About

News Now

ന്യൂസ് റൗണ്ട് അപ്പ്

 താമരശ്ശേരി ന്യൂസ്

2022 മാർച്ച് 19  ശനി|1197 മീനം 5 അത്തം| ശഅബാൻ 16


◼️മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്ന വിഷയത്തില്‍ പിടി വിടാതെ ഗവര്‍ണര്‍. അഭിപ്രായം തേടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംസ്ഥാന സര്‍ക്കാരിനും കത്തു നല്‍കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായംകൂടി പരിഗണിച്ചശേഷം തുടര്‍ നടപടികളിലേക്കു കടക്കുമെന്നു ഗവര്‍ണര്‍ വ്യക്തമാക്കി.

◼️സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മറച്ചുവച്ചിരിക്കുകയാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. ബജറ്റിലേക്കു പണം നല്‍കുന്നതായി പറയുന്ന കിഫ്ബി, കെഎസ്എസ്പിഎല്‍ എന്നീ സ്ഥാപനങ്ങള്‍ ബജറ്റിനു പുറത്തു കടമെടുക്കുന്നു. ഓഡിറ്റിംഗിനു വിധേയമാക്കാതെയാണ് ഈ നടപടി. വരവും ചെലവും തമ്മിലുള്ള അന്തരം ബജറ്റില്‍ പറയുന്നതിനേക്കാള്‍ വളരെ വലുതാണ്. വ്യക്തമായ കണക്കുകള്‍ ഹാജരാക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക വകുപ്പുകളിലേയും ഓഡിറ്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

◼️കളമശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റി നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഫൈജുല്‍ മണ്ഡല്‍, കൂടൂസ് മണ്ഡല്‍, നൗജേഷ് മണ്ഡല്‍, നൂറാമിന്‍ മണ്ഡല്‍ എന്നിവരാണ് മരിച്ചത്. ഏഴു തൊഴിലാളികളാണ് ഇടിഞ്ഞുവീണ മണ്ണിനുള്ളില്‍ കുടുങ്ങിയത്. മൂന്നു പേരെ രക്ഷപ്പെടുത്തി.

◼️മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി. കെപിസിസി നേതൃത്വം എഐസിസിക്കു നല്‍കിയ മൂന്നു പേരുടെ പട്ടികയില്‍നിന്നാണ് ഹൈക്കമാന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചത്. എം. ലിജു, ജയ്സണ്‍ ജോസഫ് എന്നിവരുടെ പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്. ലിജുവിനുവേണ്ടി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. 1980 നുശേഷം ഇതാദ്യമായാണ് കേരളത്തിലെ കോണ്‍ഗ്രസില്‍നിന്ന് ഒരു വനിതയെ രാജ്യസഭയിലേക്കു പരിഗണിക്കുന്നത്.

◼️മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വന്തക്കാര്‍ക്കു നല്‍കിയെന്ന് ആരോപിച്ചു ലോകായുക്തയിലുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ മാറ്റിവച്ചു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ആര്‍.എസ്. ശശികുമാറാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അന്തരിച്ച മുന്‍ എംഎല്‍എമാരായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും രാമചന്ദ്രന്‍നായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും നല്‍കിയിരുന്നു. സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും നല്‍കി. ഇത് അധികാര ദുര്‍വിനിയോഗമാണെന്നും ഉത്തരവാദികളായ മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

◼️നമ്പര്‍ 18 ഹോട്ടല്‍ ഉടമ ഉള്‍പ്പെട്ട പോക്സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റിമ ദേവ്  ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനു മുന്‍പാകെ ഹാജരായില്ല. ഇന്നലെ രാവിലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രണ്ടാംതവണ നോട്ടീസ് നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നു കാണിച്ച് അഞ്ജലി കത്തു നല്‍കി. അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു കോടതിയെ അറിയിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജ പറഞ്ഞു.

◼️ടാറ്റൂ, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ ലൈംഗീകാതിക്രമ കേസുകള്‍ക്കു പിന്നാലെ കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി മുന്നോട്ടു വന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. കൊച്ചിയില്‍ നേരത്തെ പ്രതിദിനം രണ്ടു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇപ്പോഴത് ആറു കേസുകള്‍ വരെ എത്തി. എപ്പോള്‍ സംഭവിച്ചതാണെങ്കിലും പരാതിയില്‍ നടപടി എടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

◼️വയനാട്ടിലെ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരില്‍നിന്ന് കണ്ടെത്തിയ ഒന്‍പതു ലക്ഷം രൂപ കൈവശംവച്ച സംഭവത്തിലാണ് നടപടി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പിഎ പ്രകാശ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എംകെ മന്‍സൂര്‍ അലി, എംസി സനൂപ് എന്നിവര്‍ക്കെതിരെയാണ് നടപടി.

◼️രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ അപ്രതീക്ഷിത അതിഥിയായി നടി ഭാവന. പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് നടി ഭാവന പറഞ്ഞു. ഉദ്ഘാടന ചടങ്ങിന്റെ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേര് ഉണ്ടായിരുന്നില്ല. വിശിഷ്ടാതിഥികളെ വേദിയിലേക്കു ക്ഷണിക്കവേയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും ക്ഷണിച്ചത്. വന്‍ കരഘോഷത്തോടെയാണ് ഭാവനയെ നിശാഗന്ധിയിലെ സദസ് വരവേറ്റത്. ചലച്ചിത്ര മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

◼️കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരി റിന്‍സിയെ കൊലപ്പെടുത്തിയ മുന്‍ ജീവനക്കാരന്‍ റിയാസിനെ അറസ്റ്റു ചെയ്യാനായില്ല. ശല്യം ചെയ്തിരുന്ന റിയാസിനെതിരേ റിന്‍സി പോലീസില്‍ പരാതിയിരുന്നു. പോലീസ് റിയാസിനെ വിളിപ്പിച്ചു താക്കീതു ചെയ്തിരുന്നു. റിന്‍സി ആക്രമിക്കപ്പെട്ട സ്ഥലത്തിന് അര കിലോമീറ്റര്‍ അകലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും റിയാസ് ഉപയോഗിച്ചതെന്ന് കരുതുന്ന വെട്ടുകത്തി കണ്ടെത്തി.

◼️കാസര്‍കോട്ടെ ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള 79 പേരെ സ്ഥലം മാറ്റി. വര്‍ക്കിംഗ് അറേഞ്ച്മെന്റിന്റെ ഭാഗമായി ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കാണ് മാറ്റം.

◼️പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ് ഷേര്‍ല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യ കേസില്‍ നേരിട്ടു ഹാജരാവണമെന്ന ഉത്തരവു പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിര്‍ദ്ദേശം. കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് നടപടി.