About

News Now

നാദാപുരം വലിയ ജുമുഅത്ത് പള്ളിയിലേക്ക് സ്ത്രീകളുടെ തിക്കുംതിരക്ക്

 


നാദാപുരം:  

നാദാപുരം വലിയ ജുമുഅത്ത് പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അനുമതി ലഭിച്ചതോടെ അനുഭവപ്പെട്ടത് വൻ തിരക്ക്. രണ്ട് ദിവസത്തെ അനുമതി ഇന്നലെയും ഇന്നുമായിരുന്നു. 

ഇതോടെ ഇന്നലെ രാവിലെ എട്ടു മണി മുതൽ തന്നെ പള്ളി കാണാനായി ദൂര സ്ഥലങ്ങളിൽ നിന്നു പോലും സ്ത്രീകളെത്തി. തിരക്ക് വർദ്ധിച്ചതോടെ നാദാപുരം ടൗൺ ഗതാഗതക്കുരുക്കിലായി  ട്രാഫിക്ക് നിയന്ത്രണത്തിന് പോലീസ് ഏറെ ബുദ്ധിമുട്ടി. സ്ത്രീകൾക്ക്  സൗകര്യമൊരുക്കാൻ വനിത വളന്റിയർമാരും രംഗത്തെത്തി.

 32 വർഷങ്ങൾക്കു മുമ്പാണ് നാദാപുരം വലിയ പള്ളി സന്ദർശനത്തിന് സ്ത്രീകൾക്ക് അവസരം ലഭിച്ചിരുന്നത്. അന്ന് സന്ദർശിച്ച കുട്ടികൾ പോലും ഇന്ന് മുതിർന്നവരായി.

നൂറു വർഷത്തിലധികം പഴക്കമുള്ള പള്ളിയാണിത്.  നിരവധി മുൻകാല പണ്ഡിതരുടെ മഖ്ബറകൾ ഇവിടെയുണ്ട്. സുന്നീ പണ്ഡിതരുടെ നേതൃത്വത്തിൽ ഇവിടെ പ്രത്യേക പ്രാർഥന നടന്നു. . സ്ത്രീകളുടെ സന്ദർശനം ഇന്നു കൂടിയായിരുന്നു.

കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി. വാസ്തുശില്പ കലയുടെ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക് ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്താലാണ് നിര്‍മിച്ചിട്ടുള്ളത്. പള്ളിയുടെ നിര്‍മാണത്തിന് ഒരുപാടു വര്‍ഷങ്ങള്‍ സമയമെടുത്തെന്നാണ് പറയപ്പെടുന്നത്