About

News Now

ന്യൂസ് റൗണ്ട് അപ്പ്

താമരശ്ശേരി ന്യൂസ്

2022 മാർച്ച് 30 ബുധൻ|1197 മീനം 16 ചതയം| ശഅബാൻ 27| 


◼️യുദ്ധം അവസാനിക്കുന്നു. യുക്രെയിനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പുരോഗതി. സുരക്ഷ ഉറപ്പാണെങ്കില്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയിന്‍ സമ്മതിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ ആക്രമണം കുറയ്ക്കാമെന്നു റഷ്യ ഉറപ്പു നല്‍കി. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോകന്റെ ഓഫീസില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയിലാണ് പുരോഗതി.
◼️ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എല്‍ഡിഎഫ് യോഗം ഇന്ന്. പുതിയ മദ്യനയത്തിലും തീരുമാനമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നത് ഒഴിവാക്കുക, ഐടി മേഖലയില്‍ പബ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും. കെ റെയില്‍ വിഷയവും ചര്‍ച്ചയാകും.
◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കിനു സമാപനം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പൊലീസ് നോക്കിനില്‍ക്കേ ജീവനക്കാരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവാദമായതോടെ പോലീസ് അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തു.
◼️പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് പാടൂരിലെ കെഎസ്ഇബി ഓഫീസില്‍ സമരാനുകൂലികളുടെ അതിക്രമം. ഉച്ചയോടെ ബൈക്കുകളിലും ഓട്ടോറിക്ഷയിലുമെത്തിയ മുപ്പതംഗ സംഘമാണ് അതിക്രമം നടത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് എന്‍ജിനിയര്‍ കുഞ്ഞുമുഹമ്മദ്, ഓവര്‍സിയര്‍ മനോജ്, ലൈന്‍മാന്‍മാരായ നടരാജന്‍ ആറുമുഖന്‍ വര്‍ക്കര്‍മാരായ അഷറഫ്, കുട്ടപ്പന്‍, രാമന്‍കുട്ടി, അപ്രന്റിസ് സഞ്ജയ് എന്നിവരെ മര്‍ദ്ദിച്ചു. ഓഫീസ് സാധനങ്ങള്‍ കേടുവരുത്തി. പരിക്കേറ്റവരെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️മൂന്നാറില്‍ പണിമുടക്കുകാര്‍ വഴിതടഞ്ഞതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേവികുളം എംഎല്‍എ രാജയെ  കൈയ്യേറ്റം ചെയ്ത പൊലീസ് എസ്ഐ സാഗറിനെ സ്ഥലംമാറ്റി. ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കു മാറ്റി എസ്പിയാണ് ഉത്തരവിട്ടത്.  
◼️ജോലിക്കെത്തിയ അധ്യാപകരെ പൊതുപണിമുടക്ക് അനുകൂലികള്‍ മര്‍ദ്ദിച്ചു. കോഴിക്കോട് അത്തോളി  ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേശീയ അധ്യാപക പരിഷത്ത് കൊയിലാണ്ടി ഉപജില്ല പ്രസിഡന്റ് ബിജു,  സുബാഷ് എന്നീ അദ്ധ്യാപകരെ പ്രാദേശിക സിപിഎം നേതാക്കള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.
◼️നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ചോദ്യം ചെയ്തു. ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത്തിനെയും ചോദ്യം ചെയ്തു. നടിയെ ആക്രമിച്ച പള്‍സര്‍ സുനി  പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ തേടിയാണ് പോലീസിന്റെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്തത്.
◼️ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു.
◼️പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം  കേരളത്തില്‍ നടന്ന മാവോയിസ്റ്റ് വേട്ടക്കായി ലഭിച്ച കേന്ദ്രസഹായം എത്രയാണെന്ന് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന്‍. മാവോയിസ്റ്റ് വേട്ടക്കായി കേരളത്തിനു പണം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരന്റെ പരാമര്‍ശം. കേരളത്തിലെ മാവോയിസ്റ്റ് വേട്ട കേന്ദ്രഫണ്ട തട്ടാനുള്ള വ്യാജഏറ്റുമുട്ടല്‍ കൊലപാതകമാണെന്നു തുടക്കംമുതലേ ആരോപണമുണ്ടായിരുന്നു.
◼️ഭരതനാട്യം നര്‍ത്തകി വി.പി. മന്‍സിയക്ക് വേദി നിഷേധിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍ എംപി. ഇത്തരം സംഭവങ്ങള്‍ ഹിന്ദു മതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിന് ദോഷം ചെയ്യും. ക്ഷേത്രങ്ങള്‍ക്ക് അകത്തുള്ള ചട്ടങ്ങള്‍ മനസിലാക്കാം. എന്നാല്‍ ക്ഷേത്ര പരിസരത്ത് കലകള്‍ അവതരിപ്പിക്കുന്നത് മതത്തിന്റെ പേരില്‍ വിലക്കിയത് മോശമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
◼️ഫോണിലൂടെ സ്ത്രീയെ ശല്യം ചെയ്തതിന് കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കിയ യുഎഇയിലെ ഇന്ത്യന്‍ എംബസി ജീവനക്കാരന്‍ പിടിയില്‍. ബാലരാമപുരം സ്വദേശി പ്രണവിനെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് പിടികൂടിയത്. അയല്‍വാസിയായ സ്ത്രീയെ ഫോണിലൂടെ ശല്യപ്പെടുത്തിയതിനാണ് കേസ്.
◼️ചാവക്കാട് കടപ്പുറം തൊട്ടാപ്പില്‍ കാറിലിടിച്ച് കുതിരക്ക് ഗുരുതര പരിക്ക്. കുതിരപ്പുറത്തുണ്ടായിരുന്ന 13 വയസ്സുകാരനും പരിക്കേറ്റു. പരിക്കേറ്റ മുനക്കക്കടവ് സ്വദേശി  സുഹൈലിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◼️2016 മുതല്‍ 2020 വരെ രാജ്യത്ത് 3,400 വര്‍ഗീയ കലാപ കേസുകള്‍  രജിസ്റ്റര്‍ ചെയ്തെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്.  ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ വിവരം.  2020-ല്‍ 857 വര്‍ഗീയ കലാപ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
◼️മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലകളില്‍ നിന്നുള്ള 300 എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും മുംബൈയില്‍ വീട് നല്‍കാനുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നീക്കത്തിനെതിരെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. പകരം നിയമസഭാംഗങ്ങള്‍ക്കായി പ്രത്യേക ക്വാട്ട അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.
◼️കേരളത്തില്‍ ഇന്നലെ 17,846 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 3,555 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,028 കോവിഡ് രോഗികള്‍. നിലവില്‍ 31,197 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 5.98 കോടി കോവിഡ് രോഗികളുണ്ട്.