തുടർ പഠനത്തിൻ്റെ ആശങ്കകൾ പങ്കുവെച്ച് ഉക്രൈനിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ
താമരശ്ശേരി:
യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പങ്കുവെയ്ക്കാനുള്ളത് തുടർവിദ്യാഭ്യാസത്തെ കുറിച്ചുള്ള ആശങ്കകൾ. താമരശ്ശേരി പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു മെഡിക്കൽ വിദ്യാർത്ഥികൾ. ഉക്രൈനിൽ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ തുടർ പഠനത്തിന് നാട്ടിൽ സൗകാര്യമൊരുക്കാൻ സർക്കാരുകൾ ശ്രമിക്കണമെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്. നാലാം സെമസ്റ്റർ വിദ്യാർത്ഥിയായ താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി സൽമാൻ ഫാരീസ് പറഞ്ഞു. യുദ്ധഭീതിയിലൂടെ നാട്ടിലെത്തിയത് വലിയ ആശങ്കയിലും ശ്രമത്തിലുമായിരുന്നെന്ന്ബോഗോമൊലെറ്റ്സ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്. ഒന്നാം സെമസ്റ്റർ വിദ്യർത്ഥിയായ വാവാട് സ്വദേശി മുഹമ്മദ് മിൻഹാജ് പറഞ്ഞു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് ഉക്രൈനിൽ ഒരു പരിഗണനയും ഇല്ലായിരുന്നു. നാട്ടിലെത്തിയെങ്കിലും തുടർപഠനം സംബന്ധിച്ച് അശങ്കയിലാണെന്നും മുഹമ്മദ് മിൻഹാജ്.
ഓൺലൈനായി പoനം , യൂണിവേഴ്സിറ്റി അറിയിച്ചെങ്കിലും എം.ബി.ബി.എസ് കോഴ്സിൻ്റെ പ്രാക്റ്റിക്കൽ ഉൾപ്പെടെയുള്ളവ എങ്ങനെ നടത്തുമെന്ന് ആശങ്കയുണ്ടെന്ന് സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ വാവാട് സ്വദേശി ആഷിഖ് സലാഹ് പറഞ്ഞു.
മൂന്ന് മാസം മുൻപാണ് ഉക്രൈനിൽ എത്തിയതെന്നും അപ്പോഴേക്കും യുദ്ധം പൊട്ടി പുറപ്പെട്ടതോടെ അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായതായും സപോറേഷ്യ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എം.ബി.ബി.എസ്.ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായ വലിയപറമ്പ് സ്വദേശിനി ഫാത്തിമ്മ നിയാ പറഞ്ഞു. തുടർ പoനത്തിനുള്ള സാഹചര്യമൊരുക്കണമെന്നും അവർ പറഞ്ഞു.