലാമിക് സ്റ്റേറ്റിനു പുതിയ തലവനെ തെരഞ്ഞെടുത്തു. അബു അല്‍ ഹസന്‍ അല്‍ ഹാഷ്മി അല്‍ ഖുറൈഷിയാണ് പുതിയ തലവന്‍. നേരത്തെ തലവനായിരുന്ന അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറൈഷി കൊല്ലപ്പെട്ടതിനാലാണ് പുതിയ തലവനെ തെരഞ്ഞെടുത്തത്. അമേരിക്കന്‍ സൈന്യമാണ് ഇയാളെ വധിച്ചത്.