About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 | മാർച്ച് 06 ഞായർ|1197 കുംഭം 22 അശ്വതി| ശഅബാൻ 03| 

റഷ്യന്‍ വിമാനങ്ങള്‍ക്ക് യുക്രൈനു മുകളിലൂടെ പറക്കുന്നതിന് നാറ്റോ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ യുദ്ധം നാറ്റോയ്ക്കെതിരേ ആകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. നോ ഫ്ളൈ സോണ്‍ പ്രഖ്യാപിച്ചാല്‍ യുദ്ധത്തിന്റെ ഗതി മാറും. ഉപരോധ പ്രഖ്യാപനം ഒരു തരത്തില്‍ യുദ്ധപ്രഖ്യാപനം തന്നെയാണെന്നും പുടിന്‍ പറഞ്ഞു. യുക്രെയിനുമേല്‍ വിമാനനിരോധിത മേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അമേരിക്ക നിരസിച്ചിരുന്നു.

◼️എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെ നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പു മന്ത്രി വി.ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയായിരിക്കും. ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളുടെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തും. പ്ലസ് വണ്‍ പരീക്ഷകള്‍ മധ്യവേനലവധി കഴിഞ്ഞ ശേഷം ജൂണ്‍ രണ്ടു മുതല്‍ 18 വരെയുള്ള തീയതിയില്‍ നടത്തും. ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ക്ക് മധ്യവേനലവധി ആയിരിക്കും. ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും. അധ്യാപകരുടെ പരിശീലന ക്യാംപുകള്‍ മെയ് മാസത്തില്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക്ക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

◼️യുക്രൈനില്‍നിന്ന് ഡല്‍ഹിയില്‍ എത്തി നാട്ടിലേക്കുള്ള വിമാനത്തിനായി 40 മലയാളി വിദ്യാര്‍ത്ഥികള്‍ കാത്തിരിക്കേണ്ടി വന്നത് 11 മണിക്കൂര്‍. പട്ടികയില്‍ പേരില്ലെന്ന കാരണം പറഞ്ഞാണ് പിആര്‍ഡി ഇവരെ മാറ്റി നിര്‍ത്തിയത്. അവശരായി യുക്രൈനില്‍ നിന്ന് എത്തിയ കുട്ടികള്‍ക്ക് കേരളാ ഹൗസിലേക്കും പ്രവേശനം കിട്ടിയില്ല. ഇവര്‍ക്കൊപ്പം എത്തിയ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ അതാതു സര്‍ക്കാരുകള്‍ വിമാനത്തില്‍ കയറ്റി നാട്ടിലെത്തിച്ചിരുന്നു.

◼️ഓപ്പറേഷന്‍ ഗംഗയിലൂടെ ഇന്ന് 2600 പേരെ കൂടി ഇന്ത്യയിലെത്തിക്കും. 13 വിമാനങ്ങള്‍ രക്ഷാദൗത്യത്തില്‍ പങ്കെടുക്കും. ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചു.

◼️ടാറ്റൂ വരയ്ക്കുന്നതിനിടെ യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കൊച്ചിയിലെ ഇങ്ക്ഫെക്ടഡ് എന്ന ടാറ്റൂ സെന്റര്‍ ഉടമയും ടാറ്റൂ ആര്‍ട്ടിസ്റ്റുമായ പി.എസ് സുജേഷ് അറസ്റ്റില്‍. കൊച്ചി നഗരത്തില്‍നിന്നു തന്നെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇന്നലെ വൈകുന്നേരം ഇന്‍ക്ഫെക്ടഡ് ടാറ്റുവില്‍ പോലീസ് പരിശോധന നടത്തി സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ്ഡിസ്‌കും പിടിച്ചെടുത്തിരുന്നു.

◼️സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനത്തിനുള്ള വനിതാ രത്ന പുരസ്‌കാരം തിരുവനന്തപുരം പരുത്തിപ്പാറ ശ്രീനഗര്‍ ശാന്താ ജോസിനാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരത്തിന് ഗായികകൂടിയായ ഡോ. വൈക്കം വിജയലക്ഷ്മി അര്‍ഹയായി. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം ഡോ. സുനിതാ കൃഷ്ണനും വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള പുരസ്‌കാരത്തിന് കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പലം ഡോ. യു.പി.വി. സുധയും അര്‍ഹരായി.

◼️ഡിസിസി പുന:സംഘടന സംബന്ധിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ ഇന്നു വീണ്ടും ചര്‍ച്ച. ഭാരവാഹി പട്ടികക്ക് അന്തിമ രൂപം നല്‍കാനാണ് കൂടിക്കാഴ്ച. ഒമ്പതു ജില്ലകളില്‍ ഇനിയും ധാരണയായിട്ടില്ല. സതീശനുമായുള്ള ചര്‍ച്ചക്ക് ശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമായും സുധാകരന്‍ ചര്‍ച്ച നടത്തും. മറ്റന്നാള്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ നേതാക്കള്‍ പങ്കെടുക്കുന്നതിനാല്‍ ചര്‍ച്ചയും പ്രഖ്യാപനവും വൈകാനും സാധ്യതയുണ്ട്.

◼️കോണ്‍ഗ്രസിലെ ഐക്യം ഗ്രൂപ്പ് വളര്‍ത്താനല്ലെന്ന് രമേശ് ചെന്നിത്തലയും കെ മുരളീധരനും. പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നു മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു. താനും മുരളീധരനും മാതൃകയാകുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി നല്‍കിയതിന്റെ പേരില്‍ ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാവര്‍ക്കും ആശ്വാസകരമായ പാക്കേജാണ് നടപ്പാക്കുക. കോഴിക്കോട് സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️കെ റെയില്‍ വിശദീകരണത്തിന് കോഴിക്കോട്  എത്തിയ മുഖ്യന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

◼️കെ. റെയില്‍ പ്രതിഷേധത്തിനിടെ പോലീസുദ്യോസ്ഥനെ അസഭ്യം പറഞ്ഞെന്നും ജോലി തടസപ്പെടുത്തിയെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ്. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടക്കുന്ന സര്‍വ്വേക്കെതിരേ പ്രദേശവാസികള്‍ നടത്തുന്ന പ്രതിഷേധ സമരത്തിനു പിന്തുണയുമായി എത്തിയതായിരുന്നു എംപി

◼️ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ഹൈദരാബാദിനോട് തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് സെമി ഉറപ്പിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ സിറ്റിയെ ഹൈദരാബാദ് 2-1ന് പരാജയപ്പെടുത്തുകയായിരുന്നു. ആറ് വര്‍ഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ പ്രവേശിക്കുന്നത്.

◼️ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരേ ബെംഗളൂരുവിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ബെംഗളൂരുവിന്റെ വിജയം. ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ബെംഗളൂരു ആറാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്തുമാണ്.

◼️മൊഹാലി ടെസ്റ്റില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 574നെതിരെ ശ്രീലങ്ക പതറുന്നു. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ സന്ദശര്‍കര്‍ക്ക് 108 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായി. നേരത്തെ, ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.

◼️കേരളത്തില്‍ ഇന്നലെ 30,504 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 15,285 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,138 കോവിഡ് രോഗികള്‍. നിലവില്‍ 57,309 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനാല് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. നിലവില്‍ 6.12 കോടി കോവിഡ് രോഗികള്‍.