About

News Now

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ബി.ജെ.പി. ഭരണ തുടർച്ച : പഞ്ചാബിൽ എ.എ.പി


അഞ്ചില്‍ നാലിടത്തും ബിജെപിക്കു തുടര്‍ഭരണം. കോണ്‍ഗ്രസിനു തകര്‍ച്ച. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലാണു ബിജെപിക്കു ' തുടര്‍ഭരണം. പഞ്ചാബിലെ കോണ്‍ഗ്രസ് ഭരണം തുത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളെ തകിടം മറിച്ചുകൊണ്ടാണ് ബിജെപി മുന്നേറ്റം നടത്തിയത്.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രണ്ടാമൂഴം. 403 അംഗ നിയമസഭയില്‍ 275 ലേറെ സീറ്റുകളുമായാണു ബിജെപിയുടെ മുന്നേറ്റം. തൊട്ടുപിറകിലുള്ള അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിക്ക് 120 സീറ്റിലാണു ലീഡ്. മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി നാലു സീറ്റിലേക്കൊതുങ്ങി. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പടയോട്ടം നടത്തിയ കോണ്‍ഗ്രസ് വെറും രണ്ടു സീറ്റുകളിലേക്കു തകര്‍ന്നു.

പഞ്ചാബില്‍ അധികാര വടംവലിയും കലഹവുമായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറത്താക്കി. 117 അംഗ നിയമസഭയില്‍ 90 ലേറെ സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മുന്നേറിയത്. ആം ആദ്മി പാര്‍ട്ടിയുടെ ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയാകും. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും 17 സീറ്റിലായി ഒതുങ്ങി. ബിജെപിക്ക് ആറു സീറ്റു മാത്രം. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി  ചരണ്‍ജിത് സിംഗ് ചന്നി മല്‍സരിച്ച രണ്ടിടത്തും പിറകിലാണ്. പിസിസി പ്രസിഡന്റ് നവ്ജ്യോത് സിംഗ് സിദ്ദുവും പിറകില്‍തന്നെ. കോണ്‍ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന് മത്സരിച്ച മുന്‍മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനേയും വോട്ടര്‍മാര്‍ തുണച്ചില്ല.

തൂക്കുസഭയ്ക്കു സാധ്യതയെന്ന എക്സിറ്റ് പോള്‍ ഫലപ്രവചങ്ങളുണ്ടായ ഉത്തരാഖണ്ഡില്‍ ബിജെപി 48 സീറ്റുമായി ഭൂരിപക്ഷത്തിലേക്ക്. 70 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 18 സീറ്റുകളിലാണു ലീഡ്. ഉത്തരാഖണ്ഡിലെ ബിജെപി മുഖ്യമന്ത്രിയായിരുന്ന ധാമി പിറകിലാണ്. 60 അംഗ മണിപ്പൂര്‍ നിയമസഭയിലേക്ക് ബിജെപി 31 അംഗങ്ങളുമായി മുന്നേറുകയാണ്. കോണ്‍ഗ്രസ് ഏഴു സീറ്റിലും എന്‍പിപി ഒമ്പതു സീറ്റിലുമാണു ലീഡ് ചെയ്യുന്നത്. നാല്‍പതംഗ ഗോവ നിയമസഭയില്‍ 19 സീറ്റുമായി ബിജെപിതന്നെ മുന്നില്‍. കോണ്‍ഗ്രസിന് 11 അംഗങ്ങളുടെ ലീഡ്. ടിഎംസി മൂന്നു സീറ്റിലും മറ്റുള്ളവര്‍ ആറു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടേയും യോഗി ആദിത്യനാഥിന്റേയും രണ്ടാമൂഴം രാജ്യത്തെ രാഷ്ട്രീയ ജനവികാരത്തിന്റെ സൂചകമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന യുപിയിലെ കാറ്റനുസരിച്ചാണ് രാജ്യത്തെ രാഷ്ട്രീയക്കാറ്റെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തുടര്‍ഭരണവും മുഖ്യമന്ത്രിക്കു രണ്ടാമൂഴവും ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുശേഷം രാജ്യത്ത് ഉയര്‍ന്നുവരുന്ന നേതാവ് എന്ന നിലയിലേക്കാണ് യോഗി ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്.

പഞ്ചാബില്‍ കോണ്‍ഗ്രസിനെ നിലപംപരിശാക്കി അട്ടിമറി വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്കു കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രാധാന്യം വര്‍ധിക്കും. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജരിവാള്‍ ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തനായ നേതാവാകും.

കലഹവും അധികാര വടംവലിയുംമൂലം തകര്‍ന്നടിഞ്ഞു എന്നതാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ ചിത്രം. വീണ്ടെടുക്കാന്‍ നേതാക്കള്‍ക്കു വളരെ പ്രയാസപ്പെടേണ്ടിവരും. എഐസിസി മുതല്‍ കീഴ്ഘടകങ്ങള്‍ വരെ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന നേതാക്കളോ പ്രവര്‍ത്തകരോ ഇല്ലാത്ത ആള്‍ക്കൂട്ടമായി മാറിയ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നത് ആയാസകരമാകും. പ്രത്യേകിച്ച് മൂന്നു വര്‍ഷത്തോളമായി എഐസിസിക്ക് പ്രസിഡന്റുപോലും ഇല്ലാത്ത അവസ്ഥയാണ്.

സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ പുതുചലനം ഉണ്ടാക്കുന്നതാണ് യോഗി ആദിത്യനാഥിന്റെ വിജയം. യോഗിയെ മുന്നില്‍ നിര്‍ത്തിയുള്ള വിജയം മോദിയുടെ പിന്‍ഗാമിയെ നിര്‍ണ്ണയിക്കുന്നതിലും പ്രധാനമാകും. ഹിന്ദുത്വ രാഷ്ടീയം ദേശീയ തലത്തില്‍ ശക്തമാക്കും. കര്‍ഷകരോഷത്തെ മറികടന്ന വിജയമായാണ് ബിജെപിയുടെ വിലയിരുത്തല്‍. കര്‍ഷകസമരം അടക്കമുള്ളവ കോണ്‍ഗ്രസിന് അല്‍പംപോലും തുണയായില്ലെന്നാണ് മറ്റൊരു സുപ്രധാന വിലയിരുത്തല്‍.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയെന്ന സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആരോപണത്തിനു പിറേക വാരണാസിയില്‍ എഡിഎം അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഇവിഎം നീക്കുന്നതിനിടയിലെ ചട്ടങ്ങള്‍ പാലിക്കാത്തതിന് വാരണാസി എഡിഎം നളിനി കാന്ത് സിംഗിനെ സസ്പെന്‍ഡ് ചെയ്തു.

പഞ്ചാബ് കൈവിട്ടതോടെ കോണ്‍ഗ്രസ് ഭരണം രണ്ടു സംസ്ഥാനങ്ങളിലായി ഒതുങ്ങി. ഉത്തരാഖണ്ഡിലും ഗോവയിലും അധികാരത്തിലെത്താമെന്ന മോഹം തകര്‍ന്നു. രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ് കോണ്‍ഗ്രസ് ഭരണം. മുന്നണി സഖ്യത്തിന്റെ ഭാഗമായി ജാര്‍ക്കണ്ഡിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോണ്‍ഗ്രസിനു ഭരണ പങ്കാളിത്തമുണ്ട്.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുന്ന ഭഗവന്ത് മാന്‍ ജനപ്രിയ ടെലിവിഷന്‍ സീരിയലില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നയാളാണ്. അഴിമതിക്കെതിരായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനപ്രീതി നേടി. യുക്രെയിന്റെ പ്രസിഡന്റായ വോളോഡിമിര്‍ സെലന്‍സ്‌കിയുടെതിനു സമാനമാണ് ഭഗവന്ത് മാനിന്റെ രാഷ്ട്രീയ പ്രവേശം.

ജനവിധി ദൈവത്തിന്റെ തീരുമാനമാണെന്ന് പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്ജോത് സിംഗ് സിദ്ദു. പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നുവെന്ന് സിദ്ദു പറഞ്ഞു. ആം ആദ്മിക്ക് ആശംസകളെന്നും സിദ്ദു ട്വീറ്റ് ചെയ്തു.

'ഞാന്‍ ഭയപ്പെടുന്നില്ല.' എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ ട്വിറ്റ് ചെയ്ത് എഐസിസി. കനത്ത പരാജയം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല. എന്നാല്‍ ഔദ്യോഗിക ട്വിറ്ററില്‍ വന്ന ട്വീറ്റാണ് കൗതുകം ഉയര്‍ത്തുന്നതായത്.