മഞ്ഞപ്പട തന്നെ; കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ കലാശ പോരാട്ടത്തിന്
മഡ്ഗാവ്:
മഡ്ഗാവിലെ വാസ്‌കോ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ ജംഷഡ്‌പൂര്‍ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എൽ ഫൈനലിൽ. രണ്ടാം പാദ സെമി ഫൈനലില്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചപ്പോള്‍ ആദ്യ പാദത്തിലെ ഗോളാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷക്കെത്തിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം. ആറു വർഷത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയത് എന്ന പ്രത്യേകതയും ഉണ്ട് ഇത്തവണ.
അഡ്രിയാന്‍ ലൂണ ബ്ലാസ്റ്റേഴ്‌സിനായി വല ചലിപ്പിച്ചപ്പോള്‍ പ്രണോയ് ഹാല്‍ദര്‍ ജംഷഡ്‌പൂരിനായി ലക്ഷ്യം കണ്ടു. ഇതോടെ ഇരുപാദങ്ങളിലുമായി ബ്ലാസ്റ്റേഴ്‌സ് 2-1ന് മുന്നിലെത്തി.
സ്റ്റാര്‍ട്ടിങ് മുതല്‍ നിരന്തരം ആക്രമണങ്ങള്‍ നയിച്ച ബ്ലാസ്റ്റേഴ്‌സിനായി 18-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഗോള്‍ നേടി. ഇടതു വിങ്ങില്‍ നിന്ന് ആല്‍വാരോ വാസ്‌കസ് ഫ്‌ളിക് ചെയ്ത് നല്‍കിയ പന്തില്‍ ലൂണ സ്വതസിദ്ധമായ ശൈലിയില്‍ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് പ്ലേസ് ചെയ്തു.
ജംഷഡ്‌പൂരിന്റെ രണ്ട് പ്രതിരോധ താരങ്ങളെ മറികടന്നെത്തിയ ആ ഷോട്ടിന് മുന്നില്‍ ഗോള്‍കീപ്പര്‍ ടിപി രഹ്നേഷിനും ഒന്നും ചെയ്യാനായില്ല. എന്നാല്‍ ജംഷേദ്പുര്‍ രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ടു. 50-ാം മിനിറ്റില്‍ ഡാനിയല്‍ ചീമയുടെ അസിസ്റ്റില്‍ പ്രണോയ് ഹാല്‍ദര്‍ ലക്ഷ്യം കാണുകയായിരുന്നു.
ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം ഫൈനലാണിത്. 2014, 2016 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് കലാശക്കളിക്ക് യോഗ്യത നേടിയത്.
നാളെ രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ എടികെ മോഹൻ ബഗാൻ - ഹൈദരാബാദിനെ നേരിടും. ആദ്യ പാദ മൽസരത്തിൽ ഹൈദരാബാദ് 3-1 ന് വിജയിച്ചിരുന്നു.
ഞായറാഴ്ച്ചയാണ് ഫൈനൽ.