About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 10 വ്യാഴം|1197 കുംഭം 26 രോഹിണി| ശഅബാൻ 07


അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ ഇന്ന്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാന നിയമസഭകളിലേക്കുള്ള ജനവിധി ഇന്നറിയാം. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

◼️കൊച്ചിയില്‍ ഒന്നരവയസുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ സൂഹൃത്ത് വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയിലാണ് സംഭവം. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്റേയും ഡിക്സിയുടേയും മകള്‍ നോറ മരിയയാണ് കൊല്ലപ്പെട്ടത്. പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്ന ഇരുപത്തിനാലുകാരനെ അറസ്റ്റു ചെയ്തു. ജോണ്‍ ബിനോയാണ് കുഞ്ഞിന്റെ പിതാവെന്ന് ആരോപിച്ചതില്‍ കുപിതനായാണ് ഇയാള്‍ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്നു പോലീസ് പറഞ്ഞു.

◼️സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒന്നാം ടേം പരീക്ഷഫലം ഇന്നു പ്രഖ്യാപിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ അക്കൗണ്ട് വഴി  സ്‌കോര്‍ പരിശോധിക്കാം. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടന്ന ഒന്നാം ടേം, 10, 12 പരീക്ഷകളില്‍ 36 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ടേം 2 പരീക്ഷാ തീയതികളും സിബിഎസ്ഇ പ്രഖ്യാപിച്ചു. ടേം-2 പരീക്ഷകളില്‍ ഒബ്ജക്റ്റീവ്, സബ്ജക്ടീവ് തരത്തിലുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക.

◼️മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനുള്ള പ്രായപരിധി ഒഴിവാക്കി. നിലവില്‍ പൊതുവിഭാഗത്തിന്  25 ഉം സംവരണ വിഭാഗങ്ങള്‍ക്ക് 30 ഉം ആയിരുന്നു പരിക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി.

◼️പ്ലസ് ടു പരീക്ഷ തീയതിയില്‍ മാറ്റം. ഏപ്രില്‍ 18 ന് നടക്കേണ്ട ഇംഗ്ലീഷ് പരീക്ഷ 23 ലേക്കു മാറ്റി. 20 ന് നടക്കേണ്ട ഫിസിക്സ്, ഇക്കണോമിക്സ് പരീക്ഷകള്‍ 26 ന് നടത്തും. ജെഇഇ പരീക്ഷ നടക്കുന്നതിനാലാണ് മാറ്റം. പരീക്ഷ സമയക്രമത്തില്‍ മാറ്റമില്ല.

◼️സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ആകെ പത്തു കോടി രൂപയാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ പക്കലുള്ളത്. ശമ്പളംനല്‍കാന്‍ ഇതിന്റെ പത്തിരട്ടി തുക വേണം. 50 കോടി രൂപ വായ്പയെടുത്ത് ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാണ് ഇപ്പോഴത്തെ ആലോചന.


◼️കൊച്ചി കലൂരിലെ ലോഡ്ജില്‍ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയ ഒന്നരവയസുകാരി നോറ മരിയയുടെ പിതാവ് സജീവിനു മര്‍ദനമേറ്റു. കുഞ്ഞിന്റെ സംസ്‌കാരത്തിനുശേഷം രാത്രി ഏഴരയോടെ ഭാര്യ ഡിക്സിയുടെ വീടിനടുത്ത് അമിതവേഗത്തില്‍ കാറോടിച്ച ഇയാളെ നാട്ടുകാര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. കാറിന്റെ ചില്ലു തകര്‍ക്കുകയും ചെയ്തു.

◼️അമ്മായിയമ്മക്കും സുഹൃത്തിനും പണം കൊടുക്കാത്തതിനാലാണ് തന്നോട്  വൈരാഗ്യമെന്ന് കലൂരില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ ഡിക്സി. തന്റെ ജീവനു ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് സജീവന്‍ തന്നേയും മക്കളേയും സംരക്ഷിക്കാതെ അലസനായി ജീവിക്കുന്നതിനാലാണ് തനിക്കു വിദേശത്തു ജോലിക്കു പോകേണ്ടിവന്നത്. മക്കളെ സംരക്ഷിക്കാത്തതിനാല്‍ ഭര്‍ത്താവിനു പണം അയച്ചു കൊടുക്കുന്നതു നിര്‍ത്തിയിരുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിനെതിരേ ശിശുക്ഷേമ സമിതിയില്‍ പരാതിപ്പെട്ടിരുന്നുവെന്ന് കുഞ്ഞിന്റെ അമ്മയുടെ അമ്മ മേഴ്സി പറഞ്ഞു.

◼️ഹോട്ടല്‍മുറിയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് വിട്ടയച്ച മുത്തശിയെ വീണ്ടും ചോദ്യം ചെയ്യും. മകളുടെ മരണവാര്‍ത്തയറിഞ്ഞ് അമ്മ ഡിക്സി വിദേശത്തുനിന്ന് എത്തിയിരുന്നു. സജീവിന്റെ അമ്മ സിക്സിക്കും പ്രതിയായ ബിനോയിക്കും ഒപ്പം ഹോട്ടലിലുണ്ടായിരുന്ന നാലു വയസുകാരന്‍ മകനെ ഡിക്സിക്കും കുടുംബത്തിനുമൊപ്പം വിട്ടയച്ചതായി ശിശുക്ഷേമസമിതി അറിയിച്ചു.

◼️കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസിലെ പ്രതി ജോണ്‍ ബിനോയിക്കു കൊല്ലപ്പെട്ട നോറയുടെ മുത്തശിയുമായുള്ള ബന്ധം വിലക്കിയിരുന്നെന്ന്  പ്രതി ജോണ്‍ ബിനോയിയുടെ അമ്മ ഇംതിയാസ്. തന്റെ ദത്തുപുത്രനാണ് ജോണ്‍ ബിനോയി. വളര്‍ന്നപ്പോള്‍  ശല്യക്കാരനായതിനാല്‍ വീട്ടില്‍ വരരുതെന്ന് വിലക്കിയിരുന്നു. പോലീസില്‍ പരാതിയും നല്‍കി. വീട്ടില്‍ കയറരുതെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടിരുന്നു. ഇംതിയാസ് പറഞ്ഞു.

◼️രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് തുടക്കമാവും. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. തിയറ്ററുകളില്‍ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും.

◼️എച്ച്എല്‍എല്‍ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയക്കും. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ലിമിറ്റഡിന്റെ ലേല  നടപടികളില്‍  സംസ്ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കത്തയക്കുക. മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

◼️രാജ്യസഭ നേതാക്കള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലമല്ലെന്നും പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പരിഗണന വേണമെന്നും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍. കെ.വി തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരിക്കേയാണ് യൂത്ത് കോണ്‍ഗ്രസ് ഇങ്ങനെ പ്രതികരിച്ചത്.

◼️തലയോലപ്പറമ്പ് കീഴൂര്‍ ഡിബി കോളജില്‍നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി ഇടുക്കി ആനക്കുളത്ത് വലിയാര്‍കട്ടി പുഴയില്‍ മുങ്ങിമരിച്ചു. എംഎ ജേര്‍ണലിസം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി കീഴൂര്‍ മടക്കത്തടത്തില്‍ ഷാജിയുടെ മകന്‍ ജിഷ്ണു (22) ആണ് മരിച്ചത്. പതിനാറ് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘത്തിന്റെ ട്രക്കിംഗിനിടെ കാല്‍ വഴുതി ജിഷ്ണു പുഴയിലേക്കു വീഴുകയായിരുന്നു.

◼️നെയ്യാറ്റിന്‍കരയില്‍ ബസ്റ്റാന്റിനു സമീപത്തെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മോഷണം. വിദ്യാര്‍ത്ഥിയുടെ യുണിഫോം ധരിച്ചെത്തിയ യുവതി 21,000 രൂപ കവര്‍ന്നു. ജ്വല്ലറി ഉടമ കസേരയില്‍ ഇരുന്ന് ഉറങ്ങുകയായിരുന്നു. യുവതി കൗണ്ടറില്‍ നിന്നും ഒരു കെട്ട് നോട്ട് വലിച്ചെടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു.

◼️പത്തനംതിട്ട കോന്നിയില്‍ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 30 വര്‍ഷം കഠിന തടവ് ശിക്ഷ. അച്ചന്‍കോവില്‍ സ്വദേശി സുനിലിനെയാണ് പത്തനംതിട്ട പോക്സോ കോടതി ശിക്ഷിച്ചത്. 2015 ലാണ് പ്രതി പെണ്‍കുട്ടിയെ കൊക്കാത്തോട്ടിലെ വീട്ടില്‍വച്ച് പീഡിപ്പിച്ചത്.

◼️കാസര്‍കോട്ട് ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 45 വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ മജീദ് ലത്തീഫിയെയാണ് കാസര്‍കോട് പോക്സോ കോടതി ശിക്ഷിച്ചത്. 2016 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.

◼️വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ചു കൊന്നു കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുന് എതിരെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഹൈക്കോടതി  തള്ളി. പ്രതി അര്‍ജുനും  എസ്സി വിഭാഗത്തില്‍പ്പെട്ട ആളായതിനാല്‍ വകുപ്പ് നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ അമ്മയാണ് കോടതിയെ സമീപിച്ചത്.

◼️വര്‍ക്കലയില്‍ അഞ്ചു പേര്‍ മരിക്കാനിടയാക്കിയ വീട്ടിലെ തീപിടിത്തം കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡില്‍ നിന്ന്. തീപ്പൊരി പോര്‍ച്ചിലെ ബൈക്കിലേക്കു വീണതോടെ വാഹനം പൊട്ടിത്തെറിച്ചു. തുടര്‍ന്ന് അതിശക്തമായി തീ വീടിനകത്തേക്കു കയറുകയായിരുന്നു..

◼️സംസ്ഥാന ബജറ്റ് നാളെ. രാവിലെ എട്ടോടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വര്‍ധനയുടെ ബാധ്യതകൂടി വന്നതോടെ ഖജനാവില്‍ പണമില്ലാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതോടെ നികുതി വര്‍ധിപ്പിച്ച് വരുമാനമുണ്ടാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ചില സേവനങ്ങള്‍ക്കു ഫീസ് വര്‍ധിപ്പിക്കാനാണ് ധനമന്ത്രിയുടെ നീക്കം.

◼️മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതി എ.ജി പേരറിവാളനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസില്‍ 32 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളന്‍. 32 കൊല്ലത്തെ തടവും നല്ലനടപ്പും പരിഗണിച്ചാണ് ജാമ്യം. 1991 ജൂണ്‍ 11 നാണ് പേരറിവാളന്‍ അറസ്റ്റിലായത്.

◼️അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി വരുന്നമുറയ്ക്കു നിര്‍ണായക തീരുമാനങ്ങള്‍ ത്വരിതഗതിയില്‍ കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളെ നിയോഗിച്ചു. എംഎല്‍എമാരുടെ നീക്കങ്ങള്‍ മനസിലാക്കാനും കൂറുമാറ്റം തടയാനുംകൂടിയാണ് കേന്ദ്രനേതാക്കളെ അയച്ചിരിക്കുന്നത്. ഗോവയില്‍ സ്ഥാനാര്‍ഥികളെയെല്ലാം റിസോര്‍ട്ടിലേക്കു മാറ്റിയിരിക്കുകയാണ്.

◼️ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് എന്ന 57  കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിനുശേഷം മരിച്ചത്.

◼️മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കല്‍ പ്രഖ്യാപനം.

◼️കേരളത്തില്‍ ഇന്നലെ 29,754 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 11,879 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 3,928 കോവിഡ് രോഗികള്‍. നിലവില്‍ 43,668 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതാനാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.95 കോടി കോവിഡ് രോഗികള്‍.