About

News Now

ഓർമ്മയായത് സ്വന്തം ശരീരം സൂര്യതാപ പരീക്ഷണത്തിനായി ഉപയോഗിച്ച ഹീരാരത്തൻ മനേക്.

 


കോഴിക്കോട്:

സൂര്യനിൽ നിന്നുള്ള ഊർജ്ജം സ്വീകരിച്ചാൽ ശരീരം ഒരു ചിപ്പായി പ്രവർത്തിക്കുമെന്ന് സ്വന്തം ശരീരം കൊണ്ട് തെളിയിച്ച വ്യക്തിയാണ് വിട പറഞ്ഞ കോഴിക്കോട്ടെ ഹീരാരത്തൻ മനേക്. 

സൂര്യനെ ഉപാസിച്ച് ലഭിക്കുന്ന ഊർജത്തിലൂടെ  ഭക്ഷണമില്ലാതെ വെള്ളം മാത്രം കുടിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ സഹായിക്കുന്നതെന്ന് മനേക് അവകാശപ്പെടുകയും സ്വന്തം ജീവിതത്തിലൂടെ കാണിച്ച് കൊടുക്കുകയും ചെയ്തു.

മനേക് ജനിച്ചതും വളർന്നതും കോഴിക്കോടാണെങ്കിലും ഇദ്ദേഹത്തിൻ്റെ വംശപരമ്പര ഗുജറാത്തിലെ കച്ചിലാണ്. 

കപ്പൽ ബിസിനസുകാരനായ ഇദ്ദേഹം  1962-ൽ പോണ്ടിച്ചേരി അരബിന്ദോ ആശ്രമം സന്ദർശിച്ചപ്പോഴാണ് സൂര്യോപാസനയെക്കുറിച്ച് അറിയുന്നതും താത്പര്യം ജനിക്കുന്നതും. പിന്നീട് കുറച്ച് കുറച്ച് സൂര്യനെ ധ്യാനിക്കാൻ തുടങ്ങി.1992-മുതൽ പൂർണമായും സൂര്യോപാസകനായി മനേക് മാറി. ഉദിച്ച് ഒരുമണിക്കൂറിനുള്ളിലും അസ്തമിക്കുന്നതിന് ഒരുമണിക്കൂർമുമ്പും നഗ്നനേത്രംകൊണ്ട് സൂര്യനെ നോക്കുന്നതായിരുന്നു ഇദ്ദേഹത്തിൻ്റെ സൂര്യോപാസന. ആരംഭത്തിൽ കുറച്ചു സെക്കൻഡുകൾമാത്രമേ നോക്കാൻ പാടുള്ളു. ഏഴുമാസംകൊണ്ട് ഇത് അരമണിക്കൂറായി വർധിപ്പിക്കാമെന്നും ഇദ്ദേഹം നിർദേശിച്ചു. ഒമ്പതുമാസമാവുമ്പോഴേക്കും  ശരീരം ഊർജ സംഭരണിയാകുമെന്ന് ഇദ്ദേഹം  അവകാശപ്പെട്ടു. വിശപ്പില്ലാതാവും ഇതോടെ  ഭക്ഷണം ഉപേക്ഷിക്കാം.

1995 ജൂൺ മാസത്തിൽ കോഴിക്കോട്ട് 213 ദിവസം ഉപവാസം അനുഷ്ഠിച്ച് മനേക് ശ്രദ്ധേയനായി. ഡോ. സി.കെ. രാമചന്ദ്രന്റെ മേൽനോട്ടത്തിലായിരുന്നു ഉപവാസം. സൂര്യദർശനവും ദാഹിക്കുമ്പോൾ വെള്ളം കുടിച്ചുമായിരുന്നു ആദ്യ പരീക്ഷണം. 

അഹമ്മദാബാദിൽ 2000 ജനുവരി ഒന്നുമുതൽ 2001 ഫെബ്രുവരി 15 വരെ 411 ദിവസം തുടർച്ചായി നടത്തിയ ഉപവാസമാണ് മനേഖിനെ ലോകശ്രദ്ധയിൽ കൊണ്ടുവരുന്നത്. മനേകന്റെ ദീർഘ ഉപവാസം വലിയ വാർത്തയായി. ഐ.എം.എയുടെ അന്നത്തെ ചെയർമാൻ ഷിയായുടെ നേതൃത്വത്തിലുള്ള 21 ഡോക്റ്റർമാരുടെ നിരീക്ഷണത്തിലായിരുന്നു രണ്ടാം പരീക്ഷണം.

 പെൻസിൽവാനിയാ, തോമസ് ജെഫേഴ്സൺ സർവകലാശാലകളുടെ ക്ഷണമനുസരിച്ച് മനേക് അമേരിക്കിയിലെത്തി പ്രഭാഷണപരമ്പരകൾ നടത്തി. നാസയുടെ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്റർ സന്ദർശിക്കാനും അവസരം ലഭിച്ചു. നാസ മനേകിനെ അംഗീകരിച്ചെങ്കിലും തുറന്ന് പറയാൻ തയ്യാറായില്ല. 

ബഹിരാകാശയാത്രികർ സൂര്യോപാസന പരിശീലിക്കുന്നത് ഭക്ഷണമില്ലാതെ കൂടുതൽക്കാലം ബഹിരാകാശത്ത് കഴിയാൻ അവരെ സഹായിക്കുമെന്നായിരുന്നു മനേകിൻ്റെ അഭിപ്രായം.

കാഴ്ചപ്പാടുകൾ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും അദ്ദേഹം പ്രചരിപ്പിച്ചു. യുറോപ്പിലും അമേരിക്കയിലും ശിൽപ്പശാലകളിൽ പങ്കെടുത്തു. 

ഫ്ളോറിഡയിലാണ് മനേകിൻ്റെ സംരംഭത്തിൻ്റെ അന്നത്തെ ആസ്ഥാനം.  ഇതിനായി അമ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. സൂര്യദർശനത്തെക്കുറിച്ച് പുസ്തകവും രചിച്ചു. വിദേശ രാജ്യങ്ങളിൽ കൂടുതൽ അംഗീകാരം ലഭിച്ച സൂര്യ ദർശനത്തിന് ഇന്ത്യയിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നായിരുന്നു വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് ചക്കോരത്ത്കുളത്തെ വീട്ടിലിരുന്ന് അദ്ദേഹം പരിഭവിച്ചത്. ഭക്ഷണം സൗരോജ്ജം ഉപയോഗിച്ചു മാത്രം ജീവിച്ച സൂര്യോപാസകന്‍ ഹീരാ രത്തന്‍ മനേക്  (84) കോഴിക്കോട് ചക്കോരത്ത് കുളത്തെ ഫ്ലാറ്റിലായിരുന്നു താമസം. വീട്ടിൽ കാൽതെറ്റിവീണ് തോളെല്ലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയവേയായിരുന്നു അന്ത്യം.