കോഴിക്കോട് സെൻറ് ജോസഫ്‌സ് ജൂനിയർ ഇനി ലൊയോള സ്കൂൾ
കോഴിക്കോട്:
ലോകരാജ്യങ്ങളിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പര്യായമായി നിലകൊള്ളുന്ന ‘ലൊയോള’ കോഴിക്കോട്ടേക്കുമെത്തുന്നു. ഷഷ്ഠിപൂർത്തിയുടെ നിറവിലുള്ള കോഴിക്കോട്ടെ സെൻറ് ജോസഫ്‌സ് ജൂനിയർ ഐ.സി.എസ്.ഇ. സ്കൂളാണ് പദവി ഉയർത്തപ്പെട്ട് ലൊയോള സ്കൂളായി മാറുന്നത്. 2022 ഏപ്രിൽ രണ്ടിന് ടാഗോർ സെന്റിനറി ഹാളിന് എതിർവശത്തുള്ള സ്കൂൾ അങ്കണത്തിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പേരുമാറൽ പ്രഖ്യാപനം നടക്കും.
ജെസ്യൂട്ട് സഭയുടെ കീഴിൽ 112 രാജ്യങ്ങളിലാണ് നിലവിൽ ലൊയോള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ളത്. ഇതിൽ സ്കൂളുകളും കോളേജുകളും ടെക്നിക്കൽ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ഉൾപ്പെടും. കേരളത്തിൽ ഇത് രണ്ടാമത്തെ നഗരത്തിലേക്കാണ് ലൊയോള എത്തുന്നത്. തിരുവനന്തപുരത്ത് പതിറ്റാണ്ടുകളായി മൂന്ന് ലൊയോള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്-ലയോള സ്കൂൾ, ലൊയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ്, ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്. തമിഴ്നാട്ടിലെ ലൊയോള കോളേജ്, ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിട്രേഷൻ, വിജയവാഢയിലെ ലൊയോള കോളേജ്, ജാംഷഡ്പൂർ ലൊയോള സ്കൂൾ എന്നീ സഹസ്ഥാപനങ്ങൾ ദേശീയതലത്തിൽ തന്നെ ഏറെ പ്രശസ്തമാണ്.
കോഴിക്കോട് 229 വർഷമായി നിലകൊള്ളുന്ന, കേരളത്തിലെ ഏറ്റവും പ്രായമേറിയ സ്കൂളായ, സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ പ്രിപ്പറേറ്ററി സ്കൂൾ എന്ന നിലയിലായിരുന്നു 1961-ൽ സെന്റ് ജോസഫ്‌സ് ജൂനിയർ സ്‌കൂൾ ആരംഭിച്ചത്. പേരിൽ ‘ജൂനിയർ’ കടന്ന് കൂടാൻ കാരണമായതും അതുതന്നെയായിരുന്നു. പെൻകുട്ടികൾക്ക് കൂടി പ്രവേശനം നൽകി കൊണ്ട് ഐ.സി.എസ്.ഇ സിലബസോടെ ആരംഭിച്ച സെന്റ് ജോസഫ്‌സ് ജൂനിയർ സ്‌കൂൾ കഴിഞ്ഞ കുറേ വർഷങ്ങളായി ‘സീനിയർ’ സ്‌കൂളായി മാറി എന്നത് തന്നെയാണ് പേരുമാറ്റത്തിന്റെ പ്രധാന കാരണം. ലോകമെമ്പടുമുള്ള ലൊയോള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൃംഖലയിലേക്ക് കോഴിക്കോട്ടെ സ്കൂളും ഇതോടെ ഉൾപ്പെടുകയാണ്.
ഇതിനുപുറമെ, അടുത്തിടെ ബ്രിട്ടീഷ് കൗൺസിലിന്റെ ‘ഇന്റർനാഷണൽ ഡൈമെൻഷൻ ഇൻ സ്‌കൂൾ (ഐ.ഡി.എസ്.) പ്രോജക്റ്റും’ സ്‌കൂൾ പൂർത്തീകരിച്ചു.
അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതോടൊപ്പം പരമ്പരാഗത മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യപകരുകയെന്നത് തന്നെയായിരിക്കും ലയോള സ്‌കൂളിന്റേയും ലക്ഷ്യവും ഉത്തരവാദിത്വവുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു. ജാതി-മത-ലിംഗവ്യത്യാസമില്ലാതെ ഉന്നത മൂല്യങ്ങളോടെ വിദ്യഭ്യാസം നൽകുകയെന്നതിലാണ് പ്രധാന ഊന്നൽ.